Latest News

മങ്കിപോക്‌സ് വിഷയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനം പ്രസിദ്ധീകരിക്കരുത്; വിചിത്രനിര്‍ദേശവുമായി കൊല്ലം കലക്ടര്‍

മങ്കിപോക്‌സ് വിഷയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനം പ്രസിദ്ധീകരിക്കരുത്; വിചിത്രനിര്‍ദേശവുമായി കൊല്ലം കലക്ടര്‍
X

കൊല്ലം: മങ്കിപോക്‌സ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ താന്‍ നടത്തിയ വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കൊല്ലം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യവകുപ്പിന്റെ വീഴ്ച പുറത്തായതോടെയാണ് പ്രസിദ്ധീകരിക്കരുതെന്ന വിചിത്ര നിര്‍ദേശവുമായി കലക്ടര്‍ രംഗത്തുവന്നത്. പിആര്‍ഡി വഴിയാണ് കൊല്ലം കലക്ടര്‍ നിര്‍ദേശം നല്‍കിയത്. വാനരവസൂരി സ്ഥിരീകരിച്ച രോഗി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതുസംബന്ധമായുള്ള ഔദ്യോഗിക വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമുള്‍പ്പെടെ സംസ്ഥാനതലത്തില്‍ ലഭ്യമാക്കുമെന്നും ഈ സാഹചര്യത്തില്‍ കൊല്ലം ജില്ലാ കലക്ടര്‍ നടത്തിയ വാര്‍ത്താസമ്മേളനം ദൃശ്യമാധ്യമങ്ങള്‍ നല്‍കരുതെന്നുമാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

മങ്കിപോക്‌സ് ബാധിച്ച രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയതിലും രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിലും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് ഉയരുന്ന ആരോപണം. രോഗലക്ഷണങ്ങളോടെ എത്തിയ വ്യക്തി ആദ്യം ചികില്‍സ തേടിയത് സ്വകാര്യാശുപത്രിയിലാണ്. സ്വകാര്യാശുപത്രി രോഗിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് അയച്ചെന്ന ആദ്യ അറിയിപ്പ് തെറ്റാണ്. രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പോയത് സ്വയം ടാക്‌സി വിളിച്ചാണെന്നുള്ള വിവരവും പുറത്തുവന്നു.

സ്വകാര്യാശുപത്രി വിവരം അറിയിച്ചില്ലെന്ന് ഡിഎംഒയും കൃത്യസമയത്ത് അറിയിച്ചെന്ന് സ്വകാര്യാശുപത്രിയും പറയുന്നു. രോഗി കയറിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ഇതുവരെ കണ്ടെത്താനായില്ല. സ്വകാര്യാശുപത്രി വിവരങ്ങളൊന്നും അറിയിച്ചില്ലെന്ന് കൊല്ലം ഡിഎംഒ പറയുന്നു. രോഗിക്ക് അമ്മയുമായി മാത്രം സമ്പര്‍ക്കമെന്ന ആദ്യ അറിയിപ്പും തെറ്റാണ്. കുട്ടികള്‍ അടക്കം ആറ് കുടുംബാംഗങ്ങളുമായി രോഗി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം:

കൊല്ലം ജില്ലയിലെ മാധ്യമപ്രവര്‍ത്തകരുടെ അടിയന്തര ശ്രദ്ധയ്ക്ക്

കുരങ്ങ് പനിയുമായി ബന്ധപ്പെട്ട് ഇന്ന് (15.07.2022) കൊല്ലം ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നടത്തിയ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സ്ഥിതിവിവരം പങ്കുവയ്ക്കുന്നതിന് മാത്രമായാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് രോഗി നിലവില്‍ ചികില്‍സയിലുള്ളത്. ഇതുസംബന്ധമായുള്ള ഔദ്യോഗിക വിവരങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമുള്‍പ്പെടെ സംസ്ഥാനതലത്തില്‍ ലഭ്യമാക്കും. മേല്‍സാഹചര്യത്തില്‍ ജില്ലയില്‍ കലക്ടര്‍ നടത്തിയ വാര്‍ത്താസമ്മേളനം ദൃശ്യമാധ്യമങ്ങള്‍ നല്‍കരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍

Next Story

RELATED STORIES

Share it