Latest News

ഇന്നലെ രാവിലെ മുതല്‍ രാത്രി ഒരു മണിവരെ വിളിച്ചു: എവിടെയാണെന്ന് ഒരു വിവരവുമില്ല; ആശങ്കയോടെ സിദ്ദീഖ് കാപ്പന്റെ ഭാര്യ

സിദ്ദീഖിനെ കസ്റ്റഡിയില്‍ നിന്നും വിടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രി തന്നെ യൂ.പി മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് കത്ത് നല്‍കിയതായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അറിയിച്ചു.

ഇന്നലെ രാവിലെ മുതല്‍ രാത്രി ഒരു മണിവരെ വിളിച്ചു: എവിടെയാണെന്ന് ഒരു വിവരവുമില്ല; ആശങ്കയോടെ സിദ്ദീഖ് കാപ്പന്റെ ഭാര്യ
X

മലപ്പുറം: ഹാഥ്‌റാസില്‍ പീഡിപ്പിച്ച് കൊലചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാന്‍ പോകുന്നതിനിടെ മറ്റു മൂന്നുപേരോടൊപ്പം യു പി പോലിസ് അറസ്റ്റു ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്ന് ഭാര്യ 'തേജസിനോ'ട് പറഞ്ഞു. പോലിസ് കസ്റ്റഡിയിലാണെന്ന് മാധ്യമ വാര്‍ത്തകളില്‍ കാണുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച് യുപി പോലിസില്‍ നിന്നും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും സിദ്ദീഖിന്റെ ഭാര്യ മെഹ്ന സിദ്ദീഖ് പറഞ്ഞു.

ഇന്നലെ രാവിലെ വിളിച്ചപ്പോള്‍ ലഭിച്ചില്ല. ഫോണിന് ചെറിയ തരാറുള്ളതിനാല്‍ അതിന്റെ കുഴപ്പമാകുമെന്നു കരുതി. പീന്നീട് വിളിച്ചപ്പോഴൊന്നും ബന്ധപ്പെടാനായില്ല. സിദ്ദീഖ് ഡല്‍ഹിയില്‍ തനിച്ചാണ് താമസിക്കുന്നത്. അതിനാല്‍ തന്നെ ഫോണില്‍ ലഭിക്കാതായപ്പോള്‍ ആശങ്കയായി. എന്താണ് സംഭവിച്ചതെന്നു അറിയാന്‍ ഒരു വഴിയുമില്ലായിരുന്നു.ഇന്നു രാവിലെ ചില മാധ്യമങ്ങളില്‍ നിന്നാണ് സിദ്ദീഖിനെ യു പി പോലിസ് കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞത്. സിദ്ദീഖിന്റെ പ്രായമുള്ള മാതാവിനെ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. രോഗിയായ മാതാവിനെ ഇത് അറിയിക്കുന്നത് അവര്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാക്കുമെന്നും മെഹ്ന സിദ്ദീഖ് പറഞ്ഞു.

അതിനിടെ സിദ്ദീഖിനെ കസ്റ്റഡിയില്‍ നിന്നും വിടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രി തന്നെ യൂ.പി മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് കത്ത് നല്‍കിയതായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ പി റെജി അറിയിച്ചു. വിഷയത്തില്‍ കേരള മുഖ്യമന്ത്രി, ഡിജിപി എന്നിവരുമായും ബന്ധപ്പെടുന്നു. അവരുടെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ചു രാത്രി തന്നെ കത്ത് കൈമാറി. ഫോണിലും ബന്ധപ്പെട്ട് വരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരനുമായും ബിജെപി നേതൃത്വവുമായും ബന്ധപ്പെട്ടും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഡല്‍ഹിയിലെ മലയാളി മാധ്യമപ്രവര്‍ത്തകരും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സാധ്യമെങ്കില്‍ ഹേബിയസ് കോര്‍പസ് ഹരജി ഉടന്‍ ഫയല്‍ ചെയ്യുമെന്നും കെ പി റെജി അറിയിച്ചു.

Next Story

RELATED STORIES

Share it