Latest News

പൗരത്വഭേദഗതി നിയമത്തിനെതിരേയുള്ള ഹരജികള്‍ നാളെ സുപ്രിംകോടതിയിയില്‍

പൗരത്വഭേദഗതി നിയമത്തിനെതിരേയുള്ള ഹരജികള്‍ നാളെ സുപ്രിംകോടതിയിയില്‍
X

ന്യൂഡല്‍ഹി: 2019ലെ വിവാദ പൗരത്വ (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുസ് ലിംലീഗ് അടക്കം വിവിധ സംഘടനകളും പാര്‍ട്ടികളും വ്യക്തികളും നല്‍കിയ ഹരജികള്‍ നാളെ സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിതിന്റെയും എസ് രവീന്ദ്ര ഭട്ടിന്റെയും ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക. ഏകദേശം 220ഓളം ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ മതപീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട് 2014 ഡിസംബര്‍ 31നോ അതിനുമുമ്പോ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദുക്കള്‍, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുകയെന്നതാണ് പൗരത്വഭേദഗതി നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ നിയമത്തിന്റെ പരിധിയില്‍നിന്ന് മുസ് ലിംകളെയും മുസ് ലിമേതര അയല്‍രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിവാക്കിയതാണ് വിവാദമായത്.

ഇന്ത്യന്‍ യൂനിയന്‍ മുസ് ലിം ലീഗ് (ഐയുഎംഎല്‍), തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേഷ്, എംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി, കോണ്‍ഗ്രസ് നേതാവ് ദേബബ്രത സൈകിയ, എന്‍ജിഒകളായ റിഹായ് മഞ്ച്, സിറ്റിസണ്‍സ് എഗെയ്ന്‍സ്റ്റ് ഹേറ്റ്, അസം അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവരാണ് പ്രധാന ഹരജിക്കാര്‍. ഹരജി നല്‍കിയവരില്‍ നിയമവിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു.

2020ല്‍, സിഎഎയെ ചോദ്യം ചെയ്ത് കേരള സര്‍ക്കാരും സുപ്രിം കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തിരുന്നു.

2019 ഡിസംബര്‍ 18ന്, സിഎഎയെ ചോദ്യം ചെയ്യുന്ന ഹരജികള്‍ വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രിംകോടതി, കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. അതിനുശേഷം 2020 ജനുവരിയില്‍ രണ്ടു തവണയും 2020 ഫെബ്രുവരിയില്‍ ഒരു തവണയും 2021 ജൂണില്‍ ഒരു തവണയും കേസ് കോടതിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

സിഎഎ നിയമം ഒരു ഇന്ത്യന്‍ പൗരന്റെയും 'നിയമപരമോ ജനാധിപത്യപരമോ മതപരമോ ആയ അവകാശങ്ങളെ' ബാധിക്കാത്ത ഒരു 'ഉത്തമമായ നിയമനിര്‍മ്മാണമാണ്' എന്നാണ് കേന്ദ്രം സുപ്രിം കോടതിയില്‍ 2020 മാര്‍ച്ചില്‍നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

നിയമം മൗലികാവകാശത്തെയും ഭരണഘടനാധാര്‍മ്മികതയെയും ലംഘിക്കുന്നില്ലെന്നും കേന്ദ്രം വാദിച്ചു.

Next Story

RELATED STORIES

Share it