Latest News

അടുത്ത അധ്യയനവര്‍ഷം നഴ്‌സിങ് മേഖലയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നു

അടുത്ത അധ്യയനവര്‍ഷം നഴ്‌സിങ് മേഖലയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുന്നു
X

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ നഴ്‌സിങ് മേഖലയില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത വിധം കൂടുതല്‍ പേര്‍ക്ക് നഴ്‌സിങ് മേഖലയില്‍ കടന്നുവരാന്‍ ഇതുവഴി സാധിക്കും. നഴ്‌സിങ് മേഖലയിലെ വിദ്യാഭ്യാസത്തിന് വിവിധ തരത്തിലുള്ള സൗകര്യങ്ങളൊരുക്കാന്‍ ഇതിനിടെ സര്‍ക്കാരിന് കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൊവിഡ് ഡ്യൂട്ടിക്കിടെ മരണപ്പെട്ട നഴ്‌സുമാരുടെ കുടുംബത്തിനുള്ള ധനസഹായ വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പലപ്പോഴും സ്വന്തം ജീവന്‍ പണയംവെച്ച് ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമസംഭവങ്ങള്‍ അനുവദിക്കാനാവില്ല. ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

കൊവിഡ് 19 ബാധിച്ചോ, കൊവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ, ഡ്യൂട്ടി കഴിഞ്ഞ് പോവുമ്പോഴോ ഉണ്ടാവുന്ന അപകടത്തില്‍പ്പെട്ടോ മരണം സംഭവിച്ചവര്‍ക്കാണ് കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗണ്‍സില്‍ ഫണ്ടില്‍ നിന്ന് 2 ലക്ഷം രൂപ വീതം കുടുംബത്തിന് ധനസഹായം കൈമാറിയത്.

കൊവിഡ് ബാധിച്ച് മരണപ്പെട്ട വര്‍ക്കല താലൂക്ക് ആശുപത്രിയിലെ സരിത പി എസ്, നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ സ്റ്റാഫ് നഴ്‌സായി ജോലിചെയ്യുന്നതിനിടെ കൊവിഡ് ബാധിച്ച് മരണപ്പെട്ട ഗായത്രി ദേവി.എസ്, 108 ആംബുലന്‍സ് സര്‍വീസില്‍ സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ഠിക്കുന്നതിനിടെ ഡ്യൂട്ടിക്കിടെയുണ്ടായ അപകടത്തില്‍ മരണപ്പെട്ട മെല്‍ബിന്‍ ജോര്‍ജ്, ആസ്റ്റര്‍ മലബാര്‍ മെഡിസിറ്റിയില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ ഡ്യൂട്ടിക്ക് പോവുമ്പോഴുണ്ടായ അപകടത്തില്‍ മരണപ്പെട്ട ദിവ്യ ജോര്‍ജ്, ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സായി സേവനമനുഷ്ഠിക്കുന്നതിനിടെ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട എ എ ആഷിഫ് എന്നിവരുടെ കുടുംബത്തിനാണ് ധനസഹായം നല്‍കിയത്.

ആദ്യഘട്ട ധനസഹായ വിതരണമാണ് നല്‍കിയത്. ഡിസംബര്‍ 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സമയം നല്‍കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ അപേക്ഷ സമര്‍പ്പിച്ച 5 കുടുംബങ്ങള്‍ക്കാണ് 2 ലക്ഷം രൂപ വീതം കൗണ്‍സിലിന്റെ ഫണ്ടില്‍ നിന്നും ധനസഹായം കൈമാറിയിട്ടുള്ളത്.

Next Story

RELATED STORIES

Share it