Latest News

കേച്ചേരി - പന്നിത്തടം - അക്കിക്കാവ് ബൈപാസ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി

കേച്ചേരി - പന്നിത്തടം - അക്കിക്കാവ് ബൈപാസ്    സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി
X



തൃശൂർ: കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കുന്നംകുളം, മണലൂര്‍ നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട കേച്ചേരി - പന്നിത്തടം - അക്കിക്കാവ് ബൈപാസ് റോഡ്് നവീകരണ പ്രവൃത്തിയുടെ അവലോകന യോഗം ചേര്‍ന്നു. 9.88 കി.മീ നീളത്തില്‍ 12 മീറ്റര്‍ വീതിയില്‍ 32.67 കോടി രൂപ ചിലവില്‍ 2016-17 ലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കേച്ചേരി-അക്കിക്കാവ് ബൈപാസ് റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കുന്നംകുളം എം.എല്‍.എ എ സി മൊയ്തീന്റെ നേതൃത്വത്തിലായിരുന്നു യോഗം. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.

12 മീറ്റര്‍ വീതിയില്ലാത്ത നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ പുറമ്പോക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പുറമ്പോക്ക് കയ്യേറ്റങ്ങള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കും. ഇതിനാവശ്യമായ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക സര്‍വേ ഉദ്യോഗസ്ഥരെ വിട്ട് നല്‍കുന്നതിന് ജില്ലാ കലക്ടറോട് ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു.

ഈ പദ്ധതി കൂടി പൂര്‍ത്തിയാകുന്ന മുറയ്ക്ക് പന്നിത്തടം ജംഗ്ഷന്‍ ഭാവിയില്‍ പ്രധാനപ്പെട്ട തിരക്കേറിയ ജംഗ്ഷനായി മാറും എന്നതിനാല്‍ അത് കൂടി ഉള്‍ക്കൊണ്ടുകൊണ്ട് പന്നിത്തടം ജംഗ്ഷന്‍ ഡിസൈന്‍ ചെയ്യുന്നതിന് കെ.ആര്‍.എഫ്.ബിയുടെ ചുമലതലക്കാരോട് നിര്‍ദ്ദേശിച്ചു. കിഫ്ബി പദ്ധതിയില്‍ അനുവദിച്ച 50 കോടി രൂപയ്ക്ക് കേച്ചേരി ജംഗ്ഷന്റെ വികസനത്തിനു മാത്രമായി പ്രത്യേക പദ്ധതി തയ്യാറാക്കി അനുമതി വാങ്ങുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തും.

യോഗത്തില്‍ മണലൂര്‍ എം.എല്‍.എ മുരളി പെരുനെല്ലിയുടെ പ്രതിനിധി ടി.എന്‍.ലെനിന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്ല്യംസ്, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മീനാഭായ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Next Story

RELATED STORIES

Share it