Latest News

ജയലളിതയുടെ ചികില്‍സയില്‍ ഇടപെട്ടിട്ടില്ല, ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍; ആരോപണങ്ങള്‍ തള്ളി വി കെ ശശികല

ജയലളിതയുടെ ചികില്‍സയില്‍ ഇടപെട്ടിട്ടില്ല, ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍; ആരോപണങ്ങള്‍ തള്ളി വി കെ ശശികല
X

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയലളിതയുടെ മരണത്തില്‍ ദുരൂഹതുണ്ടെന്ന ജസ്റ്റിസ് അറുമുഖസ്വാമി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് തള്ളി ഉറ്റതോഴി വി കെ ശശികല രംഗത്ത്. ജയലളിതയുടെ ചികില്‍സയില്‍ താന്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അവര്‍ വ്യക്തമാക്കി. ജയലളിതയെ വിദേശ ചികില്‍സയ്ക്ക് കൊണ്ടുപോവുന്നത് താനൊരിക്കലും തടഞ്ഞിട്ടില്ല. മെഡിക്കല്‍ സംഘത്തിന്റെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ചികില്‍സ നല്‍കിയത്.

കള്ളങ്ങള്‍ ആരോപിക്കപ്പെടുന്നതില്‍ തനിക്ക് പ്രശ്‌നമില്ല. ഇത് തനിക്ക് പുതിയ കാര്യമല്ല. പക്ഷേ, തന്റെ സഹോദരിയുടെ പ്രതിച്ഛായ കളങ്കപ്പെടുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്. താന്‍ ജയിലില്‍ പോയതിനു ശേഷം ഇവിടെയുള്ളവര്‍ അമ്മയുടെ ജീവിതം കൊണ്ടാടുന്നതിന് പകരം അവരുടെ മരണം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചു. ജയലളിതയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഡിഎംകെയുടെ തന്ത്രങ്ങള്‍ക്ക് അവര്‍ ഇരയായി- ശശികല പറഞ്ഞു. തന്നെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.

പക്ഷേ, അമ്മയുടെ മരണം അതിനായി ഉപയോഗിക്കുന്നത് ക്രൂരമാണ്. അമ്മയുടെ മരണം രാഷ്ട്രീയവല്‍ക്കരിച്ചതിന് പിന്നാലെ അറുമുഖസ്വാമി കമ്മീഷന്‍ റിപോര്‍ട്ടും ഇപ്പോള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. ജയലളിത സുഖം പ്രാപിച്ചിരുന്നു. ആശുപത്രിയില്‍നിന്നും മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവര്‍ നമ്മളെ വിട്ടുപോയി. ഏകദേശം 30 വര്‍ഷമായി അമ്മയോടൊപ്പം താമസിച്ചു, അവരെ ഒരു അമ്മയെപ്പോലെ സംരക്ഷിച്ചു. അവരുടെ ചികില്‍സയില്‍ താന്‍ ഇടപെട്ടിട്ടില്ല.

ഏറ്റവും മികച്ച ചികില്‍സ ലഭിക്കണമെന്നതായിരുന്നു ആഗ്രഹമെന്നും ശശികല കൂട്ടിച്ചേര്‍ത്തു. ശശികല, കുടുംബ ഡോക്ടര്‍ ശിവകുമാര്‍, അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി രാധാകൃഷ്ണന്‍, ആരോഗ്യമന്ത്രി സി വിജയ് ഭാസ്‌ക്കര്‍ എന്നിവരെ പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്നായിരുന്നു കമ്മീഷന്റെ ശുപാര്‍ശ. ജയലളിതയ്ക്ക് വിദഗ്ധ ചികില്‍സ നിഷേധിച്ചെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. കൃത്യമായ ചികില്‍സ ലഭിച്ചിരുന്നെങ്കില്‍ ജയലളിതയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. മരണപ്പെട്ട് ഒന്നര ദിവസത്തിനുശേഷമാണ് വിവരം പുറത്തുവിട്ടത്. ചികില്‍സാ വിവരങ്ങള്‍ മറച്ചുവച്ചതില്‍ അപ്പോളോ ആശുപത്രി ചെയര്‍മാന്‍ ഡോ.പ്രതാപ് സി റെഡ്ഢിക്കും പങ്കുണ്ടെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it