Latest News

മാരാമണില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹം കണ്ടെത്തി

മാരാമണില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ എബിന്റെ മൃതദേഹം കണ്ടെത്തി
X

മാരാമണ്‍: മാരാമണില്‍ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നാമന്റെ മൃതദേഹം കണ്ടെത്തി. ചെട്ടികുളങ്ങര തോണ്ടപ്പുറത്ത് രാജുവിന്റെ മകന്‍ എബിന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്. മൂപ്പത് അടി താഴ്ചയില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ മൂന്ന് യുവാക്കള്‍ ശനിയാഴ്ച വൈകുന്നേരമാണ് പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായത്.

മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം മെറി നിവാസില്‍ അനിയന്‍കുഞ്ഞിന്റെ മക്കളായ മെറിന്‍ (18), സഹോദരന്‍ മെഫിന്‍ (15) എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച രാത്രി കണ്ടെത്തിയിരുന്നു. മാരാമണ്‍ കണ്‍വന്‍ഷനില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന മാര്‍ത്തോമ്മ യുവജനസഖ്യം യുവവേദി യോഗത്തില്‍ പങ്കെടുക്കാനായി ചെട്ടികുളങ്ങര മാര്‍ത്തോമ്മ പള്ളിയില്‍നിന്നെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കുകളിലാണ് ഇവര്‍ മാരാമണ്ണിലെത്തിയത്.

യോഗത്തിനുശേഷം എട്ടംഗസംഘം കുളിക്കാനായി കണ്‍വന്‍ഷന്‍ നഗറിനു താഴെ പമ്പാനദിയുടെ പരപ്പുഴ കടവിലേക്ക് നീങ്ങി. നദിയുടെ ആഴമുള്ള ഭാഗത്തേക്കാണ് ഇവര്‍ ഇറങ്ങിയതെന്ന് പറയുന്നു. അഞ്ചുപേരാണ് കുളിക്കാനായി നദിയിലിറങ്ങിയത്. സഹോദരന്‍ മെറിന്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താനായി ശ്രമിക്കുന്നതിനിടെയാണ് മെഫിന്‍ ഒഴുക്കില്‍പ്പെടുന്നത്. ഇവരെ രക്ഷിക്കാനായി ശ്രമിക്കുമ്പോള്‍ എബിനും ഒഴുക്കില്‍പ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it