Latest News

മുരളീധരന്‍ അഷ്ടമിച്ചിറയെ മാള പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു

മുരളീധരന്‍ അഷ്ടമിച്ചിറയെ മാള പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു
X

മാള: പതിനായിരത്തിലേറെ പുസ്തകങ്ങള്‍ സ്വന്തമായി കൈവശമുള്ള ചുണ്ടക്കാട്ട് ഇല്ലത്ത് മുരളീധരന്‍ അഷ്ടമിച്ചിറയെ മാള പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. കോട്ടവാതിലിലെ മുരളീധരന്റെ വീട്ടില്‍ വീട് നിറയെ പുസ്തകങ്ങളാണ്.

എട്ടാമത്തെ വയസ്സു മുതലാണ് പുസ്തകശേഖരണം തുടങ്ങിയത്. ഏത് പുസ്തകത്തെ കുറിച്ച് ചോദിച്ചാലും ഉടന്‍ മറുപടിയും ആ പുസ്തകവും മുരളീധരന്റെ കൈയ്യില്‍ ഉണ്ടാകും.

40 വര്‍ഷക്കാലത്തെ സംഗീത അധ്യാപന ജീവിതത്തിനിടയില്‍ ലഭിച്ച തുകയില്‍ ഭൂരിഭാഗവും ചെലവഴിച്ചത് പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനാണ്. കുട്ടികളുടെ ചെറു കവിതകള്‍ തുടങ്ങി കടുകട്ടി പുസ്തകങ്ങള്‍ വരെ മുരളീധരന്റെ പുസ്തക ശേഖരത്തിലുണ്ട്. എന്നാലും വേദാന്തവും സംസ്‌കാരവുമാണ് ഇഷ്ടവിഷയങ്ങള്‍. സംഗീത അധ്യാപകനുംകൂടി ആയ മുരളീധരന് ഇതിനോടകം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്.

ഭാര്യ മിനി വീട്ടമ്മയും നല്ലൊരു ഗായികയുമാണ്. മകള്‍ ശ്രീജ രാജേന്ദ്രന്‍ സംഗീത അധ്യാപികയാണ്. സംഗീതം പഠിപ്പിക്കുന്നതിനൊപ്പം സംഗീത വാദ്യമായ സിത്താര്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ് ശ്രീജ. കേരളത്തില്‍ നിന്ന് അയല്‍ സംസ്ഥാനത്ത് പോയാണ് സിത്താര്‍ വാദനം ഹൃദിസ്ഥമാക്കിയത്.

മുരളീധരന്റെ രണ്ടാമത്തെ മകന്‍ ഹരികൃഷ്ണനും സംഗീത അധ്യാപകനാണ്. സംഗീതത്തില്‍ ബിരുദം നേടിയ ഹരികൃഷ്ണന്‍ സൗണ്ട് എഞ്ചിനീയര്‍ കൂടിയാണ്. മുരളീധരനും മക്കളും കുട്ടികള്‍ക്ക് സംഗീതത്തിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്നതില്‍ മികവു പുലര്‍ത്തുന്നവരാണ്.

പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഷാഹുല്‍ ഹമീദ് മാഷ് സ്മാരക വായനശാലയിലേക്കുള്ള പുസ്തക ശേഖരത്തിലേക്ക് അദ്ദേഹം 25 പുസ്തകങ്ങള്‍ നല്‍കി. ചടങ്ങ് വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുരളീധരനില്‍ നിന്ന് പുസ്തകങ്ങള്‍ എം എല്‍ എ ഏറ്റുവാങ്ങി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രസ് ക്ലബ്ബ് സ്ഥാപക അംഗവുമായ എ ജി മുരളീധരന് കൈമാറി.

ക്ലബ്ബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ പി രാജീവ്, അംഗങ്ങളായ സി ആര്‍ പുരുഷോത്തമന്‍, പി കെ എം അഷ്‌റഫ്, എ ജി മുരളീധരന്‍, നജീബ് അന്‍സാരി, അജയ് ഇളയത് എന്നിവര്‍ പ്രസംഗിച്ചു. പിതാവ് രചിച്ച കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട ഗാനം മകന്‍ വിനീത് ചടങ്ങില്‍ ആലപിച്ചു.

Next Story

RELATED STORIES

Share it