Latest News

ഞങ്ങള്‍ കീറിയെറിഞ്ഞത് ഒരു പുസ്തകം മാത്രം, ബിജെപി കീറിയത് ഭരണഘടനയും: പിഡിപി എംപി

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഭരണഘടന കീറിയെറിഞ്ഞ പിഡിപി എം പി നസീര്‍ അഹമ്മദ് ലവേ ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിക്കാര്യം.

ഞങ്ങള്‍ കീറിയെറിഞ്ഞത് ഒരു പുസ്തകം മാത്രം, ബിജെപി കീറിയത് ഭരണഘടനയും: പിഡിപി എംപി
X
ന്യൂഡല്‍ഹി: ഞങ്ങള്‍ കീറിയെറിഞ്ഞത് ഒരു പുസ്തകം മാത്രമാണ്, എന്നാല്‍ ബിജെപി സര്‍ക്കാര്‍ കീറിമുറിച്ചത് ഭരണഘടനയാണ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് ഭരണഘടന കീറിയെറിഞ്ഞ പിഡിപി എം പി നസീര്‍ അഹമ്മദ് ലവേ ഇന്ത്യന്‍ എക്‌സ്പ്രസിനോട് ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിക്കാര്യം. സഭയുടെയും പാര്‍ലമെന്റിന്റെയും നടപ്പ് രീതികളെ കുറിച്ച് ബോധമുള്ള എംപിമാരെപ്പോലുള്ളവര്‍ ഈ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്ന് കണ്ട് പ്രകോപിതരായിട്ടുണ്ടെങ്കില്‍, കശ്മീരിലെ സാധാരണക്കാരുടെ പ്രതികരണം എന്തായിരിക്കുമെന്ന് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം സംസ്ഥാനത്തെ ജനങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തുമെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം പറഞ്ഞു.


അഭിമുഖത്തിലെ പ്രധാന ഭാഗങ്ങള്‍;

സംസ്ഥാനത്ത് ഉടനടി എന്തായിരിക്കും ഉണ്ടാകുക?

ആളുകള്‍ ശരിക്കും ദേഷ്യത്തിലാണ്, സ്വാഭാവികമായും. അവര്‍ (കേന്ദ്ര സര്‍ക്കാര്‍) ഇത് ആരോടും ചര്‍ച്ച ചെയ്തിട്ടില്ല. അവര്‍ സ്വന്തം ഇഷ്ടപ്രകാരം അത് ചെയ്തു. ഞങ്ങളും അസ്വസ്ഥരാണ്. എന്നാല്‍ ഇത് വര്‍ഷങ്ങളായി ജനങ്ങളുടെ ആവശ്യമാണെന്ന് ബിജെപി പറയുന്നു. അതിനാല്‍, ആളുകള്‍ സന്തുഷ്ടരാണെന്ന് അവര്‍ പറയുന്നു. കശ്മീരിലെ ഏത് ഭാഗത്തെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്? ആളുകള്‍ക്ക് ദേഷ്യം വരുന്നു. എന്നാല്‍ അത് പ്രകടിപ്പിക്കാന്‍ ആരെയും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. എല്ലാവരേയും വീടുകള്‍ക്കുള്ളില്‍ പൂട്ടിയിട്ടിരിക്കുന്നു. ഈ ബിജെപി സര്‍ക്കാര്‍ അധികാരമുള്ളതിനാല്‍ മൂര്‍ച്ചയുള്ള വാള്‍ ഉപയോഗിക്കുന്നു. ആളുകള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും? ഇന്ന് അത് കശ്മീര്‍ ആണ്, നാളെ അത് മറ്റേതെങ്കിലും സംസ്ഥാനമാകാം. അവര്‍ക്ക് തോന്നുന്നിടത്തെല്ലാം അവര്‍ ഇത്തരത്തിലുള്ള അധികാരപ്രയോഗങ്ങള്‍ നടത്തുമെന്ന് എനിക്ക് തോന്നുന്നു.

ഇന്ത്യയോട് വിശ്വസ്തത പുലര്‍ത്തുന്നവര്‍ സന്തുഷ്ടരായിരിക്കുമെന്ന വാദത്തോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?

നോക്കൂ, ഞങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ ഇന്ത്യക്കാരാണ്. ഞങ്ങളുടെ ശബ്ദങ്ങളും കേള്‍ക്കണം. പഞ്ചാബിലെന്നപോലെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലേ? അവര്‍ അത് ഇതുപോലെ കൈകാര്യം ചെയ്തിട്ടുണ്ടോ? വടക്കുകിഴക്കന്‍ മേഖലയില്‍ ധാരാളം സംസ്ഥാനങ്ങളുണ്ടായിരുന്നു. അവിടെയും അത് സംഭവിച്ചില്ല. ജമ്മു കശ്മീരിന് മാത്രം എന്തുകൊണ്ട് ഇങ്ങനെ എന്നെനിക്ക് അറിയില്ല. ഇത് കശ്മീരിലെ ജനങ്ങളോടുള്ള വിശ്വാസ ലംഘനമാണ്.

ഇതിനെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ തയ്യാറെടുക്കുന്നുണ്ടോ?

അതെ, തീര്‍ച്ചയായും. രാഷ്ട്രീയമായും ഞങ്ങള്‍ക്ക് ലഭ്യമായ മറ്റ് വഴികളിലൂടെയും ഞങ്ങള്‍ അതിനെ വെല്ലുവിളിക്കും. ഞങ്ങള്‍ കശ്മീരിലേക്ക് പോയി ജനങ്ങളെ സംഘടിപ്പിച്ച് ഇതിനെതിരെ പ്രതിഷേധിക്കണമെന്ന് കരുതുന്നു. കശ്മീരിലെ എല്ലാ രാഷ്ട്രീയ നേതാക്കളും ഒത്തുചേര്‍ന്ന് ചര്‍ച്ച ചെയ്യണം. നമ്മള്‍ ഒരുമിച്ച് കോടതിയില്‍ പോകണം. നാം കശ്മീരിനെ പ്രതിരോധിക്കണം, അല്ലാത്തപക്ഷം കശ്മീരിലെ സ്ഥിതി കൂടുതല്‍ മോശമാകും.

ഇനി ക്രമസമാധാന നിയന്ത്രണം കേന്ദ്രം നേരിട്ടാകും, ഇത് കശ്മീരിലെ ജനങ്ങളെ എങ്ങനെ ബാധിക്കും?

അത് നിയമപ്രകാരം സംഭവിക്കും. ദേശത്തിന്റെ നിയമം നിലനില്‍ക്കണം. പക്ഷെ അവിടുത്തെ ജനതയുടെ സര്‍ക്കാര്‍ അവിടെ ഇല്ലാതിരിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ വര്‍ധിക്കും.

അതിര്‍ത്തി നിര്‍ണയവും ഉടന്‍ സംഭവിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

ഉടനടി ഉണ്ടാകില്ല. പക്ഷേ, അവര്‍ക്ക് എന്തും ചെയ്യാന്‍ കഴിവുണ്ടെന്ന് ഞാന്‍ പറയണം. ജമ്മു കശ്മീരിലെ ജനങ്ങള്‍ കൂടുതല്‍ അന്യരാകും.




Next Story

RELATED STORIES

Share it