Latest News

ലോകായുക്തയെ നിര്‍വീര്യമാക്കി പിണറായി സര്‍ക്കാര്‍; ഭേദഗതിയുടെ കരട് അപ്രൂവല്‍ ചെയ്തത് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫോ?

ലോകായുക്തയെ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന വിഎസ് അച്യുതാനന്ദന്‍ ചെയര്‍മാനായിരുന്ന ഭരണപരിഷ്‌കാര കമ്മിഷന്റെ നിര്‍ദ്ദേശവും മറികടന്നാണ് പിണറായി സര്‍ക്കാര്‍ ഭേദഗതിയില്‍ ഗവര്‍ണറുടെ അംഗീകാരം നേടിയിരിക്കുന്നത്

ലോകായുക്തയെ നിര്‍വീര്യമാക്കി പിണറായി സര്‍ക്കാര്‍; ഭേദഗതിയുടെ കരട് അപ്രൂവല്‍ ചെയ്തത് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫോ?
X

തിരുവനന്തപുരം: ജന്‍ലോക്പാല്‍ ബില്ലിനനുസരിച്ച് ലോകായുക്ത ശക്തിപ്പെടുത്തണമെന്ന ഭരണപരിഷ്‌കാരകമ്മിഷന്റെ റിപോര്‍ട്ട് ഫ്രീസറിലാക്കായാണ് ഇടതു സര്‍ക്കാര്‍ പുതിയ ഭേദഗതി ഓര്‍ഡിനന്‍സ് തത്വത്തില്‍ പാസ്സാക്കിയിരിക്കുന്നത്. വി എസ് അച്ചുതാനന്ദന# ചെയര്‍മാനായിരുന്ന മൂന്നംഗ ഭരണപരിഷ്‌കാര കമ്മിഷന്‍ തയാക്കിയ റിപോര്‍ട്ടുകളിലൊന്ന് ലോകായുക്തയെ ശക്തിപ്പെടുത്തി പൊതുസംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നതായിരുന്നു. വിജിലന്‍സ് കൂടുതല്‍ കാര്യക്ഷവും സ്വയംപര്യാപ്തവുമാക്കണമെന്നും റിപോര്‍ട്ടിലെ പരാമര്‍ശമാണ്. കോടികള്‍ മുടക്കി വിഎസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിഷന്‍ തയ്യാറാക്കിയ റിപോര്‍ട്ടാണ് പിണറായി സര്‍ക്കാര്‍ അപ്രസക്തമാക്കിയിരിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറിമാരായ സിപി നായരും നീല ഗംഗാധരനുമായിരുന്നു കമ്മിഷന്‍ അംഗങ്ങള്‍. ഒന്നാം പിണറായി സര്‍ക്കാര്‍ നിയമിച്ച കമ്മിഷന്റെ കണ്ടെത്തലുകളെ മറികടന്നാണ് ഇപ്പോഴത്തെ നീക്കം.

അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന പൊതുപ്രവവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ പര്യാപ്തമായ നിയമത്തെയാണ് ഇടതു സര്‍ക്കാര്‍ ഫ്രീസറിലാക്കിയിരുക്കുന്നത്.

ആര്‍എസ്എസ് നേതാവിന്റെ നിയമനം

ആര്‍എസ്എസ് ബുദ്ധികേന്ദ്രവും ജന്മഭൂമി എഡിറ്ററുമായിരുന്ന ഹരി എസ് കര്‍ത്തായെ ഗവര്‍ണറുടെ പെഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലാണ്. രാജ്ഭവനില്‍ സംഘപരിവാര്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹരി എസ് കര്‍ത്തായെ ഗവര്‍ണറുടെ സ്റ്റാഫില്‍ കുടിയിരുത്തുന്നത്. ഈ നിയമനത്തിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതായാണ് വിവരം. ഇതേ സമയം തന്നെയാണ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പുവയ്ക്കാന്‍ രാജ് ഭവനിലേക്ക് അയക്കുന്നത്. പല കേസുകളിലും ഗവര്‍ണറുമായി കൊമ്പുകോര്‍ക്കുന്നു എന്നു തോന്നിപ്പിക്കുമെങ്കിലും മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കെമിസ്ട്രി എപ്പോഴും പര്‌സപരസഹകരണത്തിന്റെ പാതയിലായിരുന്നു. ആര്‍എസ്എസ് നേതാവിന്റെ നിയമനം കാത്തു നില്‍ക്കുന്നതിനാല്‍, ബിജെപി ലോകായുക്തയെ വല്ലാതെ എതിര്‍ക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ, ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതിന് പിന്നില്‍ സിപിഎം-ബിജെപി പരസ്പരസഹകരണമാണെന്ന പ്രതിപക്ഷ ആരോപണം വസ്തുതാപരമാണ്.

