Latest News

പാലക്കാട് കസ്റ്റഡി മര്‍ദ്ദനം: പോലീസിലെ സംഘ്പരിവാര്‍ സ്വാധീനം വെളിപ്പെടുത്തുന്നത് - വെല്‍ഫെയര്‍ പാര്‍ട്ടി

ക്രമിനലുകളും വംശീയ വിരോധത്തോടെ പെരുമാറുന്നവരുമായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നു.

പാലക്കാട് കസ്റ്റഡി മര്‍ദ്ദനം: പോലീസിലെ സംഘ്പരിവാര്‍ സ്വാധീനം വെളിപ്പെടുത്തുന്നത് - വെല്‍ഫെയര്‍ പാര്‍ട്ടി
X

പാലക്കാട് : പാലക്കാട് വിദ്യാര്‍ഥികളെ പോലീസ് വംശീയാധിക്ഷേപം നടത്തി ക്രൂരമായി മര്‍ദ്ദിച്ചത് കേരളാ പോലീസിലെ സംഘ്പരിവാര്‍ സ്വാധീനം വെളിപ്പെടുത്തുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി എം.സുലൈമാന്‍. മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്നയാളെ ആശുപത്രി സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു അദ്ദേഹം.

പാലക്കാട് നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്ത ബിലാല്‍, അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തി മര്‍ദ്ദിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. ഇത്തരം നിരവധി വംശീയാതിക്രമങ്ങള്‍ കേരളാ പോലീസില്‍ നിന്ന് പല സന്ദര്‍ഭങ്ങിലും ആവര്‍ത്തിച്ച് വരുന്നതിനാല്‍ തന്നെ ഒറ്റപ്പെട്ടത് എന്ന നിലയില്‍ തള്ളിക്കളയാനാവില്ല. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് എന്തും ചെയ്യാവുന്ന സ്ഥിതിയാണ് ഇന്ന് പോലീസിലുള്ളത്. ക്രമിനലുകളും വംശീയ വിരോധത്തോടെ പെരുമാറുന്നവരുമായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നു. കേരളത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി കസ്റ്റഡി മരണങ്ങളും മര്‍ദ്ദനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നതും ഗൗരവതരമാണ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രമിനല്‍ കുറ്റത്തിനും വംശീയത വളര്‍ത്തുന്നതിനും കേസെടുത്ത് നിയമ നടപടികള്‍ക്ക് വിധേയരാക്കണമെന്ന് എം.സുലൈമാന്‍ ആവശ്യപ്പെട്ടു. ജില്ലാ നേതാക്കളായ പി.മോഹന്‍ദാസ്, പി.ലുഖ്മാന്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡണ്ട് പി.അഫ്‌സല്‍ എന്നിവരും കൂടെയുണ്ടായിരുന്നു.

Next Story

RELATED STORIES

Share it