Latest News

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; പുതിയ സ്ഥിരം ബാച്ചുകള്‍ മാത്രമാണ് പരിഹാരം

ഉത്തരവാദിത്തങ്ങളില്‍ നിന്നോ വിദ്യാര്‍ഥികളുന്നയിക്കുന്ന ന്യായമായ ചോദ്യങ്ങളില്‍ നിന്നോ ഒളിച്ചോടാന്‍ സര്‍ക്കാരിന് സാധിക്കുകയില്ല. സ്ഥിരം പുതിയ ബാച്ചുകള്‍ അനുവദിക്കുക, പുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍/ സൗകര്യമുള്ള ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കണ്ടറിളായി ഉയര്‍ത്തുക എന്നത് മാത്രമാണ് ശാശ്വത പരിഹാരം.

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; പുതിയ സ്ഥിരം ബാച്ചുകള്‍ മാത്രമാണ് പരിഹാരം
X

ഫായിസ് കണിച്ചേരി

കാംപസ് ഫ്രണ്ട് രൂപീകരണകാലം മുതല്‍ ഞങ്ങള്‍ നിരന്തരമായി ഉന്നയിക്കുന്ന വിഷയമാണ് മലബാര്‍ വിദ്യാഭ്യാസ അവഗണന. മലബാര്‍ ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എല്‍സിക്കുശേഷം തുടര്‍പഠനാവസരം നിഷേധിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം ഞങ്ങള്‍ വിളിച്ചുപറയാന്‍ തുടങ്ങിയ അന്നു മുതല്‍ വളരെ നിസംഗ സമീപനമായിരുന്നു സര്‍ക്കാരുകളുടെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്. തുടക്കം മുതലേ വിഷയം കൃത്യമായി പഠിച്ച് സ്ഥിരം ബാച്ചുകള്‍ അനുവദിക്കുന്നതിലൂടെയും ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കണ്ടറികളായി ഉയര്‍ത്തുന്നതിലൂടെയും മാത്രമേ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാനാവൂ എന്ന് ഞങ്ങള്‍ ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരെ വരെ നേരില്‍ കണ്ട് പറഞ്ഞതാണ്. പക്ഷേ, എല്ലാവര്‍ഷവും ചെയ്യുന്ന തട്ടിക്കൂട്ട് ചെപ്പടിവിദ്യയായ 10/20 ശതമാനം മാര്‍ജിനല്‍ വര്‍ധനവ് (അതാത് വര്‍ഷത്തേക്ക് മാത്രമുള്ള വര്‍ധനവ്) മാത്രം വരുത്തി വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ശ്രമിച്ചത്.

ഒരുപക്ഷേ, ഭരണം മാറി നിലവിലെ പ്രതിപക്ഷമാണ് ഇന്ന് ഭരണപക്ഷത്തുണ്ടായിരുന്നതെങ്കില്‍ എന്താണ് സംഭവിക്കുക? പ്രത്യേകിച്ച് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്ന് മാത്രമല്ല, ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍, ഇടതുപക്ഷം ഇക്കൊല്ലം ചെയ്ത അനീതി അതേപടി അവരും ആവര്‍ത്തിക്കുമായിരുന്നു എന്നു മാത്രം. എങ്കിലും പ്രതിപക്ഷത്തിന്റെ വൈകിയുദിച്ച തിരിച്ചറിവിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുകയാണ്.

പക്ഷേ, വിഷയത്തിന്റെ ഗൗരവം പൊതുസമൂഹത്തിന് മുഴുവന്‍ മനസ്സിലായിട്ടും വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനും ഇതു വരെ 'ബോധ്യപ്പെട്ടിട്ടില്ല'. ഇനിയൊട്ട് ബോധ്യപ്പെടാനും പോകുന്നില്ല. പക്ഷേ, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടേയും ഭാഗത്ത് നിന്നുള്ള ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയേണ്ടതുണ്ട്.

