Latest News

കുന്നംകുളത്തെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നവംബറില്‍ പൂര്‍ത്തിയാവും; താല്‍കാലിക കെട്ടിടത്തില്‍ കോഴ്‌സുകള്‍ ആരംഭിച്ചു

കുന്നംകുളത്തെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് നവംബറില്‍ പൂര്‍ത്തിയാവും; താല്‍കാലിക കെട്ടിടത്തില്‍ കോഴ്‌സുകള്‍ ആരംഭിച്ചു
X

കുന്നംകുളം: ഉന്നത വിദ്യാഭ്യാസ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) സംസ്ഥാനത്തെ പത്താമത്തെ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിന്റെ നിര്‍മാണം നവംബറോടെ പൂര്‍ത്തിയാവും. ജില്ലയില്‍ കുന്നംകുളത്തെയാണ് അസാപ് സ്‌കില്‍ പാര്‍ക്കിനായി തിരഞ്ഞെടുത്തത്. വിദ്യാഭ്യാസത്തിനൊപ്പം തൊഴില്‍ നൈപുണ്യത്തിനും അവസരമൊരുക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് എ ഡി ബി യുടെ സാമ്പത്തിക സഹായത്തോടെ കുന്നംകുളം ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി ഗ്രൗണ്ടിലെ ഒരേക്കറിലാണ് പൂര്‍ത്തിയാവുന്നത്. 14 കോടി രൂപയാണ് നിര്‍മാണ ചെലവ്. കുന്നംകുളംഗവ. പോളിടെക്‌നിക് കോളജില്‍ പ്രവര്‍ത്തിച്ചിരുന്ന അസാപ് താല്‍ക്കാലിക കേന്ദ്രത്തില്‍ നിന്നും വിദേശഭാഷാ പരിശീലനം രണ്ടു ബാച്ചുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ജര്‍മന്‍, ജാപ്പനീസ് ഭാഷാ കോഴ്‌സുകളിലായി 62 കുട്ടികള്‍ ഇതിനകം പരിശീലനം പൂര്‍ത്തിയാക്കി. പുതിയ ജാപ്പനീസ് കോഴ്‌സില്‍ 27 വിദ്യര്‍ത്ഥികളെ ഉള്‍പ്പെടുത്തി പരിശീലനം തുടങ്ങി. ആരോഗ്യ മേഖലയിലെ തൊഴില്‍ ലഭ്യത ഉറപ്പുവരുത്തുന്നതിന് വേണ്ടി ഫാര്‍മ ബിസിനസ് അനലിറ്റിക്‌സ് കോഴ്‌സിലേക്കുള്ള അഡ്മിഷനും ആരംഭിച്ചിട്ടുണ്ട്.

ജില്ലാ കലക്ടര്‍, പ്രാദേശിക ജനപ്രതിനിധി, വ്യാവസായിക വിദഗ്ധന്‍, തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ സ്ഥാപന മേധാവി, അസാപ് മേധാവികള്‍ അടങ്ങുന്ന ഗവേണിങ് കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. വിദ്യാര്‍ത്ഥികളിലും പൊതുസമൂഹത്തിലും തൊഴില്‍ നൈപുണ്യം വളര്‍ത്തിയെടുക്കുക വഴി പുതിയ തലമുറയുടെ തൊഴില്‍ക്ഷമത ഉറപ്പാക്കി, അതുവഴി തൊഴിലില്ലായ്മ പരിഹരിക്കുക എന്നതാണ് അസാപിന്റെ മുഖ്യലക്ഷ്യം.

3 നിലകളിലായി 29000 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് കെട്ടിടം. വാക്വം ഡീവാറ്റേര്‍ഡ് ഫ്‌ലോറിങും മതിയായ വ്യാവസായിക സോക്കറ്റുകളും ഗ്യാസ്, വാട്ടര്‍ കണക്ഷന്‍, ഹെവി മെഷിനറി റൂമുകള്‍ എന്നിവ കെട്ടിടത്തിന്റെ പ്രത്യേകതയാണ്.

സംസ്‌കരണം, ഗ്യാസ്, വെള്ളം, വ്യാവസായിക സോക്കറ്റുകള്‍ എന്നിവയുള്ള കൃത്യമായ മുറികളും ഉണ്ടാകും. തിയറി ക്ലാസുകള്‍ക്കായി തയ്യാറാക്കുന്ന 5 ക്ലാസ് മുറികളില്‍ 2 ക്ലാസുകളില്‍ വെള്ളവും ഡ്രെയിനേജ് സൗകര്യവും ഉണ്ട്. ചില നൈപുണ്യ കോഴ്‌സുകള്‍ക്ക് ഇത്തരം സംവിധാനം വേണമെന്നതിനാലാണിത്. ലൈബ്രറി റൂം കമ്പ്യൂട്ടര്‍ ലാബിനായി 30 കമ്പ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുറിയും ഉണ്ട്. മൂന്ന് നിലകളിലും ടോയ്‌ലറ്റ് ഉണ്ട്. ജനറേറ്റര്‍, 13 പേരെ ഉള്‍ക്കൊള്ളുന്ന പാസഞ്ചര്‍ ലിഫ്റ്റുകള്‍, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ടോയ്‌ലറ്റ് സൗകര്യം എന്നിവയുമുണ്ടാകും. 75000 ലിറ്റര്‍ ശേഷിയുള്ള ഭൂഗര്‍ഭ മഴവെള്ള സംഭരണിയും 10000 ലിറ്റര്‍ ശേഷിയുള്ള ശുദ്ധജല സംഭരണിയും 15000 ലിറ്റര്‍ ശേഷിയുള്ള ഓവര്‍ഹെഡ് ടാങ്ക്, അഗ്‌നി ശമന സംവിധാനങ്ങള്‍ എന്നിവയും ഉണ്ടാകും. മീറ്റിങ്ങുകള്‍, ഓറിയന്റേഷന്‍ എന്നിവയ്ക്കായി ഏകദേശം 150 പേരെ ഉള്‍ക്കൊള്ളാവുന്ന സൗകര്യവും ഒരുക്കും.മികച്ച കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് സ്‌കില്‍ പാര്‍ക്കുകളുടെ പ്രവര്‍ത്തനം വിഭാവനം ചെയ്തിട്ടുള്ളത്.

സംസ്ഥാനത്തെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഗ്രാമപ്രദേശങ്ങളില്‍ 21.7 ശതമാനവും നഗരപ്രദേശങ്ങളില്‍ 18 ശതമാനവുമാണ്. ദേശീയ ശരാശരിയായ 10 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നിരക്ക് വളരെ ഉയര്‍ന്നതാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് ദേശീയ അന്തര്‍ ദേശീയ തലത്തില്‍ മികച്ച വ്യവസായ പ്രമുഖരുമായി സഹകരിച്ച് സംസ്ഥാനത്തെ യുവാക്കള്‍ക്ക് വിവിധ തൊഴില്‍മേഖലകളില്‍ പരിശീലനം നല്‍കി രാജ്യത്തിനകത്തും പുറത്തും ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടി അസാപ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഒരു നൂതനപദ്ധതിയാണ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍.

Next Story

RELATED STORIES

Share it