Latest News

20 രൂപ പാസിനെ ചൊല്ലി തർക്കം, യുവാവിന്‍റെ മുഖത്ത് കമ്പി വടികൊണ്ട് അടിച്ച് ബൗൺസർ; ഒരു കണ്ണിന്‍റെ കാഴ്ച പോയി

20 രൂപ പാസിനെ ചൊല്ലി തർക്കം, യുവാവിന്‍റെ മുഖത്ത് കമ്പി വടികൊണ്ട് അടിച്ച് ബൗൺസർ; ഒരു കണ്ണിന്‍റെ കാഴ്ച പോയി
X

ജയ്പൂർ: രാജസ്ഥാനിൽ വ്യാപാര മേളയിൽ പങ്കെടുക്കാനെത്തിയ യുവാവിന്‍റെ മുഖത്ത് ഇരുമ്പ് കമ്പികൊണ്ട് അടിച്ച് സെക്യൂരിറ്റി ചുമതയുള്ള ബൗൺസർ. ആക്രമണത്തിൽ യുവാവിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. ശ്രീ ഗംഗാനഗറിലെ വ്യാപാര മേളയിൽ പങ്കെടുക്കാനെത്തിയ ഗുൽഷൻ വാധ്വ എന്ന വ്യാപാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ചയാണ് ദാരുണമായ ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ വ്യാപാരി ആശുപത്രിയിൽ ചികിത്സയിസാണ്.

ശ്രീ ഗംഗാനഗറിൽ നടക്കുന്ന വ്യാപാര മേളയിൽ ഗുൽഷൻ വാധ്വ ഒരു സ്റ്റാൾ ഇട്ടിരുന്നു. ഇവിടേക്ക് കുടുംബ സമേതം എത്തിയതായിരുന്നു വ്യാപാരി. എന്നാൽ പ്രവേശന കവാടത്തിൽ വെച്ച് ബൗൺസർമാർ ഇയാളെ തടഞ്ഞു. എക്സപോയിൽ പങ്കെടുക്കണമെങ്കിൽ ടിക്കറ്റ് എടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. 20 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. എന്നാൽ താൻ സന്ദർശകനല്ലെന്നും വ്യാപാരിയാണെന്നും ടിക്കറ്റ് എടുക്കേണ്ടതില്ലെന്നും ഇയാൾ ബൗൺസർമാരോട് പറഞ്ഞു. എന്നാൽ അവർ അത് വിശ്വക്കാൻ തയ്യാറായില്ലെന്ന് ഗുൽഷന്‍റെ കുടുംബം പറഞ്ഞു.

ടിക്കറ്റെടുക്കേണ്ടെന്നും അകത്തേക്ക് കടത്തിവിടണമെന്നും പറഞ്ഞതോടെ ഇരു കൂട്ടരും തമ്മിൽ തർക്കമുണ്ടാവുകയും പെട്ടന്ന് സെക്യൂരിറ്റി ജീവനക്കാർ കൈവശമുണ്ടായിരുന്ന ഇരുമ്പ് കമ്പികൊണ്ട് മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗുൽഷൻ വാധ്വയെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ കണ്ണിന് പരിക്കുള്ളതിനാൽ യുവാവിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.

നാല് ദിവസമായി യുവാവ് ആശുപത്രിയില്‍ തുടരുകയാണ്. അതേസമയം സംഭവത്തില്‍ കേസെടുത്തതായും ബൗണ്‍സറെ അറസ്റ്റ് ചെയ്തതായും പോലിസ് അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് ഗുല്‍ഷന്‍ വാധ്വയുടെ കുടുംബം ആരോപിച്ചു. ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്നാണ് മകനെ ആക്രമിച്ചതെന്നും അവരെയും അറസ്റ്റ് ചെയ്യണമെന്നും ഗുല്‍ഷന്റെ പിതാവ് ആവശ്യപ്പെട്ടു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it