Latest News

ഇടുക്കിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരങ്ങള്‍ മോഷണം പോയി

ഇടുക്കിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരങ്ങള്‍ മോഷണം പോയി
X

ഇടുക്കി: നെടുങ്കണ്ടം രാമക്കല്‍മേട്ടില്‍ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ നിലയില്‍. 15 ഓളം ചന്ദനമരങ്ങളാണ് രാമക്കല്‍മേട് സ്വദേശി പല്ലാട്ട് രാഹുല്‍, സഹോദരി രാഹി എന്നിവരുടെ ഒന്നരയേക്കര്‍ ഏലത്തോട്ടത്തില്‍ നിന്നും മോഷണം പോയത്. തോട്ടത്തിലെ പണിക്കായെത്തിയപ്പോഴാണ് ചന്ദനമരങ്ങള്‍ വെട്ടിമാറ്റിയത് ഉടമകളുടെ ശ്രദ്ധയില്‍പ്പെട്ടത്. വലിയ ചന്ദന മരങ്ങള്‍ വെട്ടിമാറ്റിയ നിലയിലും ചെറിയ ചന്ദനമരങ്ങള്‍ മുറിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്.

ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ് വെട്ടിക്കൊണ്ടുപോയത്. വിഷുവിന് ശേഷം ഏലത്തോട്ടത്തില്‍ പണിക്ക് തൊഴിലാളികള്‍ എത്തിയരുന്നില്ല. തുടര്‍ച്ചയായ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമെത്തിയപ്പോഴാണ് ചന്ദനമരങ്ങള്‍ മോഷണം നടന്നത് കാണുന്നത്. സംഭവത്തില്‍ നെടുങ്കണ്ടം പോലിസും, ഫോറസ്റ്റും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ രണ്ടുതവണ ഇവിടെ നിന്ന് ചന്ദനമരങ്ങള്‍ മോഷണം പോയെന്ന് ഉടമകള്‍ പറയുന്നു.

കൃത്യമായ വിവരങ്ങള്‍ അറിയുന്നവര്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് ഉടമകള്‍ സംശയിക്കുന്നു. ചന്ദനമരം വെട്ടി കടത്തുന്നതിനിടെ കൃഷിയിടങ്ങളിലെ ഏലച്ചെടികളും നശിപ്പിക്കപ്പെട്ടു. നെടുങ്കണ്ടം പോലിസ്, കല്ലാര്‍ ഫോറസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയതായി തോട്ടം ഉടമകള്‍ അറിയിച്ചു. മുണ്ടിയെരുമ ടൗണ്‍, വില്ലേജ് ഓഫിസ്, സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന വലുതും ചെറുതുമായ നിരവധി ചന്ദന മരങ്ങളാണ് മോഷണം പോയത്.

Next Story

RELATED STORIES

Share it