Latest News

വാര്‍ത്താ ഉറവിടം അന്വേഷിക്കാന്‍ പോലിസ്; മാധ്യമം ലേഖകനും ചീഫ് എഡിറ്റര്‍ക്കും ക്രൈംബ്രാഞ്ചിന്റെ നോട്ടിസ്‌

കേസില്‍ വിവരങ്ങള്‍ എവിടെ നിന്നു ലഭിച്ചു എന്ന കാര്യം വ്യക്തമാക്കണമെന്നു പറഞ്ഞാണ് കത്ത്

വാര്‍ത്താ ഉറവിടം അന്വേഷിക്കാന്‍ പോലിസ്; മാധ്യമം ലേഖകനും ചീഫ് എഡിറ്റര്‍ക്കും ക്രൈംബ്രാഞ്ചിന്റെ നോട്ടിസ്‌
X

കോഴിക്കോട്: വാര്‍ത്താ ഉറവിടം വെളിപ്പെടുത്തണമെന്ന് മാധ്യമപ്രവര്‍ത്തകന് നോട്ടിസയച്ച് ക്രൈം ബ്രാഞ്ച്. കേരള പബ്ലിക് സര്‍വിസ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ യൂസര്‍ ഐ ഡിയും പാസ്വേഡും സൈബര്‍ ഹാക്കര്‍മാര്‍ പിഎസ്‌സി സര്‍വറില്‍നിന്ന് ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വെച്ച വിവരം 'മാധ്യമ'ത്തിന് ലഭിച്ചതില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. കേസില്‍ വിവരങ്ങള്‍ എവിടെ നിന്നു ലഭിച്ചു എന്ന കാര്യം വ്യക്തമാക്കണമെന്നു പറഞ്ഞാണ് നോട്ടിസ്‌.

ലേഖകന്റെ പേര് വെച്ചു കൊടുത്ത വാര്‍ത്തയ്ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച അതേ അന്വേഷണ ഉദ്യോഗസ്ഥന്‍ വാര്‍ത്ത നല്‍കിയ റിപോര്‍ട്ടറുടെ പേരും വിലാസവും ഫോണ്‍ നമ്പരും ഇ മെയില്‍ ഐഡിയുമെല്ലാം രേഖാമൂലം ഹാജരാക്കണമെന്നാവശ്യപ്പെട്ടു പത്രത്തിന്റെ ചീഫ് എഡിറ്റര്‍ക്കു വീണ്ടും നോട്ടിസ് അയക്കുകയായിരുന്നു.

കേരള പബ്ലിക് സര്‍വിസ് കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളുടെ യൂസര്‍ ഐഡിയും പാസ്വേഡും സൈബര്‍ ഹാക്കര്‍മാര്‍ പിഎസ്‌സി സര്‍വറില്‍നിന്ന് ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വെച്ച വിവരം വാര്‍ത്തയായതിന്റെ പേരിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. അന്വേഷണച്ചുമതലയുള്ള തിരുവനന്തപുരം ക്രൈബ്രാഞ്ച് സെന്‍ട്രല്‍ യൂനിറ്റ് ഡിവൈഎസ്പി ജി ബിനു വാര്‍ത്ത നല്‍കിയ 'മാധ്യമം' ലേഖകന്‍ അനിരു അശോകനോട് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ജൂലൈ 22നാണ് പിഎസ്‌സി രജിസ്റ്റര്‍ ചെയ്ത 65 ലക്ഷം ഉദ്യോഗാര്‍ഥികളുടെ ലോഗിന്‍ വിവരം ഹാക്കര്‍മാര്‍ ചോര്‍ത്തി ഡാര്‍ക്ക് വെബില്‍ വില്‍പനക്ക് വെച്ച വാര്‍ത്ത 'മാധ്യമം' പ്രസിദ്ധീകരിച്ചത്. കേരള പൊലീസിന്റെ സൈബര്‍ സുരക്ഷ പരിശോധന വിഭാഗമായ 'കേരള പൊലിസ് ഡാര്‍ക്ക് വെബ് ഇന്‍വെസ്റ്റിഗേഷന്‍ ടീം' നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു വാര്‍ത്ത. പിഎസ്‌സി ഡോ. എം ആര്‍ ബൈജുവിന് ഇതില്‍ റിപ്പോര്‍ട്ട് നല്‍കിയ ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് 'ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍' ഉള്‍പ്പെടുത്തി ഉദ്യോഗാര്‍ഥികളുടെ യൂസര്‍ ലോഗിന്‍ സുരക്ഷിതമാക്കാനും നിര്‍ദേശം നല്‍കിയിരുന്നു.

ഡാര്‍ക്ക് വെബില്‍നിന്ന് പൊലിസ് കണ്ടെത്തിയ യൂസര്‍ ഐഡികളും ലോഗിന്‍ വിവരങ്ങളും യഥാര്‍ഥ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ തന്നെയാണെന്നു പൊലീസ് ഉറപ്പിച്ചിരുന്നതായാണു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, വാര്‍ത്ത വസ്തുതവിരുദ്ധമാണെന്നും ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ഡാര്‍ക്ക് വെബിലേക്ക് വിവരങ്ങള്‍ ചോരാനുള്ള 'സാധ്യത' കണക്കിലെടുത്താണ് ജൂലൈ ഒന്നുമുതല്‍ ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയതെന്നുമായിരുന്നു പിഎസ്‌സി വിശദീകരണം. ഡിജിപിയുടെ റിപോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മേയ് 27ന് ചേര്‍ന്ന കമ്മീഷന്റെ അതിരഹസ്യസ്വഭാവമുള്ള ഔദ്യോഗിക കുറിപ്പ് ജൂലൈ 28ന് പത്രത്തിലൂടെ പുറത്തുവന്നത്.

രഹസ്യസ്വഭാവമുള്ള രേഖ 'മാധ്യമം' ലേഖകന് ആര് നല്‍കിയെന്ന് കണ്ടെത്താന്‍ പിഎസ്‌സിയുടെ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പുറമെ വാര്‍ത്ത ലഭിച്ച ഉറവിടവും ഈമെയില്‍ അടക്കമുള്ള വ്യക്തികത വിവരങ്ങള്‍ നല്‍കണം എന്ന് പോലിസ് അറിയിക്കുകയായിരുന്നു. ഇത് പറയാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ കഴിഞ്ഞ ദിവസം ചീഫ് എഡിറ്ററോടും രേഖ എങ്ങനെ ലഭിച്ചെന്ന് 48 മണിക്കൂറിനുള്ളില്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഒരു നോട്ടിസ് കൂടി ക്രൈംബ്രാഞ്ച് നല്‍കുകയായിരുന്നു. എന്നാല്‍ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും, പക്ഷേ വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തിയെ പറ്റൂവെന്ന ശാഠ്യത്തിന് മുമ്പില്‍ മുട്ടുമടക്കില്ലെന്നും ലേഖകന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it