ജുഡിഷ്യറിക്ക് മുകളില്‍ എക്‌സിക്യൂട്ടീവ്

പുതിയ ലോകായുക്ത നിയമ ഭേദഗതിയിലൂടെ ജുഡിഷ്യറിയെ അപ്രസക്തമാക്കിയിരിക്കുകയാണ്. ലോകായുക്ത എന്ന ജുഡിഷ്യല്‍ സ്ഥാപനം പുറപ്പെടുവിക്കുന്ന വിധിക്ക് മേല്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഹിയറിങ് നടത്തി കേസ് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് പുതിയ ഭേദഗതി പറയുന്നത്. ഇതോടെ ജുഡിഷ്യറിക്ക് മുകളില്‍ എക്‌സിക്യൂട്ടീവ് ആധിപത്യം സ്ഥാപിക്കുകയാണ്. ചുരുക്കത്തില്‍ ലോകായുക്തയുടെ ജുഡിഷ്യല്‍ അധികാരം തന്നെ ഇല്ലാതിയാരിക്കുകയാണ്. എല്ലാ അധികാരങ്ങളും നഷ്ടപ്പെട്ട ലോകായുക്ത പിരിച്ച് വിടുന്നതാണ് നല്ലതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് തേജസ് ന്യൂസിനോട് പറഞ്ഞു. ഏത് സാധാരണക്കാരനും അഴിമതിക്കാരായ പൊതുപ്രവര്‍ത്തകനെതിരേ എളുപ്പത്തില്‍ പരാതി നല്‍കാനും പരിഹാരമുണ്ടാക്കാനുള്ള സംവിധാനത്തെയാണ് സര്‍ക്കാര്‍ ദുര്‍ബലമാക്കിയിരിക്കുന്നത്.

ഭേദഗതിയുടെ കരട് അപ്രൂവല്‍ ചെയ്തത് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫോ?

ലോകായുക്ത ഭേദഗതി തയ്യാറാക്കിയത് മുന്‍ എജി സിപി സുധാകരപ്രസാദും കരടിന് അപ്രൂവല്‍ നല്‍കിയത് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫായിരുന്നു എന്നാണ് വിവരണം. മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദ്ദേശപ്രകാരം മുന്‍ എജി അഡ്വ. സിപി സുധാകരപ്രസാദാണ് ലോകായുക്ത ഭേദഗതി കരട് തയ്യാറാക്കിയത്. ഈ കരടിന് അപ്രൂവല്‍ നല്‍കിയത് ജ്സ്റ്റിസ് സിറിയക് ജോസഫാണെന്നാണ് റിപോര്‍ട്ട്. ലോകായുക്തയെ അപ്രസക്തമാക്കുന്നതിന് ലോകായുക്ത തന്നെ ചരട് വലിച്ചു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നത്. കരട് രൂപം നേരത്തെ തന്നെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറിയിരുന്നു. അതു കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രി ഗവര്‍ണറെ സന്ദര്‍ശിച്ചപ്പോള്‍, ലോകായുക്ത നിയമം പരിശോധിച്ചപ്പോള്‍ ചില നിയമപ്രശ്‌നങ്ങളുള്ളതായി ബോധ്യപ്പെട്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയത്.

മുന്നണിയിലോ പാര്‍ട്ടിയിലോ കാര്യമായ ചര്‍ച്ചയില്ല

ഇടതു മുന്നണിയിലോ സിപിഎമ്മിലോ കാര്യമായി ചര്‍ച്ച ചെയ്യാതെയാണ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഒപ്പുവക്കാന്‍ രാജ് ഭവനിലേക്ക് അയച്ചത്. ഇക്കാരണത്താലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഭേദഗതിയെ അതിശക്തമായി എതിര്‍ക്കുന്നത്. ലോകായുക്ത പോലെ ഗൗരവമുള്ള ഒരു ഭരണഘടനാസ്ഥാപനത്തിന് ഏതെങ്കിലും തരത്തിലുള്ള ഭേഗഗതി വേണമെങ്കില്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചൂടെ എന്നാണ് കാനം ചോദിക്കുന്നത്. മുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ ഇതേക്കുറിച്ചൊരു അഭിപ്രായപ്രകടനം ഇതു വരെ നടത്തിയിട്ടില്ല. സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റില്‍ മാത്രമാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. മന്ത്രിസഭായോഗം ആദ്യം ഈ വിഷയം ചര്‍ച്ചക്ക് കൊണ്ടുവന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.

