Latest News

അഞ്ചിടത്ത് 'സൗഹൃദമല്‍സരം'; ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എന്‍സിയും കോണ്‍ഗ്രസും

അഞ്ചിടത്ത് സൗഹൃദമല്‍സരം; ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എന്‍സിയും കോണ്‍ഗ്രസും
X

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ഒന്നാംഘട്ട സ്ഥാനാര്‍ഥികളെ നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും പ്രഖ്യാപിച്ചു. തിങ്കളാഴ്ച സീറ്റുകള്‍ സംബന്ധിച്ച ധാരണയായതിനു പിന്നാലെയാണ് പ്രഖ്യാപനം. ഇതനുസരിച്ച് ഇരു പാര്‍ട്ടികളും 83 സീറ്റുകളില്‍ സംയുക്തമായി മല്‍സരിക്കും. അഞ്ചിടത്ത് 'സൗഹൃദ' മല്‍സരം. ഇവിടെ ഇരു പാര്‍ട്ടികളും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തും. പാംപോറില്‍ വിരമിച്ച ജസ്റ്റിസ് ഹസ്‌നൈന്‍ മസൂദിയും ഡിഎച്ച് പോരയില്‍ മുന്‍ മന്ത്രി സക്കീന ഇട്ടൂവും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എന്‍സി പട്ടികയിലുണ്ട്. അതേസമയം, മുതിര്‍ന്ന നേതാവ് ഗുലാം അഹമ്മദ് മിറിനെ ദൂരുവിലേക്കും വികാര്‍ റസൂല്‍ വാനിയെ ബനിഹാലിലേക്കും കോണ്‍ഗ്രസ് നാമനിര്‍ദേശം ചെയ്തു. മുഹമ്മദ് ഖലീല്‍ ബന്ദിനെ പുല്‍വാമയിലേക്കാണ് എന്‍സി നാമനിര്‍ദ്ദേശം ചെയ്തത്. ഗുലാം മുഹ് യുദ്ദീന്‍ മിര്‍ രാജ്‌പോരയെ പ്രതിനിധീകരിക്കും. ഷൗക്കത്ത് ഹുസയ്ന്‍ ഗാനി സൈന്‍പോറയിലാണ് ജനവിധി തേടുക. ഷോപിയാനില്‍ എന്‍സി സ്ഥാനാര്‍ഥിയായി ഷെയ്ഖ് മുഹമ്മദ് റാഫി മല്‍സരിക്കും.

പീര്‍സാദ ഫിറോസ് അഹമ്മദ് ദേവ്‌സറില്‍ നിന്ന് മല്‍സരിക്കുമ്പോള്‍, ചൗധരി സഫര്‍ അഹമ്മദ് ലാര്‍നുവിനെ പ്രതിനിധീകരിക്കും. അബ്ദുള്‍ മജീദ് ലാര്‍മി അനന്ത്‌നാഗ് വെസ്റ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഡോ. ബഷീര്‍ അഹമ്മദ് വീരി ശ്രീഗുഫറ ബിജ്‌ബെഹറയില്‍ നിന്നു മല്‍സരിക്കും. റിയാസ് അഹമ്മദ് ഖാന്‍ അനന്ത്‌നാഗ് ഈസ്റ്റില്‍ നിന്നാണ് മല്‍സരിക്കുക.

അല്‍ത്താഫ് അഹമ്മദ് കലുവിനെ പഹല്‍ഗാമിലേക്കാണ് നിര്‍ദേശിച്ചിട്ടുള്ളത്. മെഹബൂബ് ഇഖ്ബാല്‍ ഭാദേര്‍വയില്‍ നില്‍ക്കും. ഖാലിദ് നജീബ് സൊഹാര്‍വാര്‍ഡിയെ ദോഡയിലേക്ക് നാമനിര്‍ദേശം ചെയ്തു, അര്‍ജുന്‍ സിങ് രാജു റമ്പാനെ പ്രതിനിധീകരിക്കും. സജാദ് ഷഹീന്‍ ബനിഹാലില്‍ നിന്നും സജാദ് കിച്‌ലൂ കിഷ്ത്വറില്‍ നിന്നും പൂജാ തോക്കൂര്‍ പദെര്‍നാഗ്‌സാനിയില്‍ നിന്നും മല്‍സരിക്കും. അതേസമയം, കോണ്‍ഗ്രസ് പട്ടികയില്‍ സുരീന്ദര്‍ സിങ് ചന്നി ത്രാലില്‍ നിന്നാണ് മല്‍സരിക്കുക. ദേവ്‌സാറിലേക്ക് അമാനുല്ല മണ്ടൂ നാമനിര്‍ദേശം ചെയ്യപ്പെട്ടു. ദൂരുവിനെ പ്രതിനിധീകരിക്കാന്‍ ഗുലാം അഹമ്മദ് മിറും അനന്ത്‌നാഗില്‍ പീര്‍സാദ മുഹമ്മദ് സയീദും മല്‍സരിക്കും. ഇന്‍ഡര്‍വാളില്‍ ഷെയ്ഖ് സഫറുല്ല കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാവും. നദീം ഷെരീഫ് ഭാദേര്‍വയിലേക്കും ഷെയ്ഖ് റിയാസ് ദോഡയിലും ജനവിധി തേടും. ഡോ. പ്രദീപ് സിംഗ് ബഗട്ടിനെ ഡോഡ വെസ്റ്റിലേക്ക് നാമനിര്‍ദേശം ചെയ്തു. വികാര്‍ റസൂല്‍ വാനി ബനിഹാലില്‍ നിന്ന് മത്സരിക്കും. സൗഹൃദമല്‍സരം നടക്കുന്ന ദേവ്‌സാറില്‍ എന്‍സിയുടെ പീര്‍സാദ ഫിറോസ് അഹമ്മദ് ഐഎന്‍സിയുടെ അമാനുല്ല മണ്ടൂവുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടു. എന്‍സിയുടെ മെഹബൂബ് ഇഖ്ബാല്‍ ഐഎന്‍സിയുടെ നദീം ഷെരീഫുമാണ് ഭാദേര്‍വയിലും പോരിനിറങ്ങുന്നത്. ബനിഹാലില്‍ എന്‍സിയുടെ സജാദ് ഷഹീന്‍ ഐഎന്‍സിയുടെ വികാര്‍ റസൂല്‍ വാനിയെയും ദോഡയില്‍ എന്‍സിയുടെ ഖാലിദ് നജീബ് സൊഹാര്‍വാര്‍ഡി ഐഎന്‍സിയുടെ ഷെയ്ഖ് റിയാസിനെയും നേരിടും.

എന്‍സി പ്രസിഡന്റ് ഡോ. ഫാറൂഖ് അബ്ദുല്ലയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലും പൊതു രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ, പ്രത്യേകിച്ച് ബിജെപിക്കെതിരേ ഐക്യമുന്നണി അവതരിപ്പിക്കാനുള്ള സഖ്യത്തിന്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞു. സൗഹൃദ മല്‍സരങ്ങള്‍ക്കിടയിലും ഇന്‍ഡ്യ സ്യത്തിന്റെ ബാനറിന് കീഴില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാവുമെന്ന് നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Next Story

RELATED STORIES

Share it