Latest News

മടിശീലയില്‍ പണമില്ല; അഫ്ഗാനികള്‍ സോഫയും റെഫ്രിജറേറ്റവും വഴിവക്കില്‍ വിറ്റഴിക്കുന്നു

മടിശീലയില്‍ പണമില്ല; അഫ്ഗാനികള്‍ സോഫയും റെഫ്രിജറേറ്റവും വഴിവക്കില്‍ വിറ്റഴിക്കുന്നു
X

കാബൂള്‍: അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികള്‍ നല്‍കിവരുന്ന ധനസഹായം നില്‍ത്തിവച്ചതോടെ അഫ്ഗാന്‍ കറന്‍സി ക്ഷാമത്തിന്റെ പിടിയിലേക്ക്. മിക്ക എടിഎമ്മുകളും അടച്ചുപൂട്ടിക്കഴിഞ്ഞു. മിക്കവാറും പേരുടെ കയ്യിലും പണമില്ല. പല നഗരങ്ങളിലും അഫ്ഗാനികള്‍ ദൈനംദിന ചെലവുകള്‍ നിവര്‍ത്തിക്കാന്‍ സോഫയും കിടക്കയും റെഫ്രിജറേറ്ററുകളും അടക്കം ദൈനംദിന വസ്തുക്കളും ഉപഭോഗ വസ്തുക്കളും വിറ്റഴിക്കുകയാണ്.

നഗരങ്ങളില്‍ അഴിച്ചുമാറ്റിയ ഫാനുകളും ബ്ലാങ്കറ്റുകളും കര്‍ട്ടനുകളും കുക്ക് വെയറുകളും ഷെല്‍ഫുകളും അലമാരകളും നൂറുകണക്കിന് കൂടിക്കിടക്കുകയാണ്. 48,000 അഫ്ഗാനിക്ക് വാങ്ങിയ ഒരു കാര്‍പ്പറ്റ് വില്‍ക്കുന്നത് 5,000ത്തിനാണ്.

താലിബാന്‍ അധികാരം പിടിച്ചതോടെ ലോകബാങ്ക്, ഐഎംഎഫ്, യുഎസ് സെന്‍ട്രല്‍ ബാങ്ക് തുടങ്ങി മിക്കവാറും ധനകാര്യ ഏജന്‍സികള്‍ നല്‍കിവരുന്ന ധനസഹായം നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്നാണ് ബാങ്കുകള്‍ തങ്ങളുടെ എടിഎമ്മുകള്‍ അടച്ചുപൂട്ടിയത്.

താലിബാന്‍ ഭരണം പിടിച്ച ശേഷം ബാങ്കുകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും പിന്‍വലിക്കാവുന്ന തുകക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മിക്കവാറും ബാങ്കുകള്‍ക്കും മുന്നില്‍ വലിയ വരി രൂപം കൊണ്ടിരിക്കുകയാണ്. അരിയും എണ്ണയും പോലുള്ള വസ്തുക്കള്‍ വാങ്ങാനുള്ള പണം പോലും പലരുടെയും കയ്യിലില്ല. അതിനുവേണ്ടി ബാങ്കുകളില്‍ വരി നിന്നാലും വിശേഷമില്ല. അതോടെയാണ് സ്വന്തം വസ്തുക്കള്‍ വിറ്റഴിച്ച് പ്രശ്‌നം പരിഹാരിക്കന്‍ ശ്രമം തുടങ്ങിയത്.

താലിബാന്‍ രാജ്യം പിടിക്കുന്നതിനു മുമ്പു തന്നെ സമ്പദ്ഘടന മാന്ദ്യത്തിന്റെ പിടിയിലായിരുന്നു. കൊവിഡ് വ്യാപനത്തോടെ മാന്ദ്യം അധികരിച്ചു. കൂടാതെ നീണ്ടു നിന്ന വരള്‍ച്ചയും. കാര്‍ഷികമേഖലയിലെ തകര്‍ച്ച മാന്ദ്യത്തിന്റെ ശക്തി വര്‍ധിപ്പിച്ചു.

