Latest News

സുല്‍ത്താന്റെ നിര്‍ദേശപ്രകാരം ഒമാനില്‍ വിസ നിരക്കുകള്‍ കുറച്ചു; ജൂണ്‍ ഒന്ന് നടപ്പില്‍ വരും

സുല്‍ത്താന്റെ നിര്‍ദേശപ്രകാരം ഒമാനില്‍ വിസ നിരക്കുകള്‍ കുറച്ചു; ജൂണ്‍ ഒന്ന് നടപ്പില്‍ വരും
X

മസ്‌കത്ത്: വിദേശികളുടെ വിസാനിരക്കുകള്‍ കുറക്കാന്‍ ഒമാന്‍ ഭരണധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വരിഖ് നിര്‍ദേശം നല്‍കി. അല്‍ അഹ്‌ലാം കൊട്ടാരത്തില്‍ മസ്‌കത്ത്, തെക്കന്‍ ബാത്തിന, മുസന്തം എന്നീ ഗവര്‍ണറേറ്റിലെ ശൈഖുമാരുമായി നടത്തിയ കുടിക്കാഴ്ചയിലാണ് ഇത് സംബന്ധമായ നിര്‍ദേശം സുല്‍ത്താന്‍ നല്‍കിയത്.

സുല്‍ത്താന്റെ നിര്‍ദേശപ്രകാരം മാനവ വിഭവശേഷി മന്ത്രാലയം പുതുക്കിയ വിസാ നിരക്കുകള്‍ പുറത്തിറക്കി. ഇതനുസരിച്ച് പുതുതായി തൊഴില്‍ വിസ എടുക്കുന്നതിനും പുതുക്കുന്നതിനുമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക് 301 റിയാലായിരിക്കും. സ്വദേശിവത്കരണം പൂര്‍ണമായി നടപ്പാക്കുന്ന കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 85 ശതമാനം വരെ വിസഫീസ് ഇളവും ഉണ്ട്.

ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതലാണ് പുതിയ വിസാ നിരക്ക് നടപ്പില്‍ വരിക. രണ്ട് വര്‍ഷമാണ് വിസാ കാലാവധി.

പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ ജോലി എടുക്കുന്നവരുടെ വിസാ നിരക്ക് 301 റിയാലായിരിക്കും. കഴിഞ്ഞ വര്‍ഷം മേയ് ഒന്നുമുതല്‍ നിലവില്‍ വന്ന നിരക്കനുസരിച്ച് 2001 റിയാലാണ് ഇത് വരെ വിസാ ഫീസായി ഈടാക്കിയിരുന്നത്. 74 തസ്തികകളാണ് ഈ വിഭാഗത്തില്‍ വരുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ച സ്വദേശിവല്‍ക്കരണം പൂര്‍ണമായി നടപ്പാക്കിയ സ്ഥാപനങ്ങളില്‍നിന്ന് 211 റിയാലാണ് ഈടാക്കുക. ഇടത്തരം വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെ വിസാനിരക്ക് 251 ആയി കുറച്ചു. സ്‌പെഷ്യലൈസ്ഡ് വിഭാഗത്തില്‍പ്പെട്ടവരും സാങ്കേതിക മേഖലകളില്‍ ജോലി ചെയ്യുന്നവരുമാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.

601 റിയാല്‍ മുതല്‍ 1001 റിയാല്‍ വരെയായിരുന്നു ഈ വിഭാഗത്തില്‍ ഇതുവരെ ഈടാക്കിയിരുന്നത്. സ്വദേശിവല്‍കരണം പൂര്‍ത്തിയാക്കിയ കമ്പനികളില്‍ നിന്ന് 176 റിയാല്‍ മാത്രമാണ് ഈടാക്കുക. മൂന്നാം വിഭാഗത്തില്‍പ്പെട്ടവരുടെ വിസാനിരക്ക് 201 റിയാലായി കുറച്ചു. നേരത്തെ ഈ വിഭാഗത്തില്‍ നിന്ന് 301 റിയാല്‍ മുതല്‍ 361 റിയാല്‍ വരെയാണ് ഈടാക്കിയിരുന്നത്. സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങള്‍ 141 റിയാല്‍ നല്‍കിയാല്‍ മതി. വീട്ട് ജോലി വിസകള്‍ക്കും മറ്റും 101 റിയാലാണ് പുതിയ നിരക്ക്. നേരത്തെ ഈ വിഭാഗത്തില്‍ നിന്ന് 141 റിയാലാണ് ഈടാക്കിയിരുന്നത്. കൃഷിക്കാരുടെ വിസാഫീസ് 201 റിയാലില്‍നിന്ന് 141 ആയി കുറച്ചിട്ടുണ്ട്. കൂടാതെ 25 ഇനം ഭക്ഷ്യ വിഭവങ്ങള്‍ കൂടി പൂര്‍ണമായി വാറ്റില്‍ നിന്ന് ഒഴിവാക്കാനും സുല്‍ത്താന്‍ ഉത്തരവിട്ടു. ഇതോടെ പൂര്‍ണമായി വാറ്റ് ഒഴിവാക്കിയ ഉല്‍പന്നങ്ങളുടെ എണ്ണം 513 ആയി ഉയര്‍ന്നു.

വിസാഫീസ് കുറക്കാനുള്ള തീരുമാനം രാജ്യത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തത്. വിസാനിരക്കുകള്‍ വര്‍ധിച്ചതോടെ നിരവധി പേര്‍ ഒമാന്‍ വിട്ട് പോവുകയും മറ്റ് രാജ്യങ്ങളില്‍ ചേക്കേറുകയും ചെയ്തിരുന്നു. ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ ഉയര്‍ന്ന വിസാനിരക്ക് നിരവധി സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഉയര്‍ന്ന വിസാനിരക്ക് കാരണം നിരവധി കമ്പനികള്‍ ഉയര്‍ന്ന തസ്തികയിലുള്ളവരെ ഒഴിവാക്കുകയോ ഉള്ളവരെ തരംതാഴ്ത്തുകയോ ചെയ്തിരുന്നു. പുതിയ തീരുമാനം നിരവധി പുതിയ നിക്ഷേപകരെയും സ്ഥാപനങ്ങളെയും ഒമാനിലേക്ക് ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു.

സാംസ്‌കാരിക കായിക യുവജന മന്ത്രി സയ്യിദ് തയാസിന്‍ ബിന്‍ ഹൈതം അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഹ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്‌സി, സ്വകാര്യ ഓഫിസ് തലവര്‍ ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, മസ്‌കത്ത് ഗവറണര്‍ സയ്യിദ് സഊദ് ബിശന ഹിലാല്‍ അല്‍ ബുസൈദി, മുസന്തം ഗവര്‍ണര്‍ സയ്യിദ് ഇബ്‌റാഹീം ബിന്‍ സഈദ് അല്‍ ബുസൈദി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it