Latest News

മന്ത്രി ബിന്ദുവിന് പ്രഫസര്‍ പദവി നല്‍കാനുള്ള നടപടി റദ്ദാക്കണം; സര്‍ക്കാര്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തുന്നുവെന്നും കെ സുധാകരന്‍

കാലിക്കറ്റ് സര്‍വകലാശാല വിരമിച്ച കോളജ് അധ്യാപകര്‍ക്ക് പ്രഫസര്‍ പദവി നല്‍കാന്‍ യുജിസി ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചത്, മന്ത്രിക്കെതിരായ കേസ് ദുര്‍ബലപ്പെടുത്താനാണ്

മന്ത്രി ബിന്ദുവിന് പ്രഫസര്‍ പദവി നല്‍കാനുള്ള നടപടി റദ്ദാക്കണം; സര്‍ക്കാര്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തുന്നുവെന്നും കെ സുധാകരന്‍
X

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് പ്രഫസര്‍ പദവി നല്‍കാന്‍ സര്‍ക്കാര്‍ വഴിവിട്ട ഇടപെടലുകള്‍ തടത്തുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മന്ത്രി ആര്‍ ബിന്ദുവിന് പ്രഫസര്‍ പദവി നല്‍കാന്‍ യുജിസി ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ച് കാലിക്കറ്റ് സര്‍വകലാശാല 2018നു ശേഷം വിരമിച്ചവര്‍ക്ക് പ്രഫസര്‍ഷിപ്പ് നല്‍കാനുള്ള നടപടി അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജില്‍ അധ്യാപികയായിരുന്ന മന്ത്രി ഡോ.ആര്‍ ബിന്ദു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വയം വിരമിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്തായിരുന്നു പ്രചാരണം നടത്തിയതും. ഈ സമയത്ത് ബാലറ്റ് പേപ്പറില്‍ പ്രഫസര്‍ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് യുഡിഎഫിലെ എതിര്‍ സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ആ കേസ് ദുര്‍ബലപ്പെടുത്താനാണ് കാലിക്കറ്റ് സര്‍വകലാശാല, വിരമിച്ച മന്ത്രി ഉള്‍പ്പടെയുള്ള കോളജ് അധ്യാപകര്‍ക്ക് പ്രഫസര്‍ പദവി നല്‍കാന്‍ യുജിസി ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചതെന്നും കെ സുധാകരന്‍ ആരോപിച്ചു.

മന്ത്രിക്ക് വേണ്ടി ഇത്തരത്തില്‍ ഒരു നീക്കം നടക്കുമ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് പുറമെ മറ്റു സര്‍വകലാശാലകളിലും 2018നുശേഷം വിരമിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ഇതനുസരിച്ച് 200 ഓളം അധ്യാപകര്‍ക്ക് 5 ലക്ഷം രൂപ വച്ച് ശമ്പളകുടിശിക നല്‍കുമ്പോള്‍ സര്‍ക്കാരിന് 10 കോടിയുടെ ബാധ്യത ഉണ്ടാകും. കൊവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത് തികച്ചും അധാര്‍മികവും നിയമവിരുദ്ധവുമാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മന്ത്രിയുടെ അറിവോടെയാണ് കാലിക്കറ്റ് സര്‍വകലാശാല സര്‍ക്കാരിന്റെയും യുജിസിയുടെയും ഉത്തരവ് മറികടന്നതെങ്കില്‍ മന്ത്രി ഡോ. ആര്‍ ബിന്ദുവിന് ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അസോസിയേറ്റ് പ്രഫസറാക്കാന്‍ മുന്‍കയ്യെടുത്തതിന് പാരിതോഷികമായി കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് ചട്ടവിരുദ്ധമായി പുനര്‍നിയമനം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ കത്തെഴുതിയ മന്ത്രി, തനിക്ക് പ്രഫസര്‍ പദവി ലഭിക്കാന്‍ ഏത് ചട്ടവും ലംഘിക്കുമെന്ന് ഉറപ്പാണെന്നും കെ സുധാകരന്‍ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it