Latest News

കൊവിഡ് 19: രോഗം വന്നയാള്‍ മുംബൈയില്‍ നിന്നെത്തിയത് അനധികൃതമായി; സമ്പര്‍ക്കമു ണ്ടായവരെ ഐസൊലേഷനിലേക്ക് മാറ്റി

കൊവിഡ് 19: രോഗം വന്നയാള്‍ മുംബൈയില്‍ നിന്നെത്തിയത് അനധികൃതമായി; സമ്പര്‍ക്കമു  ണ്ടായവരെ ഐസൊലേഷനിലേക്ക് മാറ്റി
X

മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ എടപ്പാള്‍ കാലടി ഒലുവഞ്ചേരി സ്വദേശിയായ 38 കാരനാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മുംബൈയില്‍ നിന്ന് യാത്രാ അനുമതിയില്ലാതെ ചരക്ക് വാഹനത്തിലാണ് ഇയാള്‍ ജില്ലയില്‍ എത്തിയത്. വൈറസ് ബാധിതന്‍ ഇപ്പോള്‍ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ആയി.

മുംബൈ താനെ ബിവണ്ടിയില്‍ ഇളനീര്‍ മൊത്തക്കച്ചവടക്കാരനായ കാലടി ഒലുവഞ്ചേരി സ്വദേശി ഏപ്രില്‍ 11 ന് രാത്രിയാണ് നാട്ടിലേയ്ക്ക് പുറപ്പെട്ടത്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ നിന്ന് എറണാകുളത്തേയ്ക്ക് പുറപ്പെട്ട ചരക്ക് ലോറിയിലായിരുന്നു യാത്ര. ഏപ്രില്‍ 15 ന് രാത്രി 11 മണിയ്ക്ക് ചമ്രവട്ടം പാലത്തിനടുത്ത് ഇറങ്ങി. അവിടെ നിന്ന് സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത് രാത്രി 11.30 ന് വീട്ടിലെത്തി. വീട്ടുകാരുമായി സമ്പര്‍ക്കമില്ലാതെ അടുത്തുള്ള സഹോദരന്റെ വീട്ടില്‍ തനിച്ചായിരുന്നു താമസം.

വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഏപ്രില്‍ 18 ന് വൈകുന്നേരം അഞ്ച് മണിക്ക് ഇയാളെ എടപ്പാള്‍ വട്ടംകുളത്തുള്ള കൊവിഡ് കെയര്‍ സെന്ററില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ഏപ്രില്‍ 23 ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് 108 ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 24 ന് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഏപ്രില്‍ 27 ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.

വൈറസ് ബാധ സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ സഹോദരന്‍, മാതാവ്, ബൈക്കില്‍ കൂടെ സഞ്ചരിച്ച സുഹൃത്ത് എന്നിവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗബാധിതനൊപ്പം മുംബൈയില്‍ താമസിച്ച് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ജില്ലയില്‍ തിരിച്ചെത്തിയ മറ്റ് അഞ്ച് പേരെയും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാക്കിയിട്ടുണ്ട്.

ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍ 0483 273 7858, 273 7857, 273 3251, 273 3252, 273 3253.

Next Story

RELATED STORIES

Share it