2022 ആകുമ്പോഴേക്കും 97 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് പതിക്കുമെന്ന് കഴിഞ്ഞ ആഴ്ച യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ക്ക് മാനുഷികമായ പരിഹാരം കാണുന്നതിന്റെ ഭാഗമായി യുഎന്‍ മേധാവി അന്റോണിയൊ ഗുട്ട്‌റസ് ഇന്ന് ജനീവയില്‍ ഒരു ഉന്നതതല യോഗം വിളിച്ചിരുന്നു. 600 ദശലക്ഷം ഡോളര്‍ സംഭരിക്കുകയാണ് ലക്ഷ്യം. അതില്‍ മൂന്നിലൊന്ന് ഭക്ഷണത്തിന് ചെലവഴിക്കും.

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ മൊത്തം കാര്യങ്ങളും കൈവിട്ടുപോകുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നേരത്തെയുളള കണക്കനുസരിച്ച് അഫ്ഗാന്റെ ജിഡിപിയുടെ 10 ശതമാനം വിദേശസഹായമായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി അത് 20ഉം 40ഉം ശതമാനമായി മാറിയിരുന്നു. അഫ്ഗാന്‍ മൊത്തത്തില്‍ വിദേശ സഹായത്താല്‍ നിലനില്‍ക്കുന്ന രാജ്യമായി മാറിയിരുന്നു. താലിബാന്‍ ഭരണം പിടിച്ചതോടെ സഹായം നില്‍ക്കുകയും അഫ്ഗാന്‍ സമ്പദ്ഘടന സ്തംഭിക്കുകയും ചെയ്തു. താമസിയാതെ സമ്പദ്ഘടന സമ്പൂര്‍ണ തകര്‍ച്ചയെ നേരിടുമെന്ന ഭീതി വ്യാപകമാണ്.

ആഗോള ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ ജിഡിപി 20 ശതമാനം കുറയുമെന്നാണ് മറ്റൊരു കണക്ക്.

അതേസമയം ചൈനയും റഷ്യയും വിപണിയില്‍ പണം ഇറക്കുമെന്നാണ് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് കഴിഞ്ഞ ആഴ്ച പ്രത്യാശ പ്രകടിപ്പിച്ചത്. മറ്റ് രാജ്യങ്ങള്‍ നല്‍കിയിരുന്ന അത്രയും പണം ചൈനയും റഷ്യയും നല്‍കുമോയെന്നത് സംശയമാണ്.

പ്രശ്‌നം രൂക്ഷമായതോടെ ജനങ്ങളുടെ കൈവശം കറന്‍സിയില്ലാത്തതിന്റെ പ്രശ്‌നവും തുടങ്ങിയിട്ടുണ്ട്. ഉപഭോഗ വസ്തുക്കള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നതിന്റെ കാരണം അതാണ്.

സൈന്യത്തിലുണ്ടായിരുന്ന പലരും ഇപ്പോള്‍ പുറത്താണ്. സൈനികരോട് തിരികെത്തണമെന്ന നിര്‍ദേശം താലിബാന്‍ പൊതുവെ നല്‍കിയിരുന്നെങ്കിലും പലര്‍ക്കും അതുസംബന്ധിച്ച നോട്ടിസ് ലഭിച്ചിട്ടില്ല. സൈനികരും പണമില്ലായ്മയുടെ പിടിയിലാണ്.

പുതിയ കച്ചവടം തുടങ്ങിയതോടെ പഴയ വഴിയോര വില്‍പ്പനക്കാര്‍ പ്രശ്‌നത്തിലാണ്. അവര്‍ക്ക് വേണ്ട വിധം വരുമാനം ലഭിക്കുന്നില്ല.

പല മന്ത്രാലയങ്ങളും അടച്ചുപൂട്ടിക്കഴിഞ്ഞു. തൊഴിലില്ലായ്മയും രൂക്ഷമായി. ചെറിയ തുക ലഭിക്കാന്‍ പോലും വലിയ വിലയുള്ള വസ്തുക്കള്‍ ജനം വിറ്റഴിക്കുന്നു. ഉപരോധം എത്ര കണ്ട് നീണ്ടു നില്‍ക്കുമോയെന്നതാണ് അഫ്ഗാന്‍കാരുടെ മുന്നിലുള്ള ഏറ്റവും ഭയപ്പെടുത്തുന്ന ചോദ്യം.

Next Story

RELATED STORIES

Share it