Latest News

സ്വര്‍ണക്കടത്ത് കേസ് വീണ്ടും ചര്‍ച്ചയായിരിക്കെ വിദേശപര്യടനത്തിന് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

സ്വര്‍ണക്കടത്ത് കേസ് വീണ്ടും ചര്‍ച്ചയായിരിക്കെ വിദേശപര്യടനത്തിന് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി
X

തിരുവനന്തപുരം: ചികിത്സയ്ക്കും വിദേശപര്യടനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. ഒരിടവേളക്ക് ശേഷം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ വീണ്ടും സജീവ ചര്‍ച്ചയായിരിക്കെയാണ് മുഖ്യമന്ത്രിയുടെ വരവ്. എം ശിവശങ്കറിന്റെ പുസ്തകവും സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലും തീര്‍ത്തിരിക്കുന്ന പ്രതിസന്ധി മറികടക്കുകയാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി. കഴിഞ്ഞ മാസം 14 ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിക്കുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമല്ല തിരിച്ചെത്തുമ്പോള്‍. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ പുസ്തകത്തിലെ തുറന്നെഴുത്തും അതിനോട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളും ഒന്ന് കെട്ടടങ്ങിയ സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളെ വീണ്ടും പൊതുമധ്യത്തില്‍ സജീവ ചര്‍ച്ചയാക്കിക്കഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാക്കപ്പെട്ട് ജയില്‍ വാസവും സസ്‌പെന്‍ഷനും കഴിഞ്ഞ് ശിവശങ്കര്‍ അടുത്തിടെയാണ് സര്‍വ്വീസില്‍ തിരികെ പ്രവേശിച്ചത്. അതിന് പിന്നാലെ സൃഷ്ടിച്ച വിവാദത്തില്‍ ചീഫ് സെക്രട്ടറിക്കും സര്‍ക്കാരിനും അതൃപ്തിയുണ്ട്.

അതേസമയം, വ്യജ ശബ്ദ രേഖ ഉള്‍പ്പെടെയുള്ള സ്വപ്‌ന സുരേഷന്റെ വെളിപ്പെടുത്തിലില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും.

പുസ്തകം എഴുത്ത് കൊണ്ട് ശിവശങ്കര്‍ ഉദ്ദേശിച്ചതിന്റെ വിപരീത ഫലമാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ആരോപണങ്ങളോടുള്ള സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന് നിസാരമായി തള്ളിക്കളയാനാകില്ല. സ്വര്‍ണക്കടത്ത് ശിവശങ്കര്‍ അറിഞ്ഞാണെന്നും ബാഗേജ് വിട്ടു കിട്ടാന്‍ പലതവണ ഇടപെട്ടെന്നും സ്വപ്ന പറയുന്നു. ഈ സമയത്ത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ശിവശങ്കര്‍. തനിക്ക് സ്‌പേസ് പാര്‍ക്കിലും ഭര്‍ത്താവ് ജയശങ്കറിന് കെ ഫോണിലും ജോലി നേടിത്തന്നതും സ്വപ്ന പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദ്ദമെന്ന് സ്വപ്ന പറയുന്ന ശബ്ദരേഖ അന്ന് സര്‍ക്കാരിന് ആയുധമായിരുന്നു. എന്നാല്‍ ആ ശബ്ദരേഖ പോലിസിനെ കൊണ്ടുള്ള ശിവശങ്കറിന്റെ തിരക്കഥ ആയിരുന്നെന്നാണ് സ്വപ്ന ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ലൈഫ് മിഷനില്‍ കോഴ ഇടപാട് നടന്നെന്നും ലോക് ഡൗണ്‍ കാലയളവില്‍ തനിക്ക് കേരളം വിടാന്‍ സഹായം ചെയ്തത് ശിവശങ്കര്‍ ആണെന്നും സ്വപ്ന സമ്മതിക്കുന്നുണ്ട്. ഇതെല്ലാം സ്വര്‍ണക്കടത്ത് കാലത്തെ വിവാദങ്ങള്‍ വീണ്ടും ആളിക്കത്തിക്കുകയാണ്. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷത്തിന് മൂര്‍ച്ചയേറിയ ആയുധമായിട്ടുണ്ട്. അന്ന് തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം സത്യമെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു.

Next Story

RELATED STORIES

Share it