Latest News

സമീര്‍ വാങ്കഡെക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്ന് മഹാരാഷ്ട്ര മന്ത്രി

സമീര്‍ വാങ്കഡെക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്ന് മഹാരാഷ്ട്ര മന്ത്രി
X

മുംബൈ: നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവി സമീര്‍ വാങ്കഡെക്കെതിരേ ആക്രമണം കടുപ്പിച്ച് മഹാരാഷ്ട്ര എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്. സമീര്‍ വാങ്കഡെക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും അതേ കുറിച്ച് അന്വേഷണം നടത്തണമെന്നും മാലിക് ആവശ്യപ്പെട്ടു.

''ഒക്ടോബര്‍ 2ന് റെയ്ഡ് നടന്ന ആഢംബരക്കപ്പലില്‍ ഒരു താടിക്കാരന്‍ പങ്കെടുത്തിരുന്നു. ഡല്‍ഹിയിലെ തീഹാര്‍ ജയിലിലെയും രാജസ്ഥാനിലെ മറ്റൊരു ജയിലിലെയും അന്തേവാസിയായിരുന്ന അയാള്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയയുടെ ഭാഗമാണ്. അയാള്‍ അതേ കപ്പലില്‍ ഒരു തോക്കുമായി തന്റെ പെണ്‍സുഹൃത്തുമൊത്ത് പങ്കെടുത്തിരുന്നു. അയാള്‍ക്കെതിരേ എന്തുകൊണ്ടാണ് നടപടിയെടുക്കാതിരുന്നത്? കപ്പലിലെ സിസിടിവി ഫൂട്ടേജില്‍ അതിന്റെ തെളിവുകളുണ്ട്. അത് അന്വേഷിച്ചാല്‍ സത്യം പുറത്തുവരും'' - മാലിക് പറഞ്ഞു.

വാങ്കഡെക്ക് ആ താടിക്കാരനുമായി ബന്ധമുണ്ട്. നര്‍കോട്ടിക്‌സ് ബ്യൂറോയിലെ എല്ലാവര്‍ക്കും അയാളെക്കുറിച്ച് അറിയാം. അയാള്‍ ആ പാര്‍ട്ടിയില്‍ തോക്കുമായി പെണ്‍സുഹൃത്തിനൊപ്പമുണ്ടായിരുന്നു- എല്ലാം പരിശോധനക്ക് വിധേയമാക്കണം.

സര്‍ക്കാരില്‍ നിന്നോ അധികാരികളില്‍ നിന്നോ അനുമതി തേടാതെ ഒരു സ്വകാര്യ ടി വി ചാനലാണ് പാര്‍ട്ടി നടത്തിയതെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിരുന്നുമില്ല. സാക്ഷികളായ പ്രഭാകര്‍ സെയില്‍, കിരന്‍ ഗോസവി എന്നിവരെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സമീര്‍ ദാവൂദ് വാങ്കഡെയുടെ ഡോ. ഷബാന ഖുറൈശിയുമായുള്ള വിവാഹ ഫോട്ടോ മന്ത്രി പുറത്തുവിട്ടു. സമീര്‍ വാങ്കഡെ വ്യാജരേഖ ഉപയോഗിച്ചാണ് ജോലി നേടിയതെന്നും ആരോപിച്ചു.

ബോളിവുഡ് നടന്‍ ഷാരുഖ് ഖാന്റെ മകനും ഏഴ് പേരെയും ഒക്ടോബര്‍ 3ന് ആഢംബരക്കപ്പലിലെ പാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ചാണ് വാങ്കഡെയുടെ നേതൃത്വത്തിലുള്ള നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തത്.

Next Story

RELATED STORIES

Share it