Latest News

മുസ്‌ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ ക്ലബ് ഹൗസ് ചർച്ച: മൂന്ന് പേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ

സ്വന്തം പേരിലും മറ്റു പേരുകളിലും ഐഡികള്‍ നിര്‍മിച്ചാണ് പ്രതികള്‍ ചാറ്റ് ഗ്രൂപ്പില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ഈ കേസില്‍ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നും നാലാം പ്രതിയായ റിതേഷ് ഝാ എന്ന ഇയാള്‍ ഒളിവിലാണെന്നും പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.

മുസ്‌ലിം സ്ത്രീകളെ അപകീർത്തിപ്പെടുത്താൻ ക്ലബ് ഹൗസ് ചർച്ച: മൂന്ന് പേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ
X

ന്യൂഡല്‍ഹി: ക്ലബ്ഹൗസ് എന്ന ഓഡിയോ ചാറ്റ് ആപ്പില്‍ മുസ്‌ലിം സ്ത്രീകള്‍ക്കെതിരേ അപകീര്‍ത്തികരവും ലൈംഗികത നിറഞ്ഞതുമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ഹരിയാനയില്‍ നിന്നുള്ള മൂന്ന് പേരെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. 33കാരിയായ ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് മുംബൈ സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. കര്‍ണാല്‍ സ്വദേശി ആകാശ് സുയല്‍ (19), ഫരിദാബാദ് സ്വദേശികളായ ജൈഷ്ണവ് കക്കാര്‍ (21), യഷ് പരാഷര്‍ (22) എന്നിവരെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ, 295എ, 354എ, 354ഡി, ഐടി നിയമത്തിലെ സെക്ഷന്‍ 67 എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.

പ്രതികളില്‍ രണ്ടുപേരെ കോടതിയില്‍ ഹാജരാക്കിയെന്ന് പോലിസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. ആകാശ് സുയലിനെ മൂന്ന് ദിവസത്തേക്ക് പ്രത്യേകാന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടുവെന്നും ഫരിദാബാദ് സ്വദേശികളുടെ റിമാന്‍ഡിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മിലിന്ദ് ഭരംബേ അറിയിച്ചു.

സ്വന്തം പേരിലും മറ്റു പേരുകളിലും ഐഡികള്‍ നിര്‍മിച്ചാണ് പ്രതികള്‍ ചാറ്റ് ഗ്രൂപ്പില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. ഈ കേസില്‍ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്നും നാലാം പ്രതിയായ റിതേഷ് ഝാ എന്ന ഇയാള്‍ ഒളിവിലാണെന്നും പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. ലിബറല്‍ ഡോഗ് എന്ന പേരില്‍ വിവാദമായ യൂട്യൂബ് ചാനലുണ്ടാക്കിയ ആളാണ് റിതേഷ് ഝാ. ധാരാളം ഐഡികള്‍ ഉപയോഗിച്ച് സമാനമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ച വ്യക്തിയാണ് റിതേഷ് ഝാ.

'മുസ്‌ലിം പെണ്ണുങ്ങള്‍ ഹിന്ദു സ്ത്രീകളെക്കാള്‍ സുന്ദരികളാണ്', 'ഉയര്‍ന്ന ജാതിയിലുള്ള ആണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് സാധിക്കില്ല' തുടങ്ങിയ വിഷയങ്ങളിലാണ് പ്രതികള്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ടവരാണ് മോഡറേറ്റര്‍മാരോ സ്പീക്കര്‍മാരോ ആയി ഉണ്ടായിരുന്നത്. മുസ്‌ലിം സ്ത്രീകളെ ലൈംഗികമായി അപമാനിക്കുന്നതും വര്‍ഗീയത നിറഞ്ഞതുമായ പരാമര്‍ശങ്ങളാണ് ഇവരുടെ ചര്‍ച്ചകളില്‍ ഉണ്ടായിരുന്നത്.

ജനുവരി 16ന് ഉച്ചകഴിഞ്ഞ് 3നും വൈകീട്ട് 7.30നും സംഘടിപ്പിച്ച ചര്‍ച്ചയ്‌ക്കെതിരേ ഒരു ഹിന്ദു സ്ത്രീയാണ് പരാതി നല്‍കിയത്. ചര്‍ച്ച റെക്കോഡ് ചെയ്ത വീഡിയോ ക്ലിപ്പ് ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. 1820 പേര്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു. സുള്ളി ഡീല്‍സ്, ബുള്ളി ബായ് ആപ്പുകള്‍ക്ക് സമാനമായി മുസ്‌ലിം സ്ത്രീകളെയും അവരുടെ ശരീരഭാഗങ്ങളെയും പരാമര്‍ശിച്ച് ലേലം വിളി നടന്നതായും പരാതിക്കാരി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it