Latest News

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം; മമതാ ബാനര്‍ജി പ്രതിപക്ഷയോഗം വിളിക്കുന്നു

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം; മമതാ ബാനര്‍ജി പ്രതിപക്ഷയോഗം വിളിക്കുന്നു
X

കൊല്‍ക്കത്ത: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരേ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെതിരേ മമതാ ബാനര്‍ജി പ്രതിപക്ഷനേതാക്കള്‍ക്ക് കത്തെഴുതി. കേന്ദ്ര ഏജന്‍സികളുടെ ഭീഷണിയെ ചെറുക്കാനുളള മാര്‍ഗങ്ങള്‍ ആരായുന്നതിന് ഒരു സംയുക്തയോഗം വിളിക്കാനും മമത പ്രതിപക്ഷനേതാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഞായറാഴ്ചയാണ് മമത കത്തെഴുതിയത്. തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ പ്രതിപക്ഷ നേതാക്കളെയും എതിരാളികളെയും ബിജെപി ലക്ഷ്യമിടുന്നതായും അവര്‍ കത്തില്‍ ആരോപിച്ചു.

'മുന്നോട്ടുള്ള വഴിയെക്കുറിച്ച് ആലോചിക്കാന്‍ എല്ലാവരുടെയും സൗകര്യം പരിഗണിച്ച് ഒരു സ്ഥലത്ത് ഒത്തുചേരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ രാജ്യത്തെ എല്ലാ പുരോഗമന ശക്തികളും ഒത്തുചേര്‍ന്ന് ഈ അടിച്ചമര്‍ത്തല്‍ ശക്തിക്കെതിരെ പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്'- മമത തന്റെ കത്തില്‍ സൂചിപ്പിക്കുന്നു.

കല്‍ക്കരി കുംഭകോണക്കേസില്‍ ഇന്ന് ഹാജരാവാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മമതയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനര്‍ജിക്ക് സമന്‍സ് അയച്ചിരുന്നു.

ഇഡി, സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ (സിവിസി), ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ രാജ്യത്തുടനീളമുള്ള രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വയ്ക്കാനും ഉപദ്രവിക്കുകയും ചെയ്യുന്നതായി കത്തില്‍ പറയുന്നു.

പ്രതിപക്ഷ നേതാക്കളെ അടിച്ചമര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യാനുള്ള ബിജെപിയുടെ നീക്കത്തെ നാമെല്ലാവരും ചെറുക്കണം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര ഏജന്‍സികള്‍ നടപടി തുടങ്ങുന്നത്- മമത പറയുന്നു.

Next Story

RELATED STORIES

Share it