Latest News

പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ യുപിയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത യുവാവിന് ജാമ്യം

പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ യുപിയില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത യുവാവിന് ജാമ്യം
X

ലഖ്‌നോ: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാവിന് എന്‍ഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. യുപി വാരാണസി സ്വദേശി അബ്ദുല്ല സൗദ് അന്‍സാരിക്കാണ് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ലഖ്‌നോ പ്രത്യേക ജഡ്ജി ജാമ്യം അനുവദിച്ചത്. 27 വയസ്സുകാരനെതിരേ ഐപിസിയുടെയും യുഎപിഎയുടെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ടിന്റെ സജീവ അംഗമെന്നാരോപിച്ച് 2022 സപ്തംബര്‍ 30 മുതല്‍ ഇദ്ദേഹം ജയിലില്‍ കഴിയുകയായിരുന്നു. യുവാവിനെ പ്രോസിക്യൂഷന്‍ തെറ്റായി പ്രതിക്കൂട്ടിലാക്കിയെന്നും മുന്‍കാല ക്രിമിനല്‍ ചരിത്രമില്ലെന്നും അബ്ദുല്ല സൗദ് അന്‍സാരിയുടെ അഭിഭാഷകന്‍ വാദിച്ചു. അദ്ദേഹത്തിന്റെ മൊബൈലിലോ മറ്റ് രേഖകളിലോ സംശയാസ്പദമായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളൊന്നും പോലിസ് ഉദ്യോഗസ്ഥന് കണ്ടെത്താനായില്ല. തുടര്‍ന്നാണ് 50,000 രൂപയുടെ ബോണ്ടും സമാനമായ തുകയുടെ 2 ആള്‍ ജാമ്യത്തിലും കോടതി ജാമ്യം അനുവദിച്ചത്.

അബ്ദുല്ല സൗദ് അന്‍സാരിക്കുവേണ്ടി അഭിഭാഷകരായ നജ്മുസഖിബ് ഖാന്‍, അസീസുല്ല ഖാന്‍, സാജിദ് ഖാന്‍, ഉബൈദുല്ല ഖാന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. പോപുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി നിരവധി റെയ്ഡുകളും അറസ്റ്റുകളും നടത്തിയിരുന്നു. അതിനിടെ, യുഎപിഎ കേസില്‍ പോലിസ് അറസ്റ്റ് ചെയ്ത ബിഹാറിലെ നാല് മുന്‍ പോപുലര്‍ ഫ്രണ്ട് അംഗങ്ങള്‍ക്കെതിരേ ജനുവരി ഏഴിന് എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി ബിഹാറിലെ ഒരു പോലിസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മക്തൂബ് മീഡിയ റിപോര്‍ട്ട് ചെയ്തു. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്.

Next Story

RELATED STORIES

Share it