Latest News

കുട്ടികളിലെ കൊവിഡ് : പ്രതിരോധവും നിയന്ത്രണവും; കൊവിഡ് - 19 ടാസ്ക് ഫോഴ്‌സ് അംഗം ഡോ. നരേന്ദ്ര കുമാർ അറോറ സംസാരിക്കുന്നു

കുട്ടികളിലെ കൊവിഡ് :    പ്രതിരോധവും നിയന്ത്രണവും; കൊവിഡ് - 19 ടാസ്ക് ഫോഴ്‌സ് അംഗം ഡോ. നരേന്ദ്ര കുമാർ അറോറ സംസാരിക്കുന്നു
X

കോഴിക്കോട്: കൊറോണയുടെ രണ്ടാം തരംഗത്തിൽ രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള ആയിരക്കണക്കിന് കുട്ടികൾക്ക് കൊറോണ ബാധിച്ചത് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഭൂരിഭാഗം കുട്ടികളിലും രോഗം ഗുരുതരമായിരുന്നില്ലെങ്കിലും കുട്ടികൾക്ക് രോഗം വരാതെ സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

കോവിഡ് ബാധിച്ച കുട്ടികൾക്ക് നൽകേണ്ട ചികിൽസയേയും പരിചരണത്തെയും പ്രതിരോധ മാർഗങ്ങളെയും കുറിച്ച് ശിശുരോഗ വിദഗ്ദനും നാഷണൽ കോവിഡ് - 19 ടാസ്ക് ഫോഴ്സിലെ മുതിർന്ന അംഗവുമായ ഡോ. നരേന്ദ്ര കുമാർ അറോറ സംസാരിക്കുന്നു.

അടുത്തകാലത്ത്, കോവിഡ് - 19 ബാധിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി നിരവധി സംസ്ഥാനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊവിഡിന്റെ രണ്ടാം തരംഗത്തിൽ കുട്ടികളെ കൂടുതലായി രോഗം ബാധിക്കുന്നുവെന്ന് കരുതുന്നുണ്ടോ?

മുതിർന്നവരെ പോലെ തന്നെ കുട്ടികൾക്കും കോവിഡ് വരാനുള്ള സാധ്യതയുണ്ട്. ദേശീയ തലത്തിൽ ഒടുവിൽ നടത്തിയ സിറോ സർവേ അനുസരിച്ച്, സർവ്വേയിൽ ഉൾപ്പെട്ട കുട്ടികളിൽ ഇരുപത്തിയഞ്ച് ശതമാനവും കൊവിഡ് ബാധിതരാണ്. പത്ത് വയസ്സിൽ താഴെ പ്രായപരിധിയിലുള്ള കുട്ടികളിൽപ്പോലും മറ്റ് പ്രായത്തിലുള്ളവരെപ്പോലെ തന്നെ രോഗബാധ കാണുന്നു. ദേശീയ തലത്തിലുള്ള കണക്കനുസരിച്ച്, ഒന്നാം തരംഗത്തിൽ 3 മുതൽ 4 ശതമാനം വരെയുള്ള കുട്ടികൾക്ക് ലക്ഷണങ്ങളോടെ രോഗം ബാധിച്ചിരുന്നു. രണ്ടാം തരംഗത്തിലും ഇതേ ശതമാനം തന്നെയാണ് കുട്ടികളിലുള്ള രോഗബാധ. എന്നാൽ, ഇത്തവണ രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ രോഗം ബാധിച്ച കുട്ടികളുടെ എണ്ണവും കൂടുന്നു.

രണ്ടാം തരംഗത്തിൽ കുട്ടികളിൽ രോഗം തീവ്രമാകുന്നുണ്ടോ?

ഭൂരിപക്ഷം കുട്ടികളും രോഗലക്ഷണങ്ങൾ ഇല്ലാത്തവരോ ഗുരുതരമല്ലാത്ത വിധം (മൈൽഡ്്) അസുഖം ബാധിച്ചവരോ ആണ്. വീട്ടിലുള്ള ഒന്നിലധികംപേർ കോവിഡ് ബാധിതരാണെങ്കിൽ കുട്ടികൾക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. ഭാഗ്യവശാൽ, ഇത്തരത്തിലുള്ള മിക്ക സാഹചര്യങ്ങളിലും കുട്ടികളിൽ, പ്രത്യേകിച്ച് പത്ത് വയസ്സിൽ താഴെയുള്ളവരിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നില്ല. അസുഖം ബാധിച്ചവരിലാകട്ടെ ഗുരുതരമല്ലാത്ത വിഭാഗത്തിലുള്ളതും സാധാരണ ലക്ഷണങ്ങളായ ജലദോഷം, വയറിളക്കം എന്നിവയോടെയുള്ളതുമായ രോഗബാധയാണ് പൊതുവേ കാണുന്നത്.

