Latest News

അട്ടപ്പാടിയില്‍ കൂടുതല്‍ കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കും

അട്ടപ്പാടിയില്‍ കൂടുതല്‍ കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ ആരംഭിക്കും
X

പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് ചികിത്സയ്ക്കായി കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ അഗളി മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. അഗളിയിലെ പെണ്‍കുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റല്‍, ഭൂതിവഴി ഹോസ്റ്റല്‍ എന്നിവ സി.എഫ്.എല്‍.ടി.സി.യായും മുക്കാലി എം. ആര്‍.എസ്. ഡൊമിസിലറി കെയര്‍ സെന്ററായും (ഡി.സി.സി) സജ്ജമാക്കുന്നതിനാണ് യോഗത്തില്‍ തീരുമാനമായത്.

നിലവില്‍ അഗളി സി.എച്ച്.സി. കൊവിഡ് ആശുപത്രിയായും അഗളി കിലയില്‍ ഒരു ഡൊമിസിലറി കെയര്‍ സെന്ററും ഷോളയൂര്‍ പ്രീ-മെട്രിക് ഹോസ്റ്റലില്‍ ഒരു സി. എഫ്. എല്‍. റ്റി. സിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ അടിയന്തിര ആവശ്യത്തിനായി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നാല് വെന്റിലേറ്ററുകളും ഒമ്പത് ഐ.സി.യു ബെഡുകളും സജ്ജമാണ്. കൂടാതെ ഊരുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ശക്തിപ്പെടുത്തി വരും ദിവസങ്ങളി കൂടുതല്‍ പേരിലേയ്ക്ക് വാക്‌സിന്‍ എത്തിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ആവശ്യമായ ഓക്‌സിജന്‍ സജ്ജീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സ സംവിധാനങ്ങള്‍ അട്ടപ്പാടിയില്‍ തന്നെ ഒരുക്കി കൊവിഡ് ചികിത്സ ഉറപ്പു വരുത്തും. ഇതിനു തദ്ദേശസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ ആവശ്യമായ സജ്ജീകരണങ്ങള്‍ ക്രമീകരിക്കാനും നിലവില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി ദ്രുത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.

ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫിസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍, അഗളി എ.എസ്. പി.പദം സിംഗ് , ഐ.ടി.ഡി.പി. പ്രോജക്ട് ഓഫിസര്‍ വി.കെ.സുരേഷ് കുമാര്‍, അട്ടപ്പാടി ട്രൈബല്‍ നോഡല്‍ ഓഫിസര്‍ ഡോ. പ്രഭുദാസ്, ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജൂഡ് ജോസ് തോംസണ്‍, ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it