Latest News

ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്ന അടുത്ത നീക്കം; യുപി തിരഞ്ഞെടുപ്പില്‍ ശരദ് പവാര്‍ അഖിലേഷ് യാദവിനൊപ്പം

കഴിഞ്ഞ ദിവസം ബിജെപി കാബിനറ്റ് മന്ത്രിയടക്കം സ്ഥാനം രാജിവെച്ച് അഖിലേഷിനൊപ്പം ചേര്‍ന്നതിനു പിന്നാലെയാണ് എന്‍സിപി-എസ്പി സഖ്യം പ്രഖ്യാപിച്ചത്.

ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്ന അടുത്ത നീക്കം; യുപി തിരഞ്ഞെടുപ്പില്‍ ശരദ് പവാര്‍ അഖിലേഷ് യാദവിനൊപ്പം
X

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി- എന്‍സിപി സഖ്യം. കഴിഞ്ഞ ദിവസം ബിജെപി കാബിനറ്റ് മന്ത്രിയടക്കം സ്ഥാനം രാജിവെച്ച് അഖിലേഷിനൊപ്പം ചേര്‍ന്നതിനു പിന്നാലെയാണ് എന്‍സിപി-എസ്പി സഖ്യം രൂപീകൃതമാവുന്നത്. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയായേക്കും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനൊപ്പം നിന്ന എന്‍സിപി ഇത്തവണ ചെറുപാര്‍ട്ടികളെ ഒത്തിണക്കി സമാജ്‌വാദി പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന മഴവില്‍ മുന്നണിയെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം രൂപീകരിച്ച് ബിജെപിയില്‍ നിന്ന് ഭരണം തട്ടിയെടുത്ത ശരദ് പവാറെന്ന രാഷ്ട്രീയ ചാണക്യന്‍ കൂടി അഖിലേഷിനൊപ്പം ചേരുന്നത് ഭരണകക്ഷിയായ ബിജെപിക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് പ്രധാന എതിരാളികളായി എസ്പി ഉയര്‍ന്നുവരുന്നു എന്ന അനുമാനത്തിലാണ് ശരദ് പവാറിന്റെ ഈ നീക്കം. മുമ്പ് പല സംസ്ഥാനങ്ങളിലും ചെയ്തതു പോലെ ലഖ്‌നൗവില്‍ വച്ച് വാര്‍ത്താ സമ്മേളനം നടത്തിയാണ് പവാര്‍ അഖിലേഷുമായി കൈകൊടുക്കുന്ന തീരുമാനം പ്രഖ്യാപിച്ചത്. 'യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിക്കും മറ്റു ചെറുപാര്‍ട്ടികള്‍ക്കുമൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. ഇവിടുത്തെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റം തീര്‍ച്ചയായും ഉണ്ടാവുമെന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു'- ശരദ് പവാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഇതിന് ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്നും മുതിര്‍ന്ന എന്‍സിപി നേതാവ് വ്യക്തമാക്കി.

ഉത്തര്‍പ്രദേശിനു പിന്നാലെ ഗോവയിലും മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് എന്‍സിപി. ഗോവയില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുമായുള്ള സഖ്യത്തിന് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പവാര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ സാഹചര്യങ്ങള്‍ എസ്പിക്കും അഖിലേഷിനും അനുകൂലമാണ്. ബിജെപി വ്യവസായ മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ രാജി ഇതിന്റെ തുടക്കമാണ്. മാത്രമല്ല, പതിമൂന്നോളം ബിജെപി എംഎല്‍എമാരെങ്കിലും പാര്‍ട്ടിമാറിയേക്കുമെന്നും പവാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബിജെപി കാബിനറ്റ് പദവിയുള്ള മന്ത്രിയും ഒബിസി നേതാവുമായ സ്വാമി പ്രസാദ് മൗര്യയും മൂന്ന് എംഎല്‍എമാരും എസ്പിയില്‍ ചേര്‍ന്നത്. ദലിത്-ന്യൂനപക്ഷ വോട്ടുകള്‍ പിടിച്ചെടുക്കാന്‍ ബിജെപി വലിയ ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഈ വിഭാഗത്തില്‍ സ്വാധീനമുള്ള ഒരു നേതാവ് പാര്‍ട്ടി വിടുന്നത് ബിജെപിക്ക് വലിയ ക്ഷീണമായിട്ടുണ്ട്. മൗര്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇനിയും കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ നിന്നും രാജിവെക്കാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.

Next Story

RELATED STORIES

Share it