Latest News

മെഹ്ബൂബ മുഫ്തിയെ വസതിയിലേക്ക് മാറ്റി; വീട്ടുതടങ്കല്‍ തുടരും

മൗലാന ആസാദ് റോഡിലെ ഒരു താത്കാലിക ജയിലില്‍ നിന്ന് മുഫ്തിയെ ഔദ്യോഗിക വസതിയായ 'ഫെയര്‍വ്യൂ ഗുപ്കര്‍ റോഡിലേക്ക്' മാറ്റുന്നതായി ഉത്തരവില്‍ പറയുന്നു.

മെഹ്ബൂബ മുഫ്തിയെ വസതിയിലേക്ക്  മാറ്റി; വീട്ടുതടങ്കല്‍ തുടരും
X

ന്യൂഡല്‍ഹി:പൊതു സുരക്ഷാ നിയമ പ്രകാരം (പിഎസ്എ) തടവില്‍ കഴിയുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ ചൊവ്വാഴ്ച താല്‍ക്കാലിക ജയിലാക്കി പ്രഖ്യാപിച്ച ഔദ്യോഗിക വസതിയിലേക്ക് മാറ്റി. ആഗസ്ത് 5 മുതല്‍ കരുതല്‍ തടങ്കലിലായിരുന്ന മെഹ്ബൂബയ്‌ക്കെതിരേ ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശപ്രകാരം ഫെബ്രുവരി ആറിന് പൊതുസുരക്ഷാ നിയമ പ്രകാരം കേസെടുത്തിരുന്നു.

മൗലാന ആസാദ് റോഡിലെ ഒരു താത്കാലിക ജയിലില്‍ നിന്ന് മുഫ്തിയെ ഔദ്യോഗിക വസതിയായ 'ഫെയര്‍വ്യൂ ഗുപ്കര്‍ റോഡിലേക്ക്' മാറ്റുന്നതായി ഉത്തരവില്‍ പറയുന്നു. പൊതുസുരക്ഷാ നിയമം റദ്ദാക്കിയതിനെത്തുടര്‍ന്ന് മാര്‍ച്ച് 24ന് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ തടങ്കലില്‍ നിന്ന് മോചിപ്പിച്ചിരുന്നു. 31 പേര്‍ക്കെതിരെ ചുമത്തിയ പൊതു സുരക്ഷാ നിയമം ജമ്മു കശ്മീര്‍ ഭരണകൂടം കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. 31 തടവുകാരും കേന്ദ്രഭരണ പ്രദേശത്തെ വിവിധ ജയിലുകളിലാണ്. വരും ദിവസങ്ങളില്‍ ഇവരെ മോചിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. തടവുകാരായ 31 പേരില്‍ 17 പേര്‍ കശ്മീരില്‍ നിന്നും 14 പേര്‍ ജമ്മു ഡിവിഷനില്‍ നിന്നുമാണ്. ബരാമുള്ളയില്‍ നിന്നുള്ള അഞ്ച് തടവുകാര്‍, അനന്ത്‌നാഗ്, ബുഡ്ഗാം എന്നിവിടങ്ങളില്‍ നിന്ന് നാല് വീതം, ബന്ദിപ്പൂരില്‍ നിന്ന് രണ്ട്, കുപ്വാര, പുല്‍വാമ എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തര്‍ വീതവുമാണുള്ളത്. ജമ്മുവില്‍ നിന്നുള്ള 14 തടവുകാരും പൂഞ്ച് ജില്ലയില്‍ നിന്നുള്ളവരാണ്.

തടങ്കലില്‍ നിന്ന് മോചിതനായ ആദ്യത്തെ കശ്മീര്‍ നേതാവാണ് ഉമറിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല. മോചിതനായ ശേഷം അദ്ദേഹം മെഹബൂബയുടെ മാതാവിനെയും മകളെയും കണ്ടിരുന്നു.

Next Story

RELATED STORIES

Share it