Latest News

ലക്ഷ്മി ദേവിയുടെ ചിത്രം കറന്‍സിനോട്ടില്‍ വേണമെന്ന് കെജ്‌രിവാള്‍: യോജിക്കാനാവില്ലെന്ന് സംഗീതജ്ഞന്‍ വിശാല്‍ ദദ്‌ലാനി

ലക്ഷ്മി ദേവിയുടെ ചിത്രം കറന്‍സിനോട്ടില്‍ വേണമെന്ന് കെജ്‌രിവാള്‍: യോജിക്കാനാവില്ലെന്ന് സംഗീതജ്ഞന്‍ വിശാല്‍ ദദ്‌ലാനി
X

ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യത്തിനെതിരെ പ്രശസ്ത സംഗീതജ്ഞനും ഗായകനും ആം ആദ്മി പാര്‍ട്ടി അനുഭാവിയുമായ വിശാല്‍ ദദ്‌ലാനി. ട്വിറ്ററിലൂടെയാണ് കെജ് രിവാളിന്റെ നിര്‍ദേശത്തെ തള്ളിക്കളഞ്ഞുകൊണ്ട് ദദ്‌ലാനി രംഗത്തെത്തിയത്.

'നമ്മള്‍ ഒരു സെക്യുലര്‍ സോഷ്യലിസ്റ്റ് റിപബ്ലിക്കാണെന്ന് ഇന്ത്യന്‍ ഭരണഘടന പറയുന്നു. അതിനാല്‍, ഭരണത്തില്‍ മതത്തിന് ഒരു സ്ഥാനവും ഉണ്ടാകരുത്. അത്തരം ആവശ്യങ്ങളുന്നയിക്കുന്നവരുമായി എനിക്കൊരു ബന്ധവുമില്ല. സര്‍ക്കാരില്‍ ഒരു മതത്തിനും ബന്ധമുണ്ടാവരുത്. ജയ് ഹിന്ദ്'-അദ്ദേഹം ട്വീറ്റ് ചെയ്തു.

ട്വീറ്റില്‍ അദ്ദേഹം ആരുടെയും പേരെടുത്തുപറഞ്ഞിട്ടില്ലെങ്കിലും കെജ് രിവാളിനെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.

ഇന്ത്യയുടെ കറന്‍സി നോട്ടില്‍ ലക്ഷ്മിദേവിയുടെയും ഗണേശന്റെയും ചിത്രങ്ങളുണ്ടാകണമെന്നാണ് കെജ് രിവാള്‍ പറഞ്ഞത്.

'ഇന്ത്യന്‍ കറന്‍സിയില്‍ ഗാന്ധിജിയുടെ ഫോട്ടോയുണ്ട്; അതിരിക്കട്ടെ. മറുവശത്ത് ശ്രീ ഗണേഷ് ജിയുടെയും ലക്ഷ്മി ജിയുടെയും ഫോട്ടോ ചേര്‍ക്കണം,'-കെജ് രി വാള്‍ പറഞ്ഞു.

'എല്ലാ നോട്ടുകളും മാറ്റണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ എല്ലാ മാസവും പുറത്തിറക്കുന്ന എല്ലാ പുതിയ നോട്ടുകളിലും അവയുടെ ചിത്രങ്ങള്‍ ഉണ്ടായിരിക്കണം.'- കെജ് രിവാള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it