എന്നാൽ, ജന്മനാ ഉള്ള ഹൃദയ രോഗങ്ങൾ, പ്രമേഹം, ആസ്ത്മ, കാൻസർ, ഏതെങ്കിലും തരത്തിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികൾ തുടങ്ങിയവരിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. കോവിഡ് -19 ബാധിച്ച കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ തികഞ്ഞ ശ്രദ്ധ പുലർത്തണം. രോഗ ബാധയുടെ രണ്ടാമത്തെ ആഴ്ചയിലോ അതിനു ശേഷമോ ആണ് കുട്ടികളിൽ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി കണ്ടുവരുന്നത്.

രണ്ടാം തരംഗത്തിൽ കുട്ടികളെ കൂടുതലായി കോവിഡ് ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഒന്നുമില്ല. കൂടുതൽ പേർക്ക് രോഗം ബാധിക്കുന്നതിനാൽ രോഗം പിടിപെടുന്ന കുട്ടികളുടെ എണ്ണവും കൂടുന്നു എന്നേയുള്ളു.

മുതിർന്നവരുടെ കോവിഡ് ചികിത്സയിൽ നിന്ന് കുട്ടികളുടെ ചികിത്സ എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്?

രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത കുട്ടികൾക്ക് ഞങ്ങൾ ഒരു മരുന്നും റെക്കമന്റ് ചെയ്യുന്നില്ല. ഗുരുതരമല്ലാത്ത (മൈൽഡ്്) രോഗബാധയുള്ളവർക്ക് പനിയും അനുബന്ധ ലക്ഷണങ്ങളും കുറയ്ക്കുന്നതിനായി പാരസെറ്റമോൾ നൽകുന്നു. വയറിളക്കം ഉണ്ടെങ്കിൽ നിർജലീകരണം തടയുന്നതിനായി ഒആർഎസും ധാരാളമായി പാനീയങ്ങൾ കുടിക്കാനും നിർദേശിക്കുന്നു. ഇതിനേക്കാൾ തീവ്രവും (മോഡറേറ്റ്) ഗുരുതരവും (സിവിയർ) ആയ അവസ്ഥകളിൽ ചികിത്സ മുതിർന്നവരുടേത് പോലെ തന്നെ ആയിരിക്കും

കുട്ടികളിൽ ശ്വാസ തടസം, വർധിച്ച ശ്വസനനിരക്ക്, ഭക്ഷണം കഴിക്കുന്നതിനെപ്പോലും തടസപ്പെടുന്ന തരത്തിലുള്ള ശക്തമായ ചുമ, ഓക്സിജന്റെ അളവ് കുറയൽ (ഹൈപ്പോക്സിയ), നിയന്ത്രണാതീതമായ പനി, സാധാരണമല്ലാത്ത ലക്ഷണങ്ങളായ തൊലിയിലെ തടിപ്പ്, അമിതമായ ഉറക്കം/ഉറക്കം തൂങ്ങൽ എന്നിവയുണ്ടെങ്കിൽ ഉടൻ ഡോക്ടറെ കാണുക.

കുട്ടികളിലെ കോവിഡാനന്തര ബുദ്ധിമുട്ടുകളെക്കുറിച്ച് വിശദീകരിക്കാമോ?

കോവിഡ് 19 നീണ്ടുനിൽക്കുന്ന അവസ്ഥ ചില കുട്ടികളിൽ കണ്ടിട്ടുണ്ട്. കോവിഡാനന്തര ബുദ്ധിമുട്ടുകളും കുട്ടികൾക്കുണ്ടാകാം. ഇതുവരെ ബാധിച്ചിട്ടേയില്ലാത്ത പ്രമേഹം, ഹൈപ്പർ ടെൻഷൻ എന്നിവപോലുള്ള രോഗങ്ങളും കോവിഡ് ഭേദപ്പെട്ട് മൂന്നു മുതൽ ആറ് മാസത്തിനു ശേഷം പോലും പിടിപെടാം. ഗുരുതരമായ കൊറോണയിൽ നിന്ന് മുക്തരായ കുട്ടികളുടെ രക്ഷിതാക്കൾ തുടർച്ചയായി ഡോക്ടറുമായി ബന്ധം പുലർത്തി കുട്ടിയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കണം.

കുട്ടിക്ക് കോവിഡ് - 19 ബാധിക്കുകയും രക്ഷിതാക്കൾക്ക് അസുഖം ഇല്ലാതിരിക്കുകയും ചെയ്താൽ കുഞ്ഞിനെ എങ്ങനെയാണു പരിചരിക്കുക? കുട്ടിയെ പരിചരിക്കുന്നയാൾ രോഗം വരാതിരിക്കാൻ എന്തെല്ലാം മുൻകരുതൽ എടുക്കണം?

