Latest News

മഹാരാഷ്ട്ര: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട 3 തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി

മഹാരാഷ്ട്ര: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട 3 തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി
X

മുംബൈ: 2019 ഡിസംബറില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട മൂന്ന് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട തൊഴിലാളികളുടെ ഭാര്യമാര്‍ നടത്തിയ നിയമപോരാട്ടത്തെത്തുടര്‍ന്നാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. പ്രോഹിബിഷന്‍ ഓഫ് എംപ്ലോയ്‌മെന്റ് ഓഫ് മാന്വല്‍ സ്‌കാവഞ്ചിങ് ആക്റ്റ് 2013 അനുസരിച്ചുള്ള നഷ്ടപരിഹാരം മഹാരാഷ്ട്ര സര്‍ക്കാര്‍ നാല് ആഴ്ചയ്ക്കുള്ളില്‍ നല്‍കണം.

ഗോവിന്ദ് സംഗരം ചോറോട്ടിയ, സന്തോഷ് കല്‍സേക്കര്‍, വിശ്വജിത് ദേബ്‌നാഥ് എന്നിവരാണ് 2019ല്‍ ടാങ്ക് വൃത്തിയാക്കുന്നതിനിടയില്‍ മരിച്ചത്. ഒരാളെ തലയിടിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മറ്റ് രണ്ട്‌പേര്‍ വിഷവാതകം ശ്വസിച്ചും മരിച്ചു.

ഭര്‍ത്താക്കന്മാര്‍ മരിച്ചശേഷം ഇവരുടെ ഭാര്യമാരായ വിമല ചോറോട്ടിയ, നിത കല്‍സേക്കര്‍, ബാനി ദേബ്‌നാഥ് എന്നിവരാണ് അസാധാരണ വീര്യത്തോടെ കോടതിയെ സമീപിച്ച് നിയമപരമായി പ്രശ്‌നത്തെ നേരിട്ടത്.

നഷ്ടപരിഹാരത്തിനു പുറമെ കുടുംബത്തെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി കോടതിയെ അറിയിക്കാനും സപ്തംബര്‍ 17ന് പുറപ്പെടുവിച്ച വിധിയില്‍ കോടതി നിര്‍ദേശിച്ചു.

ഇത്തരത്തില്‍ സര്‍ക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുന്ന ആദ്യ വിധിയാണ് ഇതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സാധാരണ ഇത്തരം ജോലികള്‍ സ്വകാര്യ കോണ്‍ട്രക്ടര്‍മാരാണ് നടത്തുന്നത്. അതുകൊണ്ട് നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാര്‍ രക്ഷപ്പെടും. സബ്‌കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുന്നതു തന്നെ നിയമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമാണ്. ആ പതിവിനെയും കോടതി ചോദ്യം ചെയ്തിട്ടുണ്ട്.

സഫാരി കര്‍മചാരി ആന്തോളനും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള കേസിലെ 2014ലെ സുപ്രധാനമായ വിധിയും കേസില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it