1. ആദ്യം മുതല്‍ അപേക്ഷിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും സീറ്റുണ്ടാകുമെന്ന് നിയസഭയില്‍ പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്കും സര്‍ക്കാരിനും എന്ത് കൊണ്ടാണ് ഈ സമത്ത് സീറ്റില്ല എന്ന് (അവസാന നിമിഷം 50 താലൂക്കുകളില്‍ +1 സീറ്റ് പ്രതിസന്ധിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു) സമ്മതിക്കേണ്ടി വന്നത്? സത്യത്തില്‍ നിയമസഭയെയും വിദ്യാര്‍ഥികളെയും കള്ളം പറഞ്ഞ് വഞ്ചിക്കുകയല്ലേ സര്‍ക്കാര്‍ ചെയ്തത്?

2. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മിടുക്കന്‍മാരും മിടുക്കികളുമായ 5,812 വിദ്യാര്‍ഥികള്‍ക്ക് 3 അലോട്ട്‌മെന്റുകള്‍ കഴിഞ്ഞിട്ടും ഒരിടത്തും സീറ്റ് ലഭ്യമായിട്ടില്ല എന്നത് എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുക?

3. 50 /60 കുട്ടികള്‍ ഇരിക്കുന്ന ക്ലാസുകളില്‍ ആദ്യം 20% സീറ്റ് വര്‍ധിപ്പിച്ചു. വേണമെങ്കില്‍ ഇനിയും 10% വര്‍ധിപ്പിക്കാം എന്ന് പറയുമ്പോള്‍... പരിമിതമായ സൗകര്യങ്ങളില്‍ 65 / 70 വിദ്യാര്‍ഥികള്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ക്ലാസ് മുറികളുടെ അവസ്ഥ എന്താകും? അധ്യാപക വിദ്യാര്‍ഥി അനുപാതത്തിന് പിന്നെ എന്താണ് പ്രസക്തി?

4. കഴിഞ്ഞ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ ശതമാനക്കണക്ക് വെച്ചോ, കഴിഞ്ഞ 5 വര്‍ഷത്തെ പ്രവേശന തോത് അനുസരിച്ചോ എങ്ങനെയാണ് ഈ വര്‍ഷത്തെ പ്രവേശനത്തെ അളക്കാന്‍ കഴിയുക? ഒരു വാദത്തിനായെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ചില വിദ്യാര്‍ഥികള്‍ ചേര്‍ന്നില്ല എന്ന സര്‍ക്കാര്‍ വാദം പരിഗണിച്ചു എന്നുതന്നെ വെക്കട്ടെ, അതുകൊണ്ട് കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും പ്ലസ് വണ്ണിന് വിദ്യാര്‍ഥികള്‍ ചേരില്ല എന്ന് എങ്ങനെ കണക്കാക്കാനാവും? എന്ത് ലോജിക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഇങ്ങനെയൊരു അനുമാനത്തിലെത്തിയത്?

5. എല്ലാ കാലവും സര്‍ക്കാര്‍ ഉന്നയിക്കുന്ന 'ന്യായ'വാദമാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നത്. അതായത് 2020ല്‍ മാത്രം മറ്റു സൗകര്യങ്ങളില്ലാതെ ഓപണ്‍ സ്‌കൂള്‍ വഴി പ്ലസ് വണ്‍ പ്രവേശനം നേടിയത് 47,899 പേരാണ്. അതില്‍ തിരുവനന്തപുരം , എറണാകുളം വരെയുള്ള ജില്ലകളില്‍ നിന്നും ഓപണ്‍ സ്‌കൂളിനെ ആശ്രയിക്കേണ്ടി വന്നത് വെറും 6,972 പേര്‍ക്ക് മാത്രമാണ്. അതായത് ആകെ ഓപണ്‍ സ്‌കൂളിനെ ആശ്രയിക്കേണ്ടി വന്നത് 14.5 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ്. ബാക്കി 85 ശതമാനം വിദ്യാര്‍ഥികളും (40,927 പേര്‍) മലബാര്‍ മേഖലയിലെ വിദ്യാര്‍ഥികളാണ്. തെക്ക്‌വടക്ക് ( മലബാര്‍ ) മേഖലയിലെ വിദ്യാര്‍ഥികള്‍ നേരിടുന്ന വിദ്യാഭ്യാസ അവഗണനയുടെ ഭീകരത കൃത്യമായി വരച്ചുകാട്ടുന്നതാണ് ഈ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു എന്നുപറയുമ്പോഴും, സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സംവിധാനങ്ങള്‍ക്ക് കീഴില്‍ പ്രവേശനം നേടാന്‍ സാധിക്കാതെ മലപ്പുറത്ത് മാത്രം ഓപണ്‍ സ്‌കൂളുകളില്‍ ചേരാന്‍ നിര്‍ബന്ധിതരായത് 19,215 വിദ്യാര്‍ഥികളാണ് (പാലക്കാട് 6,274, കോഴിക്കോട് 6,797, തൃശൂര്‍ 3,580, കണ്ണൂര്‍ 2,282). മുന്‍ വര്‍ഷങ്ങളിലും ഇതേപോലെ തന്നെയാണ് കണക്കുകള്‍. സര്‍ക്കാര്‍ പറഞ്ഞത് പോലെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു എങ്കില്‍ പിന്നെ എങ്ങനെയാണ് മലപ്പുറത്ത് മാത്രം 20,000ത്തോളം വിദ്യാര്‍ഥികള്‍ വര്‍ഷാവര്‍ഷങ്ങളില്‍ ഓപണ്‍ സ്‌കൂളിനെ ആശ്രയിക്കേണ്ടി വന്നത്?

