Latest News

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി നവീന്‍ ബാബുവിന്റെ കുടുംബം

നിലവിലെ പോലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം ഹരജിയില്‍ പറയുന്നത്

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി നവീന്‍ ബാബുവിന്റെ കുടുംബം
X

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കി നവീന്‍ ബാബുവിന്റെ കുടുംബം. നിലവിലെ പോലിസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം ഹരജിയില്‍ പറയുന്നത്. സിപിഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും, തങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സിബിഐ കേസ് അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

'കേസില്‍ മൊഴി രേഖപ്പെടുത്താനടക്കം വൈകി. പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വാസമില്ല. കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല' കുടുബം പറയുന്നു.

അതിനിടെ, എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ സംരക്ഷിക്കണമെന്ന് കണ്ണൂര്‍ ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തന്റെയും ഫോണ്‍ കോള്‍ വിവരങ്ങളും ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളും സംരക്ഷിക്കണമെന്നാണ് ആവശ്യം. ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോള്‍ റെക്കോര്‍ഡിങും സംരക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകള്‍ സംരക്ഷിക്കണമെന്നുമാണ് കുടുംബത്തിന്റെ അഭിഭാഷകന്‍ തലശേരി കോടതിയില്‍ വ്യക്തമാക്കി.

പോലിസിന്റെ തെളിവെടുപ്പില്‍ തൃപ്തിയില്ലെന്ന് നേരത്തെ നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക സജിത വ്യക്തമാക്കിയിരുന്നു. ജില്ലാ കലക്ടറും പ്രതിയും ഉപയോഗിച്ചു വന്നതായ ഒന്നിലധികം ഫോണ്‍നമ്പറുകള്‍ പരാതിയില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പോലിസിന്റെ റിപോര്‍ട്ടില്‍ അതേക്കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ല. കൂടാതെ പ്രശാന്തിന്റെ കോള്‍ റെക്കോര്‍ഡ്സും സിഡിആറും എടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല.ദിവസങ്ങള്‍ കഴിയുന്നതോടെ ഈ തെളിവുകളെല്ലാം നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കുടുംബത്തിന്റെ അഭിഭാഷക സജിത പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാര്‍ നവീന്‍ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും, കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും പറഞ്ഞിരുന്നു. എന്നാല്‍ യാതൊരു നടപടിയും അന്വേഷണം സംബന്ധിച്ച് ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.

നീതി ലഭിക്കണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നാണ് കുടുംബത്തിന്റെ പ്രതികരണം. സിപിഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. പ്രതിക്ക് ഭരണതലത്തില്‍ വലിയ സ്വാധീനമുണ്ടെന്നും നവീന്‍ ബാബുവിന്റെ ഭാര്യ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ഹരജിയില്‍ അടുത്തമാസം മൂന്നിന് വിധി പറയും.

Next Story

RELATED STORIES

Share it