Latest News

നൂപുര്‍ ശര്‍മ ബിജെപിയുടെ നേതാവായത് പ്രഫ. എസ്എആര്‍ ഗിലാനിയുടെ മുഖത്ത് തുപ്പി

നൂപുര്‍ ശര്‍മ ബിജെപിയുടെ നേതാവായത് പ്രഫ. എസ്എആര്‍ ഗിലാനിയുടെ മുഖത്ത് തുപ്പി
X

പ്രവാചനകനിന്ദ നടത്തി ലോകമാസകലമുള്ള ജനാധിപത്യവിശ്വാസികളുടെ മുന്നില്‍ ഇന്ത്യയെ കരിവാരിത്തേച്ച നൂപുര്‍ ശര്‍മയെ പരോക്ഷമായി ബിജെപി രക്ഷപ്പെടുത്തിയിരിക്കുകയാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉല്‍പ്പന്ന ബഹിഷ്‌കരണമടക്കം വലിയ പ്രതികരണമുണ്ടായെന്ന് കണ്ടതോടെ നൂപുര്‍ ശര്‍മയെ ബിജെപി പുറത്താക്കി. രാജ്യത്തെ ചില സാമൂഹികവിരുദ്ധര്‍ നടത്തിയ പ്രസ്താവനയാണെന്നാണ് ബിജെപിയുടെത്തന്നെ പ്രസ്താവനയില്‍ പറയുന്നത്. രാജ്യം ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രസ്താവനകള്‍ ഇറക്കിയിട്ടുമില്ല.

പ്രവാചനകനിന്ദക്കെതിരേ ഖത്തര്‍, ഇന്ത്യന്‍ അംബാസിഡറെയാണ് വിളിച്ചുവരുത്തിയത്. കുവൈത്തും സമാനമായ നടപടികള്‍ കൈക്കൊണ്ടു. എന്നിട്ടും ഔദ്യോഗികമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് കേന്ദ്രസര്‍ക്കാര്‍.

വെറുമൊരു സാമൂഹികവിരുദ്ധയെന്ന് വിശേഷിപ്പിച്ച ഇവര്‍ ബിജെപിക്ക് യഥാര്‍ത്ഥത്തില്‍ ആരാണ്?

ഇന്ന് രാവിലെവരെ ബിജെപിയുടെ പ്രമുഖനേതാവായിരുന്ന ഇവര്‍ ഔദ്യോഗിക വക്താവുമായിരുന്നു. 2015 തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനെതിരേ മല്‍സരിച്ചു തോറ്റു.

1985ല്‍ ബ്രാഹ്മണ കുടുംബത്തില്‍ ജനനം. പിതാവ് ഡോ. വിനയ് ശര്‍മ. ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ പഠിച്ച് ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം. പിന്നീട് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് എല്‍എല്‍എം. കോളജ്കാലം മുതല്‍ രാഷ്ട്രീയത്തില്‍ സജീവം.

ഡല്‍ഹി സര്‍വകലാശാല പ്രസിഡന്റായിരുന്നു. 2008 നവംബര്‍ 6ന് പാര്‍ലമെന്റ് ആക്രമണക്കേസില്‍ വ്യാജമായി പ്രതിചേര്‍ക്കപ്പെട്ട എസ്എആര്‍ ഗിലാനി ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. വര്‍ഗീയതയും ജനാധിപത്യവും ഫാഷിസവുമായിരുന്നു വിഷയം.

സെമിനാര്‍വേദിയിലേക്ക് എബിവിപിക്കാരുമായി ഇരച്ചെത്തിയ നൂപുര്‍, ഗിലാനിക്കെതിരേ ആക്ഷേപങ്ങള്‍ ചൊരിയുകയും മുഖത്ത് തുപ്പുകയും ചെയ്തു.

അന്ന് രാത്രി നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ തന്റെ നടപടിയില്‍ പശ്ചാത്താപമില്ലെന്ന് അവര്‍ വ്യക്തമാക്കി.

'ഞാന്‍ മാപ്പ് പറയാന്‍ പോകുന്നില്ല... എന്തിനുവേണ്ടി?' നുപുര്‍ പരിഹസിച്ചു. 'ഞാന്‍ ഒരു നിലപാട് എടുക്കുന്നു. രാജ്യം മുഴുവന്‍ അവന്റെ മുഖത്ത് തുപ്പണം. തീവ്രവാദത്തെക്കുറിച്ച് സംസാരിക്കാന്‍ ആരാണ് അയാളെ സര്‍വകലാശാലയിലേക്ക് ക്ഷണിച്ചത്?''- അവര്‍ പൊട്ടിത്തെറിച്ചു. ഈ മറുപടിയാണ് ബിജെപിയില്‍ അവരെ മുന്നിലെത്തിച്ചത്.

ടെക് ഫോര്‍ ഇന്ത്യ യൂത്ത് അംബാസിഡര്‍, ബിജെപി യൂത്ത് വിങ്ങിന്റെ നാഷണല്‍ എക്‌സിക്യൂട്ടിവ് മെംബര്‍, ഡല്‍ഹി ബിജെപിയുടെ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു.

ടൈംസ് ഓഫ് ഇന്ത്യയുടെ 2009 പ്രത്യേക എഡിഷനില്‍ ഗസ്റ്റ് എഡിറ്ററായിരുന്നു.

ബിജെപിയുടെ ഈ നേതാവിനെയാണ് ഏതോ ഒരു സൂഹികവിരുദ്ധയായി ആ പാര്‍ട്ടി വിശേഷിപ്പിച്ചത്.

Next Story

RELATED STORIES

Share it