Latest News

പിഎം കെയര്‍ ഫണ്ട്: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടില്ലെന്ന ഉത്തരവ് ശരിവച്ച് അപ്പീല്‍ അധികാരിയും

പിഎം കെയര്‍ ഫണ്ട്: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടില്ലെന്ന ഉത്തരവ് ശരിവച്ച് അപ്പീല്‍ അധികാരിയും
X

ന്യൂഡല്‍ഹി: പിഎം കെയര്‍ ഫണ്ട് വിവരാവകാശ നിയമം 2005ന്റെ പരിധിയില്‍ വരില്ലെന്ന മുന്‍കാല ഉത്തരവ് പ്രധാനമന്ത്രിയുടെ ഓഫിസിലെ അപ്പീല്‍ അധികാരിയും ശരിവച്ചു. പ്രധാനമന്ത്രിയുടെ സിറ്റീസന്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് എമര്‍ജന്‍സി ഫണ്ട് (പിഎം കെയര്‍) വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്ന 'പബ്ലിക് അതോറിറ്റി' എന്നതിന്റെ നിര്‍വചനത്തിനുള്ളില്‍ വരില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അതുസംബന്ധിച്ച അപേക്ഷയില്‍ മറുപടി നല്‍കിയിരുന്നത്. അത് ശരിവച്ചുകൊണ്ടാണ് അപ്പീല്‍ അധികാരിയുടെ ഉത്തരവ്.

പിഎം കെയര്‍ ഫണ്ടിന്റെ ട്രസ്റ്റ് രൂപീകരിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്താനാവശ്യപ്പെട്ടാണ് വിവരാവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലെ പ്രധാനമന്ത്രിയുടെ ഓഫിസിനെ സമീപിച്ചത്. പിഎം കെയര്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫിസിലെ മുഖ്യ വിവരാവകാശ ഓഫിസര്‍ അപേക്ഷ നിരസിച്ചു. ട്രസ്റ്റ് രേഖകളും ഫണ്ടിന്റെ ട്രസ്റ്റികളുടെ പേരുവിവരങ്ങളും ഫണ്ടിലേക്ക് നല്‍കുന്ന സംഭാവനകള്‍ ആദായനികുതിയുടെ 12എ, 80ജി സെക്ഷന്‍ അനുസരിച്ച് നികുതി ഇളവ് നല്‍കിയ രേഖകളുമാണ് ഗോഖലേ പരസ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടത്.

ജൂണ്‍ 5നായിരുന്നു അപേക്ഷ നിരസിച്ചുകൊണ്ടുള്ള വിവരാവകാശ ഉദ്യോഗസ്ഥന്റെ വിധി വന്നത്. ഫണ്ട് പൊതു അധികാരപരിധിയില്‍ വരുന്നതല്ലെന്നും അതുകൊണ്ടുതന്നെ 2005 ലെ വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കാനാവില്ലെന്നുമായിരുന്നു അപേക്ഷ നിരസിച്ചതിന് ചൂണ്ടിക്കാട്ടിയ കാരണം. ഇതിനെതിരേയായിരുന്നു അപ്പീല്‍ സമര്‍പ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ വെബ്‌സൈറ്റ് നല്‍കുന്ന വിവരമനുസരിച്ച് പ്രധാനമന്ത്രി ഫണ്ടിന്റെ എസ് ഓഫിഷ്യോ ചെയര്‍മാനാണെന്നും പ്രധാന മന്ത്രിയുടെ ഓഫിസിലെ അണ്ടര്‍ സെക്രട്ടറി ഫണ്ടിന്റെ ഹോണററി കസ്‌റ്റോഡിയനാണെന്നും ഇന്ത്യന്‍ റെയില്‍വേ, പോലുള്ള നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ പിഎം കെയര്‍ ഫണ്ടിലേക്ക് പണം നല്‍കിയിട്ടുണ്ടെന്നും ഗോഖലേ അപ്പീല്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തി. അതിനും പുറമെ പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നത് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി ഫണ്ടിലേക്ക് നല്‍കുന്നതായി കണക്കാക്കും വിധം കമ്പനി നിയമം 2013 ല്‍ ഭേദഗതി വരുത്തിയതും ചൂണ്ടിക്കാട്ടി. ഇതൊന്നും കണക്കിലെടുക്കാതെയാണ് അപ്പീല്‍ അധികാരി ഗോഖലെയുടെ അപേക്ഷ വീണ്ടും തള്ളിയത്.

ഇതുവരെ പുറത്തുവന്ന വിവരമനുസരിച്ച് പ്രധാന മന്ത്രിയാണ് പിഎം കെയര്‍ പദ്ധതിയുടെ എക്‌സ് ഒഫീഷ്യോ ചെയര്‍മാന്‍. പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി, ധനകാര്യമന്ത്രി എന്നിവര്‍ ട്രസ്റ്റികളാണ്. ചെയര്‍മാനും ട്രസിറ്റികള്‍ക്കും മൂന്ന് ട്രസ്റ്റികളെ നിയമിക്കാനുള്ള അവകാശവുമുണ്ട്. പണം ചെലവഴിക്കാനുള്ള മാനദണ്ഡങ്ങള്‍ പ്രധാനമന്ത്രിയും മൂന്ന് മന്ത്രിമാരുമാണ് തയ്യാറാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള സംഭവാനകള്‍ സ്വീകരിച്ചാണ് പിഎം കെയര്‍ പദ്ധതിയിലേക്കുള്ള പണം സ്വരൂപിച്ചത്. അത് ഏകദേശം 10,000 കോടിയോളം വരും. കേന്ദ്ര മന്ത്രിമാരും പ്രതിരോധ സേനയിലെ അംഗങ്ങളും മറ്റ് സര്‍ക്കാര്‍ ജോലിക്കാരും ഇതിലേക്ക് പണം സംഭാവന നല്‍കാന്‍ നിര്‍ബന്ധിതരായിരുന്നു.

നേരത്തെ ഇതിനെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു ഹരജിയും സമര്‍പ്പിക്കപ്പെട്ടിരുന്നു. ഡോ. എസ് എസ് ഹൂഡയാണ് അഡ്വ. ആദിത്യ ഹൂഡ വഴി ഹൈക്കോടതിയെ സമീപിച്ചത്. പിഎം കെയര്‍ പദ്ധതിയുടെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച വിവരാവകാശ രേഖയ്ക്ക് മറുപടി നല്‍കാനാവില്ലെന്ന് അറിയിപ്പുകിട്ടിയതിനു പിന്നാലെയാണ് ഹൂഡ ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it