Latest News

പോക്‌സോ നിയമം: അതിജീവിതരായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം- ബാലാവകാശ കമ്മീഷന്‍

പോക്‌സോ നിയമം: അതിജീവിതരായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം- ബാലാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ പോക്‌സോ നിയമവുമായി ബന്ധപ്പെട്ട് അതിജീവിതരായ കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുന്നതിന് ജില്ലാതലത്തില്‍ നിരീക്ഷണ സമിതി രൂപീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ശിശുസൗഹാര്‍ദപരവും സുതാര്യവുമാക്കുന്നതിന് കര്‍ത്തവ്യവാഹകരുടെ കൂട്ടായ ഇടപെടലുകള്‍ അനിവാര്യമാണ്. ജില്ലാതലത്തിലുള്ള നിരീക്ഷണ സമിതി രൂപീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിക്ക് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍, അംഗം ബി ബബിത എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

ജില്ലാ കലക്ടര്‍ ചെയര്‍പേഴ്‌സണും, ബാലാവകാശ കമ്മീഷന്‍ മെംബര്‍ ഫെസിലിറ്റേറ്ററും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സന്‍ വൈസ് ചെയര്‍പേഴ്‌സനും, ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് നോഡല്‍ ഓഫിസറും ജില്ലാ നിരീക്ഷണ സമിതിയുടെ ഭാഗമാവും.

ജില്ലാ നിയമസേവന അതോറിറ്റി മെംബര്‍ സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ പോലിസ് മേധാവി, ഡിവൈഎസ്പി എസ് ജെ ആന്റ് പിയു, ഡിവൈഎസ്പി എസ്‌സിആര്‍ബി, തദ്ദേശ സ്വയം ഭരണം, എക്‌സൈസ്, വിദ്യാഭ്യാസം എന്നിവയുടെ ഡിഡിമാര്‍, ജില്ലാ വനിതാ ശിശു വികസന ഓഫിസര്‍, ജില്ലാ പട്ടികജാതി- വര്‍ഗ വികസന വികസന ഓഫിസര്‍മാര്‍, പോക്‌സോ പ്രത്യേക കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവര്‍ അംഗങ്ങളുമായി ജില്ലാ നിരീക്ഷണ സമിതി രൂപീകരിക്കുന്നതിനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ജില്ലാ നിരീക്ഷണ സമിതികള്‍ മൂന്നുമാസത്തില്‍ ഒരിക്കല്‍ കൂടണം. ഓരോ കര്‍ത്തവ്യ വാഹകരും നിയമം നടപ്പാക്കുമ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ രേഖാമൂലം ജില്ലാ നിരീക്ഷണ കമ്മിറ്റിയില്‍ വിശദീകരിക്കേണ്ടതാണ്. കര്‍ത്തവ്യവാഹകര്‍ വിശദീകരിച്ച കാര്യങ്ങളില്‍ സ്വീകരിച്ച നടപടിക്രമങ്ങളും സ്വീകരിക്കേണ്ട നടപടിക്രമങ്ങളും രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ജില്ലാ നിരീക്ഷണ കമ്മിറ്റിയില്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ വകുപ്പ് തലത്തില്‍ തരംതിരിച്ച് രേഖാമൂലം പോക്‌സോ നിരീക്ഷണ സംവിധാനമായ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെ അറിയിക്കണം. നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കര്‍ത്തവ്യവാഹകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കണം. ജില്ലയില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

പോക്‌സോ നിയമം 2012 ന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ കര്‍ത്തവ്യവാഹകര്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് നിയമവുമായി ബന്ധപ്പെട്ട എല്ലാ ജില്ലാ വകുപ്പ് മേധാവികളും കൂടിച്ചേര്‍ന്ന് വിശകലനം ചെയ്ത് തുടര്‍നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. കമ്മിറ്റി സംഘടിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെ ചുമതലയാണ്. ശുപാര്‍ശകളിന്‍മേല്‍ വനിതശിശുവികസന വകുപ്പ് സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും ഉത്തരവില്‍ നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it