Latest News

ബിജെപി നേതാവ് കൊവിഡ് ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് ചാണക ചികില്‍സയെ വിമര്‍ശിച്ച മണിപ്പൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി

ബിജെപി നേതാവ് കൊവിഡ് ബാധിച്ച് മരിച്ചതിനെത്തുടര്‍ന്ന് ചാണക ചികില്‍സയെ വിമര്‍ശിച്ച മണിപ്പൂരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമം ചുമത്തി
X

ഇംഫാല്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചതിനുപിന്നാലെ പശുച്ചാണക ചികില്‍സയേയും മൂത്ര ചികില്‍സയെയും പ്രോല്‍സാഹിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമമനുസരിച്ച് കേസെടുത്തു. മാധ്യമപ്രവര്‍ത്തകരായ കിഷോര്‍ചന്ദ്ര വാങ്‌ഖെം, എറെന്‍ഡ്രോ ലിച്ചോമ്പം എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

ഇതേ ഫേസ്ബുക്ക് പോസ്റ്റിനെതിരേ ഇവര്‍ക്കെതിരേ എടുത്ത കേസില്‍ പ്രാദേശിക കോടതി തിങ്കളാഴ്ച ജാമ്യമനുവദിച്ചിരുന്നെങ്കിലും തുടര്‍ന്നാണ് ദേശീയസുരക്ഷാ നിയമം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്ത്.

മണിപ്പൂര്‍ ബിജെപി സംസ്ഥാന മേധാവി സൈഖോം ടിക്കേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്നാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇവരെ മെയ് 13ന് അറസ്റ്റ് ചെയ്തത്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഷാം ദെബാന്‍ സിംഗ് ആണ് പരാതിക്കാരന്‍.

'പശുവിന്‍ ചാണകവും മൂത്രവും ഉപയോഗപ്രദമല്ല. അതിന് ഒരു തെളിവുമില്ല. നാളെ ഞാന്‍ മല്‍സ്യം കഴിക്കും'- ഇതായിരുന്നു കിഷോര്‍ചന്ദ്ര വാങ്‌ഖെമിന്റെ പോസ്റ്റ്. 'ചാണകവും മൂത്രവും ഉപയോഗിച്ച് ചികില്‍സിക്കുന്നതുകൊണ്ട് ഒരു ഫലവുമില്ല. ബിജെപി നേതാവിന്റെ മരണത്തില്‍ അനുശോചിക്കുന്നു'- എറെന്‍ഡ്രോ ലിച്ചോമ്പം ഫേസ് ബുക്കില്‍ എഴുതി.

അറസ്റ്റിനു മുമ്പ് അതിനുള്ള കാരണങ്ങള്‍ സ്വയം ബോധ്യപ്പെടാതെ ഒരാള്‍ക്കെതിരേ നടപടിയെടുക്കരുതെന്ന് കോടതി ഈ കേസില്‍ പോലിസിനെ കുറ്റപ്പെടുത്തിയിരുന്നു. അറസ്റ്റിന്റെ കാരണങ്ങള്‍ പോലിസ് വ്യക്തമാക്കണമെന്നും കോടതി മുന്നറിയിപ്പുനല്‍കി. അതില്‍ പരാജയപ്പെടുകയാണെങ്കില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. അതേ കേസിലാണ് ഇപ്പോള്‍ പോലിസ് എന്‍എസ്എ ചുമത്തിയിരിക്കുന്നത്.

വാങ്‌ഖെമിനെതിരേ പോലിസ് ഇതുപോലെത്തന്നെ മറ്റൊരു ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ 2018ല്‍ എന്‍എസ്എ ചുമത്തിയിരുന്നു. അന്ന് അദ്ദേഹം മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിനെയും പ്രധാനമന്ത്രി മോദിയെയുമാണ് വിമര്‍ശിച്ചത്.

ലിച്ചോമ്പത്തിനെതിരേ കഴിഞ്ഞ ജൂലൈയില്‍ രാജ്യദ്രേഹകുറ്റവും ചുമത്തി. ബിജെപി സര്‍ക്കാരിന്റെ ഏറ്റവും കടുത്ത വിമര്‍ശകരിലൊരാളാണ് ലിച്ചോമ്പം. 2018ലും ഇദ്ദേഹത്തിനെ മറ്റൊരു ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു.

ഇറോം ശര്‍മിളയുമായി ചേര്‍ന്ന് രൂപീകരിച്ച മണിപ്പൂരിലെ പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് ആലിയന്‍സസ് കണ്‍വീനറാണ് ലിച്ചോമ്പം.

Next Story

RELATED STORIES

Share it