Latest News

സൗദിയില്‍ പ്രതിസന്ധിയിലായ പതിനായിരത്തിലേറെ പേര്‍ക്ക് എംബസി വഴി ഫൈനല്‍ എക്‌സിറ്റ്

സൗദിയില്‍ പ്രതിസന്ധിയിലായ പതിനായിരത്തിലേറെ പേര്‍ക്ക് എംബസി വഴി ഫൈനല്‍ എക്‌സിറ്റ്
X

റിയാദ്: ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബിലകപ്പെട്ടും നാട്ടില്‍ പോവാന്‍ കഴിയാതെ പ്രതിസന്ധിയിലായ 10,376 പേര്‍ക്ക് പോയ വര്‍ഷം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കാന്‍ സാധിച്ചതായി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. സൗദി അറേബ്യയിലെ പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സൗദി നിയമ പരിധിയില്‍ നിന്ന് സാധ്യമായതെല്ലാം ചെയ്തുവരുന്നുണ്ടെന്നും എംബസിയിടെ വെല്‍ഫയര്‍ വിഭാഗം ഇക്കാര്യത്തില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും അംബാസഡര്‍ വ്യക്തമാക്കി. റിയാദിലെ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു അംബാസഡര്‍.

25 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ ദിനംപ്രതി എംബസിയുടെ ശ്രദ്ധയിലെത്തുന്നുണ്ട്. ഇന്ത്യക്കാര്‍ക്ക് എംബസിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. പരാതികളും പ്രശ്‌നങ്ങളും തീര്‍ക്കാനും പരിഹരിക്കാനും ആവശ്യമായ സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബായും നാട്ടിലേക്ക് പോവാന്‍ കഴിയാതെ പ്രതിസന്ധിയിലായവര്‍ക്ക് ഇപ്പോഴും എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കുന്നുണ്ട്. എംബസിയുടെ മേല്‍നോട്ടത്തിലുള്ള കമ്മ്യൂണിറ്റി സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വിവിധ വിഷയങ്ങളില്‍ ഇടപെടാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കിവരുന്നുമുണ്ട്.

ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ഏറ്റവും ഊഷ്മളമായ ബന്ധമാണുള്ളത്. ജി 20 ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നതിനാല്‍ അടുത്ത മാസങ്ങളില്‍ കൂടുതല്‍ ഉന്നതതല സന്ദര്‍ശനങ്ങളുണ്ടാവും. ഇരുരാജ്യങ്ങളും വ്യാപാര, വാണിജ്യമേഖലയില്‍ സഹകരണമുണ്ട്. ഇന്ത്യയിലെ പെട്രോ കെമിക്കല്‍, അടിസ്ഥാന വികസനം, പുനരുപയോഗ ഊര്‍ജം തുടങ്ങി വിവിധ മേഖലകളില്‍ സൗദി നിക്ഷേപകര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. 36 ബില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് സൗദിയില്‍ നിന്നും ഇന്ത്യയിലെത്തിയതെന്നും അംബാസഡര്‍ പറഞ്ഞു. ഡിസിഎം എന്‍ റാം പ്രസാദ്, പ്രസ് ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി മോയിന്‍ അക്തര്‍ എന്നിവരും അംബാസഡറോടൊപ്പമുണ്ടായിരുന്നു.

Next Story

RELATED STORIES

Share it