6. ഈ വര്‍ഷത്തെ പ്രവേശനത്തിന് കഴിഞ്ഞ വര്‍ഷത്തെ പ്രവേശനത്തിന്റെ ശതമാനക്കണക്കും കഴിഞ്ഞ 5 വര്‍ഷത്തെ പ്രവേശന തോതും പറയുന്ന വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ 10-15 വര്‍ഷമായി സ്ഥിരം പ്ലസ് വണ്ണിന് വിദ്യാര്‍ഥികള്‍ പുറത്തിരിക്കേണ്ട അവസ്ഥയുള്ള മലബാര്‍ ജില്ലകളില്‍ എന്തുകൊണ്ടാണ് സ്ഥിരം ബാച്ചുകള്‍ അനുവദിക്കാത്തത്? സര്‍ക്കാര്‍ ആരുടെ താല്‍പര്യത്തിനൊപ്പമാണ്?

7. എല്ലാ പ്രവേശന നടപടികളും കഴിഞ്ഞ് ഒരു സ്ഥലത്തും അഡ്മിഷന്‍ ലഭിക്കില്ല എന്ന സ്ഥിതിയില്‍ സകല പ്രതീക്ഷകളും അവസാനിച്ച് അണ്‍ എയ്ഡഡ്/ എന്‍ഐഒഎസ് സ്ഥാപനങ്ങളില്‍ ഇല്ലാത്ത പണം നല്‍കി പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍, ക്ലാസുകള്‍ തുടങ്ങി പകുതിയായിട്ട് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സീറ്റുകളിലേക്ക് പിന്നെ എങ്ങനെ അഡ്മിഷന്‍ നേടും? അങ്ങനെ അശാസ്ത്രീയമായ നടപടിക്രമങ്ങളിലൂടെ പ്രഖ്യാപിച്ച് 'ഒഴിഞ്ഞ് കിടക്കുന്നു എന്ന് സര്‍ക്കാര്‍ പറയുന്ന' സീറ്റുകളുടെ ഉത്തരവാദിത്വം ആര്‍ക്കാണ്?

ഉത്തരവാദിത്തങ്ങളില്‍ നിന്നോ വിദ്യാര്‍ഥികളുന്നയിക്കുന്ന ന്യായമായ ചോദ്യങ്ങളില്‍ നിന്നോ ഒളിച്ചോടാന്‍ സര്‍ക്കാരിന് സാധിക്കുകയില്ല. സ്ഥിരം പുതിയ ബാച്ചുകള്‍ അനുവദിക്കുക, പുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍/ സൗകര്യമുള്ള ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കണ്ടറിളായി ഉയര്‍ത്തുക എന്നത് മാത്രമാണ് ശാശ്വത പരിഹാരം. ഇനിയും 10/20 ശതമാനം സീറ്റിന്റെ വര്‍ധനവ് കാണിച്ച് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും വഞ്ചിക്കാന്‍ ഞങ്ങള്‍ അനുവദിക്കുകയില്ല. നീതി സാധ്യമാകും വരെ കാംപസ് ഫ്രണ്ട് വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടാകും. തീര്‍ച്ച!

(കാംപസ് ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

Next Story

RELATED STORIES

Share it