Latest News

നാഷനല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

നാഷനല്‍ ഹെറാള്‍ഡ് കേസ്; രാഹുല്‍ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
X

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫിസിലെത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ ഒമ്പത് മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി ഇന്നലെ ഹാജരായത്. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധിച്ചു.

പ്രതിഷേധവുമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേല്‍, അധീര്‍ രഞ്ജന്‍ ചൗധരി, എഐഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരെയും പോലിസ് അറസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ മുതല്‍ ഒത്തുകൂടിയിരുന്നു. രാവിലെ പ്രിയങ്കാ ഗാന്ധിക്കൊപ്പം എഐസിസി ആസ്ഥാനത്ത് എത്തിയ രാഹുല്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് കാല്‍നടയായി ഇഡി ആസ്ഥാനത്തേക്കെത്തിയത്.

അതേസമയം, ഇന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുമെന്നാണ് വിവരം. രണ്ട് റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലില്‍ യങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലില്‍ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കമ്പനിയുടെ ഡയറക്ടറായ രാഹുലിനെ ഇതില്‍ നടന്ന പണമിടപാടുകളെയും നിക്ഷേപങ്ങളെയും കുറിച്ച് ധാരണയില്ലെന്ന മറുപടി ഇഡി മുഖവിലയ്‌ക്കെടുത്തിട്ടില്ല.

കൂടാതെ അഞ്ചുലക്ഷം മാത്രം മൂലധന നിക്ഷേപമുള്ള കമ്പനി എങ്ങനെ അസോസിയേറ്റ് ജേര്‍ണലിനെ 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു എന്നതും ഈ ഇടപാടിലെ പൊരുത്തക്കേടായി ഇഡി കാണുന്നുണ്ട്. രാഹുലിന്റെ ബാങ്ക് അക്കൗണ്ടുകളിലെ പണമിടപാട് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും വ്യക്തത വരുത്താനുണ്ടെന്ന് ഇഡി പറയുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍.

Next Story

RELATED STORIES

Share it