പാര്‍ട്ടി കേന്ദ്ര നേതൃത്വം ജന്‍ലോക്പാല്‍ ബില്ലിന്റെ ചുവട് പിടിച്ച് അഴിമതി വിരുദ്ധ നീക്കം സര്‍ക്കാര്‍ തലത്തില്‍ ശക്തമാക്കണമെന്നാണ് നിലപാട്. ഈ നിലപാടിന് കടകവിരുദ്ധമായ നീക്കമാണ് സിപിഎം സംസ്ഥാന ഘടകം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

നിയമത്തിലെ 14ാം വകുപ്പ്

ലോകായുക്ത നിയമത്തിലെ 14ാംവകുപ്പ് ഭരണഘടനാവിരുദ്ധമെന്ന് ആരോപിച്ചാണ് ഇടതുസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്തിട്ടുണ്ട്. സുപ്രീം കോടതിയില്‍ ജഡ്ജിയായിയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയാണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. വിരമിച്ച ഹൈക്കോടതി ജഡ്ജിമാര്‍ക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാന്‍ കഴിയുക.

ചര്‍ച്ച തുടങ്ങിയത് 2020 ഡിസംബറില്‍

ലോകായുക്ത ഭേദഗതി ചര്‍ച്ചകള്‍ തുടങ്ങിയത് 2020 ഡിസംബറില്‍ ആണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ഭേദഗതി ആഭ്യന്തര വകുപ്പിനോട് നിര്‍ദ്ദേശിച്ചത്. ആഭ്യന്തര വകുപ്പ് ഈ ഫയല്‍ നിയമ വകുപ്പിന് കൈമാറുകയായിരുന്നു. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയില്‍ നിലനില്‍ക്കേയായിരുന്നു സര്‍ക്കാര്‍ നീക്കം. ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതിയാണ് മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ളത്. അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിനു 25 ലക്ഷം നല്‍കി, അന്തരിച്ച എംഎല്‍എ രാമചന്ദ്രന്‍ നായരുടെ കാറിന്റെ വായ്പ അടക്കാനും സ്വര്‍ണ്ണ പണയ വായ്പ എടുക്കാനും 8.5 ലക്ഷം നല്‍കി, കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷയില്‍ ഉള്‍പ്പെട്ട പോലിസുകാരന്‍ അപകടത്തില്‍പെട്ടപ്പോള്‍ കുടുംബത്തിന് 20 ലക്ഷം നല്‍കി എന്നിങ്ങനെയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള മൂന്ന് കേസുകള്‍.

കെടി ജലീലിന്റെ പ്രതികരണം

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചതിനു പിന്നാലെ ലോകായുക്ത സിറിയക് ജോസഫിനെതിരെ ഒളിയമ്പുമായി കെടി ജലീല്‍.

'മഹാത്മാ ഗാന്ധിയുടെ കരങ്ങളില്‍ കൊടുത്ത ആയുധം തിരിഞ്ഞു മറിഞ്ഞെത്തിയത് ഗോഡ്‌സെയുടെ കയ്യില്‍. സമൂഹ നന്മ ലാക്കാക്കി അത് തിരിച്ചു വാങ്ങി. ചെയ്ത പാപത്തിന്റെ ശമ്പളം പറ്റി ശിരസ്സ് കുനിച്ച് അപമാനിതനായി ഇനി ശിഷ്ടകാലം കഴിക്കാം. സ്വന്തം ഭാര്യാ സഹോദരീ ഭര്‍ത്താവിന്റെ ജേഷ്ഠന്‍ ഫാദര്‍ കോട്ടൂര്‍ ഉള്‍പ്പടെയുളള അഭയ കേസിലെ പ്രതികളുടെ ശിക്ഷാ കാലാവധി കുറക്കാനുള്ള 'യുദ്ധ'ത്തില്‍ പൂര്‍ണമായും വ്യാപൃതനാകാം. ഒപ്പം സഹോദര പുത്രിയെ ഉത്തുംഗ പദവിയില്‍ എത്തിക്കാനുള്ള കരുനീക്കങ്ങളില്‍ സജീവവുമാകാം. ഗുഡ് നൈറ്റ്,' കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


Next Story

RELATED STORIES

Share it