Latest News

ഇഎസ്‌ഐ ആനുകൂല്യത്തിനുളള ശമ്പളപരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം

ഇഎസ്‌ഐ ആനുകൂല്യത്തിനുളള ശമ്പളപരിധി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം
X

ന്യൂഡല്‍ഹി: ഇഎസ്‌ഐ ആനുകൂല്യത്തിനുളള ശമ്പളപരിധി 21,000 രൂപയില്‍ നിന്ന് 50,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പെന്‍ഷന്‍ നല്‍കുവാനുളള കോടതി ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് എന്‍ കെ. പ്രേമചന്ദ്രന്‍ എം.പി തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന് നിവേദനം നല്‍കി. ഇഎസ്‌ഐ ആനുകൂല്യത്തിനുളള നിലവിലെ ശമ്പളപരിധി പ്രാബല്യത്തില്‍ വന്നത് 2017 ജനുവരി 1 മുതലാണ്. സാധനങ്ങളുടെ വിലക്കയറ്റവും ജീവിതച്ചെലവും വര്‍ദ്ധിച്ചതനുസരിച്ച് ശമ്പള വര്‍ദ്ധന ഉണ്ടായിയെങ്കിലും തൊഴിലാളികളുടെ ജീവിത നിലവാരത്തിന് പുരോഗതിയുണ്ടായില്ല. എന്നാല്‍ ശമ്പളം വര്‍ദ്ധിച്ച ഒറ്റ കാരണം കൊണ്ട് ആയിരക്കണക്കിന് തൊഴിലാളികള്‍ പദ്ധതിയുടെ പരിധിയില്‍ നിന്നും പുറത്തായി. ചികിത്സയ്ക്കും ആരോഗ്യസംരക്ഷണത്തിനുമുളള ചെലവും വര്‍ദ്ധിച്ചു. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ ഇഎസ്‌ഐ പരിരക്ഷയുടെ പുറത്താവുന്നത് ഒരു സാമൂഹ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. ഇഎസ്‌ഐ ശമ്പളപരിധി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ അര്‍ഹരായ തൊഴിലാളികള്‍ക്ക് എല്ലാം പരിരക്ഷ ഉറപ്പാക്കാന്‍ കഴിയൂ.

കേരള ഹൈക്കോടതിയുടെ വിധിയനുസരിച്ച് ഉയര്‍ന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലുളള പെന്‍ഷന് ഓപ്ഷന്‍ നല്‍കുവാന്‍ ഉത്തരവുണ്ടായി. ഉത്തരവിനെതിരെ ഇപിഎഫ്ഒ സൂപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈകോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് പാസാക്കിയില്ല. എന്നാല്‍ പ്രൊഫിഡന്റ് ഫണ്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുകയാണ്. ജീവനകാരുടെ ക്ഷേമം മുന്‍നിര്‍ത്തി കോടതി ഉത്തരവ് നടപ്പാക്കേണ്ടത് അനിവാര്യമാണ്. ഇഎസ്‌ഐ, ഇപിഎഫ് വിഷയങ്ങളില്‍ തൊഴിലാളി സൗഹൃദ നിലപാട് സ്വീകരിക്കുവാന്‍ ഇ.പി.എഫ്.ഒ തയ്യാറാകണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.

Next Story

RELATED STORIES

Share it