Latest News

ഉപരിപഠനത്തിന് മതിയായ സീറ്റുകളില്ല; മലബാര്‍ ജില്ലകളോടുള്ള അവഗണനയ്ക്ക് പരിഹാരം വേണമെന്ന് എസ്ഡിപിഐ

ഇത്തവണ എസ്എസ്എല്‍സി വിജയിച്ചവരുടെ എണ്ണവും ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണവും കൂടുതലുള്ളത് മലബാര്‍ മേഖലയിലാണ്. മലബാറിലെ ജില്ലകളില്‍ 258946 പേര്‍ എസ്എസ്എല്‍സി പാസ്സായപ്പോള്‍ അവര്‍ക്ക് ഉപരിപഠനത്തിനുള്ള സീറ്റുകള്‍ ആകെ 200278 മാത്രമാണ്.

ഉപരിപഠനത്തിന് മതിയായ സീറ്റുകളില്ല; മലബാര്‍ ജില്ലകളോടുള്ള അവഗണനയ്ക്ക് പരിഹാരം വേണമെന്ന് എസ്ഡിപിഐ
X

തിരുവനന്തപുരം: ഉപരിപഠന സൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ മലബാര്‍ ജില്ലകള്‍ നേരിടുന്ന അവഗണനയും അസന്തുലിതാവസ്ഥയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി. തുടര്‍ വിദ്യാഭ്യാസം മലബാര്‍ മേഖലയില്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ സീറ്റ് ലഭിക്കാതെ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് പഠനം വലിയ ബാധ്യതയായി വരുന്നു.

ഇത്തവണ എസ്എസ്എല്‍സി വിജയിച്ചവരുടെ എണ്ണവും ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണവും കൂടുതലുള്ളത് മലബാര്‍ മേഖലയിലാണ്. മലബാറിലെ ജില്ലകളില്‍ 258946 പേര്‍ എസ്എസ്എല്‍സി പാസ്സായപ്പോള്‍ അവര്‍ക്ക് ഉപരിപഠനത്തിനുള്ള സീറ്റുകള്‍ ആകെ 200278 മാത്രമാണ്. അതായത് 58668 സീറ്റുകളുടെ കുറവുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള എല്ലാ ജില്ലകളിലും ആവശ്യത്തില്‍ കൂടുതല്‍ സീറ്റുകളുള്ളപ്പോള്‍ തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും സീറ്റുകളുടെ എണ്ണം ഉപരിപഠനത്തിന് അര്‍ഹത നേടിയ കുട്ടികളുടെ എണ്ണത്തേക്കാള്‍ വളരെ കുറവാണ്. മലപ്പുറം ജില്ലയാണ് ഇക്കാര്യത്തിലും ഏറ്റവും ഭീകരമായ അവഗണനക്ക് വിധേയമായി കൊണ്ടിരിക്കുന്നത്. ആവശ്യമായതില്‍ 28804 സീറ്റുകളുടെ കുറവാണ് മലപ്പുറം ജില്ലയിലുള്ളത്. പാലക്കാട് ജില്ലയില്‍ 9695 സീറ്റുകളുടെ കുറവും കോഴിക്കോട് ജില്ലയില്‍ 9513 സീറ്റുകളുടെയും കുറവുണ്ട്. വയനാട് 4670, കാസര്‍ഗോഡ്3352, കണ്ണൂര്‍ 1804, തൃശൂര്‍ 830 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കുറവ്. മലപ്പുറം ജില്ലയില്‍ മുഴുവന്‍ എ പ്ലസ് നേടിയ 18970 കുട്ടികളില്‍ അയ്യായിരത്തിലധികം പേര്‍ക്ക് സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കാനുള്ള അവസരം പോലും ഇല്ലാത്ത അവസ്ഥയാണ്. ഇത് അത്യന്തം ഗുരുതരമായ അവസര നിഷേധവും നീതി നിഷേധവുമാണ്. അടിയന്തര സ്വഭാവത്തോടെ ഈ പ്രതിസന്ധി പരിഹരിച്ചിട്ടില്ലെങ്കില്‍ നിരവധി കുട്ടികളുടെ തുടര്‍പഠനം മുടങ്ങുകയോ രക്ഷിതാക്കള്‍ക്ക് സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുകയോ ചെയ്യും. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പരാധീനതകളില്‍ നട്ടം തിരിയുന്ന ആയിരക്കണക്കിന് സാധാരണക്കാരെ ഇത് കൂടുതല്‍ പ്രയാസത്തിലാക്കും. അതിനാല്‍ ഉപരിപഠന മേഖലയില്‍ മലബാറിലെ ജില്ലകള്‍ നേരിടുന്ന വ്യക്തമായ വിവേചനവും അസന്തുലിതാവസ്ഥയും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര തീരുമാനം കൈകൊള്ളണമെന്നും ഓരോ പഞ്ചായത്തിലും പത്താം ക്ലാസ്സ് പാസ്സായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അതേ പഞ്ചായത്ത് പരിധിയില്‍ തന്നെ ഉപരിപഠന സൗകര്യം ലഭിക്കുന്ന വിധം സീറ്റുകളനുവദിക്കണമെന്നും മജീദ് ഫൈസി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it