Latest News

വനിതാ കമ്മീഷന്‍ ചെയര്‍മാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

വനിതാ കമ്മീഷന്‍ ചെയര്‍മാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്
X

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍മാന്‍ എം സി ജോസഫൈനെ തല്‍സ്ഥാനത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. വനിതാ കമ്മീഷനെ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് ഹൈക്കോടതിയെ സമീപിച്ചത്.

തന്റെ പ്രതിബദ്ധത ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോടാണെന്ന് വനിതാകമ്മീഷന്‍ ചെയര്‍മാന്‍ തുറന്നുസമ്മതിച്ചുവെന്ന് ലതികാ സുഭാഷ് ഹരജിയില്‍ ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ക്കുവേണ്ടിയാണ് വനിതാകമ്മീഷനെ നിയമിച്ചതെങ്കിലും ആ ജോലിക്ക് ചേര്‍ന്നതല്ലൈന്ന് അവര്‍ തെളിയിച്ചതായും ലതിക ആരോപിക്കുന്നു. കോടതിയും പോലിസ് സ്‌റ്റേഷനും സിപിഎം പാര്‍ട്ടിയാണെന്ന ജോസഫൈന്റെ പ്രസ്താവനയും അവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

'' എന്റെ പാര്‍ട്ടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്‌സിസ്റ്റ് ആണ്. ഞാന്‍ വനിതാ കമ്മീഷന്‍ ചെയര്‍മാനായിരിക്കാം. പക്ഷേ, ഞാന്‍ വളര്‍ന്നുവന്നത് ആ പാര്‍ട്ടിയിലൂടെയാണ്. ഇത്തരം കാര്യങ്ങളില്‍ എന്റെ പാര്‍ട്ടിയായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെപ്പോലെ മറ്റാരും ഉറച്ച നിലപാടെടുക്കുകയില്ല. നിങ്ങള്‍ പറയുന്ന കാര്യം എനിക്കറിയാം. ഇവിടെ എന്താണ് സംഭവിച്ചത്? അവരുടെ കുടുംബം പറയുന്നത് പാര്‍ട്ടി നടപടി മാത്രം മതിയെന്നാണ്. അവര്‍ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പാര്‍ട്ടിയാണ് ഞങ്ങളുടെ കോടതി. പോലിസ് സ്‌റ്റേഷനും അതെ''- സിപിഎം നേതാവ് പി കെ ശശിയുമായി ബന്ധപ്പെട്ട ലൈംഗികാരോപണ കേസിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജോസഫൈന്‍.

Next Story

RELATED STORIES

Share it