കുടുംബത്തിന് പുറത്തുള്ള ആരിൽ നിന്നെങ്കിലും കുട്ടിക്ക് അസുഖം പകരുകയാണെങ്കിൽ ഇങ്ങനെ സംഭവിക്കാം. ആദ്യമായി കുടുംബത്തിലെ എല്ലാവരും കോവിഡ് പരിശോധന നടത്തുക. കുട്ടിയെ പരിചരിക്കുന്നയാൾ സാധ്യമായ എല്ലാ പ്രതിരോധമാർഗങ്ങളും സ്വീകരിക്കണം. ഇരട്ട മാസ്ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ കുട്ടിയെ ശുശ്രൂഷിക്കുമ്പോൾ ധരിക്കുക. ഡോക്ടറുടെ മാർഗനിർദേശവും മേൽനോട്ടവും അനുസരിച്ചാവണം പരിചരണം. കുട്ടിയും പരിചരിക്കുന്നയാളും കുടുംബത്തിലെ മറ്റുള്ളവരിൽ നിന്നും സ്വയം എെസൊലേറ്റ് ചെയ്യുക.

നവജാത ശിശുക്കളുടെ അമ്മമാർക്ക് രോഗബാധയുണ്ടായാൽ കുട്ടിക്ക് എങ്ങനെ രോഗം വരാതെ നോക്കാം?

ഇൗ സാഹചര്യത്തിൽ കോവിഡ് പോസിറ്റീവ് അല്ലാത്ത ഒരാൾ കുഞ്ഞിനെ പരിചരിക്കണം. എന്നാൽ, മുലപ്പാൽ ശേഖരിച്ച് കുഞ്ഞിന് ലഭ്യമാക്കണം. കുട്ടിയുടെ ശരിയായ വളർച്ചയ്ക്കും ആരോഗ്യത്തിനും വികാസത്തിനും മുലപ്പാൽ അത്യന്താപേക്ഷിതമാണ്. കൊറോണ ബാധിച്ച അമ്മയുടെ മുലപ്പാലിൽ കൊറോണ വൈറസിനെതിരേയുള്ള ആന്റിബോഡികൾ ഉണ്ട്.

മറ്റാരും കുഞ്ഞിനെ നോക്കാൻ ഇല്ലെങ്കിൽ അമ്മ ഡബിൾ മാസ്കും ഫേസ് ഷീൽഡും ധരിക്കുകയും കൈകൾ ഇടയ്ക്കിടെ കഴുകുകയും ചുറ്റുപാടുകൾ അണു വിമുക്തമാക്കുകയും വേണം.

മുതിർന്നവർക്ക് രോഗ പ്രതിരോധത്തിനായി കോവിഡിന് അനുസരിച്ചുള്ള ജീവിതശൈലിയുണ്ട്. എന്നാൽ, കുട്ടികളെ നമുക്ക് എങ്ങനെ സുരക്ഷിതരാക്കാം?

മുതിർന്ന കുട്ടികൾക്ക് രോഗപ്രതിരോധത്തിനായി കോവിഡിന് അനുസരിച്ചുള്ള ജീവിതശൈലി (കോവിഡ് അപ്പ്രോപ്പ്രിയേറ്റ് ബിഹേവിയർ) പാലിക്കാം.

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കുന്നത് റെക്കമന്റ് ചെയ്യുന്നില്ല. രണ്ടു മുതൽ അഞ്ച് വരെയുള്ള കുട്ടികൾക്ക് മാസ്ക് ധരിക്കാൻ ബുദ്ധിമുട്ടാണെന്ന് ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്.അതുകൊണ്ട്, അവർ വീടിനകത്ത് തന്നെ ആയിരിക്കുന്നതാണ് ഉചിതം. അതേസമയം, കായികമായി മുഴുകുന്ന കളികളിൽ അവർ ഏർപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണം.. കുട്ടികളുടെ ശാരീരിക- മാനസിക വളർച്ചയിൽ ആദ്യ അഞ്ചുവർഷം നിർണ്ണായകമാണ്.

മറ്റൊരു പ്രധാനകാര്യം, പതിനെട്ടു വയസിനു മുകളിലുള്ള എല്ലാ കുടുംബാംഗങ്ങളും കൊറോണ പ്രതിരോധത്തിനായുള്ള വാക്സീൻ സ്വീകരിക്കണം എന്നതാണ്. മുതിർന്നവർ സുരക്ഷിതരായാൽ കുട്ടികളും സുരക്ഷിതരായി നിലനിൽക്കും. മുലയൂട്ടുന്ന അമ്മമാരിലും വാക്സീൻ സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, അവരും വാക്സിൻ എടുക്കണം.

Next Story

RELATED STORIES

Share it