Latest News

കണ്ണൂരില്‍ എം വി ജയരാജന്‍ തുടരും; ജില്ലാ സെക്രട്ടറിയാകുന്നത് മൂന്നാം തവണ

കണ്ണൂരില്‍ എം വി ജയരാജന്‍ തുടരും; ജില്ലാ സെക്രട്ടറിയാകുന്നത് മൂന്നാം തവണ
X

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ജയരാജന്‍ മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്. പത്തു പേരെ പുതിയതായി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മാധ്യമപ്രവര്‍ത്തകനായിരുന്ന എം വി നികേഷ് കുമാര്‍, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന്‍ എന്നിവരെ പുതിയതായി തിരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

2019 ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം വി ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മല്‍സരിക്കാന്‍ പി ജയരാജന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് എം വി ജയരാജന്‍ ജില്ലാ സെക്രട്ടറിയാവുന്നത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പി ജയരാജന് സെക്രട്ടറി സ്ഥാനം തിരിച്ചു നല്‍കിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും എം വി ജയരാജന്‍ സെക്രട്ടറി സ്ഥാനത്തേക്ക് തുടരണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുക്കം ഇന്ന് സമ്മേളനം അവസാനിക്കും. സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രധാനം പിപി ദിവ്യയും മനു തോമസും പി ജയരാജനുമായിരുന്നു. മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പിപി ദിവ്യയുടെ പ്രസംഗം തന്നെയാണന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

ദിവ്യക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രിയും വിമര്‍ശിച്ചു. മുസ്‌ലിം ന്യൂനപക്ഷ വിഷയങ്ങളിലെ നിലപാടുകള്‍ പ്രീണനമായി ചിത്രീകരിക്കപ്പെട്ടെന്നും സമ്മേളനത്തില്‍ ചര്‍ച്ചയായി. പൗരത്വ ഭേദഗതി, ഫലസ്തീന്‍ വിഷയങ്ങളിലെ നിലപാടുകള്‍ എന്നിവ തെറ്റിദ്ധരിക്കപ്പെട്ടോയെന്ന് പരിശോധിക്കണമെന്നും ചര്‍ച്ചകളുണ്ടായി. പാര്‍ട്ടി നേതാക്കളും പൊതുജനങ്ങളും തമ്മിലുള്ള അകലം വര്‍ധിക്കുകയാണെന്നുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനവും സമ്മേളനത്തിലുയര്‍ന്നു.
Next Story

RELATED STORIES

Share it