Latest News

പ്രതികളുടെ ഫോട്ടോയും പേരും പോലിസ് സ്‌റ്റേഷന്‍ നോട്ടിസ് ബോര്‍ഡില്‍ പതിക്കുന്നത് സ്വകാര്യതയുടെ ലംഘനം: സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

പ്രതികളുടെ ഫോട്ടോയും പേരും പോലിസ് സ്‌റ്റേഷന്‍ നോട്ടിസ് ബോര്‍ഡില്‍ പതിക്കുന്നത് സ്വകാര്യതയുടെ ലംഘനം: സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി
X

അലഹബാദ്: കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ പേരും ഫോട്ടോയും നോട്ടിസ് ബോര്‍ഡില്‍ പതിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം പ്രവര്‍ത്തികള്‍ സ്വകാര്യത സൂക്ഷിക്കുന്നതിന് വ്യക്തികള്‍ക്ക് അവകാശം നല്‍കുന്ന ഭരണഘടനയുടെ അനുച്ഛേദം 21ന്റെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ സ്ഥിരം കുറ്റവാളികള്‍, ഒളിവില്‍ പോയവര്‍ എന്നിവര്‍ക്ക് ഈ നിയമം ബാധകമല്ലെന്നും കോടതി വിധിച്ചു.

ഇത്തരത്തില്‍ പേര് വിവരങ്ങള്‍ നോട്ടിസ് ബോര്‍ഡില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ എല്ലാം ഉടന്‍ നീക്കം ചെയ്യണമെന്ന് ജസ്റ്റിസ് വിവേക് അഗര്‍വാള്‍, പങ്കജ് നാഖ്‌വി എന്നിവര്‍ യുപി ഡിജിപിക്ക് നിര്‍ദേശം നല്‍കി. സാധാരണ ഓരോ സ്‌റ്റേഷനിലെയും കൂടുതല്‍ കേസുകളുള്ള ആദ്യത്തെ 10 പേരുടെ പേര് വിവരങ്ങളാണ് നോട്ടിസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നത്. ഈ വിധിയുടെ ബലത്തില്‍ കുപ്രസിദ്ധ, സ്ഥിരം കുറ്റവാളികള്‍ക്ക് ഇളവ് നല്‍കേണ്ടതില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

അലഹബാദ് മണ്ഡലത്തിലെ മുന്‍ എംപിയുടെയും മക്കളുടെയും പേരും ഫോട്ടോയും പ്രദേശത്തെ പോലിസ് സ്‌റ്റേഷനിലെ നോട്ടിസ് ബോര്‍ഡില്‍ കുപ്രസിദ്ധ പ്രതികളെന്നാരോപിച്ച് പ്രദര്‍ശിപ്പിച്ചതിനെതിരേ നല്‍കിയ കേസിലാണ് കോടതിയുടെ വിധി. രാഷ്ട്രീയപ്രതികാരമായാണ് തങ്ങളുടെ ചിത്രങ്ങള്‍ പതിച്ചതെന്ന് പരാതിക്കാര്‍ ആരോപിച്ചു.

തങ്ങള്‍ക്കെതിരേ ഒരു കേസ് മാത്രമാണ് ഉള്ളതെന്നും അതിന്റെ പേരിലാണ് സ്റ്റേഷനിലെ കുഴപ്പക്കാരായ പത്ത് പ്രതികളുടെ പട്ടികയില്‍ പെടുത്തി ഫോട്ടോ പ്രസിദ്ധപ്പെടുത്തിയതെന്നും പരാതിക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇത്തരത്തില്‍ ഫോട്ടോ പതിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും നിയമവ്യവസ്ഥയനുസരിച്ചല്ലെന്നും പരാതിക്കാര്‍ ബോധിപ്പിച്ചു. അന്തസ്സ് എല്ലാ വ്യക്തികളിലും അടങ്ങിയിരിക്കുന്നുവെന്നും ജാതി, മതം, സമ്പത്ത് എന്നിവയനുസരിച്ചല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ വ്യക്തിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ പോലിസ് ബാധ്യസ്ഥരാണ്- വിധിയില്‍ പറയുന്നു.

വിധിയുടെ സാഹചര്യത്തില്‍ ഉത്തര്‍പ്രേദശ് സര്‍ക്കാര്‍ ജൂലൈ 6, 2020ന് പുറത്തിറക്കിയ ഉത്തരവും കോടതി പരിശോധിച്ചു. പോലിസുകാരുടെ സൗകര്യാര്‍ത്ഥം പ്രധാന കുറ്റവാളികളുടെ നീക്കങ്ങള്‍ ശ്രദ്ധിക്കാന്‍ വേണ്ടി അവരുടെ ചിത്രങ്ങള്‍ നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് സര്‍ക്കുലറിലുള്ളത്.

ഇതുമായി ബന്ധപ്പെട്ട് കോടതി മൂന്ന് കാര്യങ്ങളാണ് പരിഗണനയ്‌ക്കെടുത്തത്.

1. സര്‍ക്കുലര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 21 ന്റെ ലംഘനമാണോ?

2. സര്‍ക്കുലര്‍ പോലിസിന് പ്രതികളടെ പേര് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താനുള്ള അധികാരം നല്‍കുന്നുണ്ടോ?

3. ഇങ്ങനെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണോ?

സര്‍ക്കുലര്‍ നിയമവിരുദ്ധമല്ലെന്നും എന്നാല്‍ ഈ ഉത്തരവ് ഉപയോഗപ്പെടുത്തി പ്രതി ചേര്‍ക്കുന്ന എല്ലാവരുടെയും പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it