Latest News

വെള്ളമില്ല, അരിയുമില്ല; യുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അവശ്യ വസ്തുക്കളുമില്ലാതെ ദുരിതത്തില്‍

വെള്ളമില്ല, അരിയുമില്ല; യുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ അവശ്യ വസ്തുക്കളുമില്ലാതെ ദുരിതത്തില്‍
X

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ വെള്ളവും അവശ്യവസ്തുക്കളുമില്ലാതെ കടുത്ത ദുരിതത്തിലൂടെ കടന്നുപോകുന്നതായി റിപോര്‍ട്ട്. ദേശീയ ന്യൂസ് ഏജന്‍സിക്ക് അയച്ച ഒരു വീഡിയോ സന്ദേശത്തിലൂടെ ഫൈസല്‍ എന്ന ഒരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് ഇക്കാര്യം അറിയിച്ചത്. ഫൈസല്‍ ബീഹാറിലെ മോത്തിഹാരി സ്വദേശിയാണ്.

അദ്ദേഹവും സുഹൃത്തുക്കളും കിവില്‍ നിന്ന് വടക്ക് കിഴക്കായി 350 കിലമോമീറ്റര്‍ അകലെ സുമിയിലാണ് കുടുങ്ങിക്കിടക്കുന്നത്. ഈ നഗരത്തില്‍ മാത്രം 500ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കഴിയുന്നുണ്ട്.

'ഞങ്ങളുടെ കൈവശമുണ്ടായിരുന്ന അരിയും മാവും തീര്‍ന്നു. ഞാന്‍ മൈദയും ഉപ്പും ഉരുളക്കിഴങ്ങും മറ്റ് അടിസ്ഥാന സാധനങ്ങളും വാങ്ങാന്‍ പുറത്തു പോയിരുന്നു, പക്ഷേ ഇവിടെയുള്ള എല്ലാ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളും ശൂന്യമായിക്കഴിഞ്ഞു'-ഫൈസല്‍ പറഞ്ഞു.

പ്രാദേശിക ഭരണകൂടം സുമിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

വെള്ളം ഇല്ലാതായതോടെ കുട്ടികള്‍ ടാപ്പ് വെള്ളമാണ് കുടിക്കുന്നത്. ടൈഫോയ്ഡിനുളള സാധ്യതയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നിരന്തരമായ വെടിശബ്ദം കൊണ്ട് വിദ്യാര്‍ത്ഥികള്‍ വിരണ്ടിരിക്കുകയാണ്.

'ഞങ്ങള്‍ സുമി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ്. എല്ലാ വിദ്യാര്‍ത്ഥികളും യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഞങ്ങള്‍ ദിവസവും ഇന്ത്യന്‍ എംബസിയെ വിളിക്കുകയും അവര്‍ 'കാത്തിരിക്കാന്‍' പറയുകയും ചെയ്യുന്നു. യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് പോയി. സുമിയുടെ വിദ്യാര്‍ത്ഥികളായി ഞങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഞങ്ങളെ ഒഴിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു- ഫൈസല്‍ പറഞ്ഞു.

സര്‍വകലാശാല കെട്ടിടത്തില്‍ത്തന്നെയാണ് ഇവര്‍ കഴിയുന്നത്. ആരും പുറത്തുപോകരുതെന്നാണ് എംബസി നല്‍കിയ നിര്‍ദേശം. എല്ലാ ദിവസവും നാലോ അഞ്ചോ തവണ സൈറന്‍ മുഴങ്ങും. അപ്പോഴൊക്കെ ഒളിച്ചിരിക്കുമെന്ന് അവര്‍ പറഞ്ഞു.

മറ്റിടങ്ങളിലുള്ള കുട്ടികള്‍ ഇന്ത്യയിലെത്തിയിട്ടും തങ്ങള്‍ മാത്രം ഇവിടെ അവശേഷിക്കുന്നതില്‍ കുട്ടികള്‍ക്ക് നിരാശയുണ്ട്.

Next Story

RELATED STORIES

Share it