Latest News

നിതീഷ് കുമാര്‍ ബിഹാറില്‍ സഖ്യം വിട്ടേക്കും; ബിജെപിക്കൊപ്പം പോകുമെന്ന് സൂചന

നിതീഷ് കുമാര്‍ ബിഹാറില്‍ സഖ്യം വിട്ടേക്കും; ബിജെപിക്കൊപ്പം പോകുമെന്ന് സൂചന
X

ന്യൂഡല്‍ഹി: ആര്‍ജെഡിയും കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു വീണ്ടും ബിജെപിക്കൊപ്പം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് നിതീഷ് കുമാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സീറ്റ് വിഭജന ചര്‍ച്ചകള്‍ എങ്ങുമെത്താതെ നീളുന്നതില്‍ നിതീഷ് അസ്വസ്ഥനാണെന്നും അതാണ് ഇത്തരത്തിലുള്ള തീരുമാനത്തിലേക്ക് നയിക്കുന്നതെന്നുമാണ് വിവരം. കോണ്‍ഗ്രസിന്റെ ഷക്കീല്‍ അഹ്മദ് ഖാന്‍ മുഖേന നിതീഷിനെ യാത്രയിലേക്ക് ക്ഷണിച്ചെങ്കിലും യാത്ര ബിഹാറില്‍ എത്തുമ്പോള്‍ അതില്‍നിന്ന് വിട്ടുനില്‍ക്കുമെന്നാണ് നിതീഷ് അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കര്‍പൂരി ഠാക്കുറിനു ഭാരതരത്‌നം നല്‍കാന്‍ തീരുമാനിച്ചതിന് എന്‍ഡിഎ സര്‍ക്കാരിന് നിതീഷ് നന്ദി അറിയിച്ചിരുന്നു. കര്‍പൂരി ഠാക്കൂറിന്റെ ജന്മശതാബ്ദിയുമായി ബന്ധപ്പെട്ട് ജെഡിയു സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2005ല്‍ ബിഹാറില്‍ താന്‍ അധികാരത്തിലെത്തിയതു മുതല്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യമാണ് ഇതെന്നും മോദി സര്‍ക്കാരാണ് ഇത് യാഥാര്‍ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍നിന്ന് നിതീഷ് വിട്ടു നില്‍ക്കുന്നതും ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളും തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ത്യ മുന്നണിക്ക് കനത്ത തിരിച്ചടിയാകും. നേരത്തെ ബംഗാളില്‍ തൃണമൂലും പഞ്ചാബില്‍ എഎപിയും ഒറ്റയ്ക്ക് മത്സരിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും അറിയിച്ചിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകള്‍ വൈകുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അസ്വസ്ഥരാണ് എന്ന് തെളിയിക്കുന്നതാണ് ഈ ദിവസങ്ങളില്‍ നടന്ന രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍.

Next Story

RELATED STORIES

Share it