Latest News

മഴക്കാലത്ത് റോഡില്‍ പ്രശ്‌നമുണ്ടോ ? 48 മണിക്കൂറില്‍ പരിഹാരം ഉറപ്പ്

മഴക്കാലത്ത് റോഡില്‍ പ്രശ്‌നമുണ്ടോ ? 48 മണിക്കൂറില്‍ പരിഹാരം ഉറപ്പ്
X

തിരുവനന്തപുരം: മഴക്കാലത്ത് സംസ്ഥാനത്തെ റോഡുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികളും ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്‌സുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 18004257771 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. കെഎസ്ടിപി ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം മുഖേനയാണു ടാസ്‌ക് ഫോഴ്‌സിന്റെ പ്രവര്‍ത്തനം.

മഴക്കാലത്തു ജനങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്കൊപ്പം നിന്നു പരിഹരിക്കാനുള്ള ഫീല്‍ഡ് തല പ്രവര്‍ത്തനമാണു ടാസ്‌ക് ഫോഴ്‌സിന്റെ ഉദ്ദേശമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്ന പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സിനെ അറിയിക്കും. സ്ഥിരമായ പ്രശ്‌നപരിഹാരം സാധ്യമല്ലെങ്കില്‍ താത്കാലിക പരിഹാരം ഉറപ്പാക്കും. 48 മണിക്കൂറില്‍ പ്രശ്‌ന പരിഹാരം ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്‌സിനു കഴിയുമെന്നു മന്ത്രി പറഞ്ഞു.

മഴക്കാലത്തെ നേരിടാന്‍കഴിയുംവിധം ബിഎം ആന്റ് ബിസി നിലവാരത്തിലുള്ള റോഡുകള്‍ നിര്‍മിക്കുന്ന നടപടികള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്തെ 50 ശതമാനം പിഡബ്ല്യുഡി റോഡുകള്‍ ബിഎം ആന്റ് ബിസി നിലവാരത്തില്‍ നിര്‍മിക്കുകയാണു ലക്ഷ്യം.

കഴിഞ്ഞ ഒരുവര്‍ഷംകൊണ്ട് 2000 കിലോമീറ്റര്‍ ബിഎം ആന്റ് ബിസി റോഡുകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ടിപി ഓഫിസില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് സെക്രട്ടറി അജിത് കുമാര്‍, കെആര്‍എഫ്ബി പിഎംയു പ്രൊജക്ട് ഡയറക്ടര്‍ ഡാര്‍ലിന്‍ കര്‍മലിറ്റ ഡിക്രൂസ്, റോഡ്‌സ് വിഭാഗം ചീഫ് എന്‍ജിനീയര്‍ അജിത്ത് രാമചന്ദ്രന്‍, കെഎസ്ടിപി ചീഫ് എന്‍ജീനീയര്‍ കെ എഫ് ലിസി തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it