Latest News

മങ്കിപോക്‌സ്: കേന്ദ്രസംഘം ഇന്ന് കൊല്ലത്ത്; രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കും

മങ്കിപോക്‌സ്: കേന്ദ്രസംഘം ഇന്ന് കൊല്ലത്ത്; രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കും
X

കോഴിക്കോട്: മങ്കിപോക്‌സ് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിരീക്ഷണം ശക്തമാക്കുന്നു. വിമാനത്താവളങ്ങളില്‍ രോഗലക്ഷണങ്ങളുള്ളവരെത്തുന്നുണ്ടോയെന്ന് സ്‌ക്രീന്‍ ചെയ്യും. പ്രത്യേക സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാരില്‍ രോഗലക്ഷണമുള്ളവരെ കണ്ടെത്തിയാല്‍ അവരെ ഐസൊലേറ്റ് ചെയ്യുന്നതിന് സംവിധാനമൊരുക്കും. രോഗം സ്ഥിരീകരിച്ചയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

ചിക്കന്‍പോക്‌സ് സമാന ലക്ഷണങ്ങളുള്ളവര്‍ക്ക് റാന്‍ഡം പരിശോധന ജില്ലകളില്‍ ഉടന്‍ തുടങ്ങും. മങ്കി പോക്‌സ് വ്യാപനമുണ്ടായോ എന്നറിയാനാണ് ആരോഗ്യവകുപ്പിന്റെ നടപടി. ഇന്നലെ തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തിയ കേന്ദ്രസംഘം രോഗിയുടെ സ്വദേശമായ കൊല്ലത്ത് ഇന്ന് സന്ദര്‍ശനം നടത്തും. സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.

പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്രനിര്‍ദേശങ്ങളാണ് പ്രധാനമായും ചര്‍ച്ചയായത്. രോഗം സ്ഥിരീകരിച്ച കൊല്ലം ജില്ലയിലെ സ്ഥിതിയും ഇന്ന് കേന്ദ്രസംഘം വിലയിരുത്തും. നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് കുല്‍ക്കര്‍ണിയും ആരോഗ്യമന്ത്രാലയ ഉപദേഷ്ടാവ് ഡോ. പി രവീന്ദ്രനും അടക്കം നാല് പേരാണ് സംഘത്തിലുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. നിരീക്ഷണത്തിലുള്ള മറ്റാര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

Next Story

RELATED STORIES

Share it