Latest News

പി സി ജോര്‍ജ്ജിനെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണം; സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട് പ്രമുഖര്‍

പി സി ജോര്‍ജ്ജിനെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണം; സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട് പ്രമുഖര്‍
X

കൊച്ചി: വര്‍ഗീയ പരാമര്‍ശം നടത്തിയ പി സി ജോര്‍ജ്ജിനെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. കേരളത്തില്‍ എല്ലാ മനുഷ്യരേയും കാര്‍ന്ന് തിന്നുന്ന മയക്കുമരുന്നിനെതിരെ ഭിന്നതകള്‍ എല്ലാം മറന്ന് ജനങ്ങള്‍ ഒന്നിക്കുന്ന കാഴ്ചയാണ് നാം ഏവരും കാണുന്നതെന്നും എന്നാല്‍ അതില്‍ പോലും വര്‍ഗീയ വിഷം കലര്‍ത്തി നുണ പ്രചരിപ്പിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ വീണ്ടും ശ്രമിക്കുകയാണ് ബി ജെ പി നേതാവ് പിസി ജോര്‍ജ്ജെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

മുസ് ലിംങ്ങളുടെ പരിശുദ്ധ റമദാന്‍ മാസത്തില്‍ മനപ്പൂര്‍വ്വം വര്‍ഗീയ ലഹള സൃഷ്ടിക്കാന്‍ വേണ്ടി യാതൊരു വിധത്തിലുo അടിസ്ഥാനമില്ലാത്ത ലൗ ജിഹാദ് നുണ വീണ്ടും പ്രചരിപ്പിക്കുകയാണ് പി സി ജോര്‍ജ്ജ് . 'മീനച്ചില്‍ താലൂക്കില്‍ 400 പെണ്‍കുട്ടികള്‍ ലൗജിഹാദിന് ഇരയായെന്നും 41 പേരെ മാത്രം വീണ്ടെടുത്തു 'എന്നുമുള്ള പി സി ജോര്‍ജ്ജിന്റെ നുണ പ്രസ്താവന കേരള സമൂഹത്തില്‍ ഭിന്നതയും വര്‍ഗീയ കലഹവും ഉണ്ടാക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. റമദാന്‍ മാസത്തില്‍ ഉത്തരേന്ത്യയില്‍ വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കുന്നത് സംഘപരിവാറിന്റെ സ്ഥിരം രീതിയാണ്. എന്നാല്‍ കേരളം ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു നാടാണ് എന്നതുകൊണ്ട് മാത്രം ഇവിടെ ഇത്തരം നുണകള്‍ പ്രചരിപ്പിച്ചുകൊണ്ട് പി സി ജോര്‍ജ് വര്‍ഗീയ ലഹളയ്ക്കുള്ള അടിത്തറ പാകുകയാണ്.

നിരന്തരം മുസ്ലിങ്ങള്‍ക്കെതിരെ ഭീകരമായ വര്‍ഗീയ വിഷം പുരട്ടിയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി സി ജോര്‍ജ്ജ് കേരളീയ സമൂഹത്തിലെ സ്ഥിരം വിദ്വേഷ പ്രചാരകനും വര്‍ഗീയ ലഹളയുടെ ആസൂത്രകനുമാണ്. കേരള സമൂഹത്തെ നിരന്തരം വസ്തുതാ വിരുദ്ധമായ വിദ്വേഷ പ്രസ്താവനകള്‍ കൊണ്ട് മലീമസമാക്കുന്ന പി സി ജോര്‍ജ്ജിനെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകേണ്ട അടിയന്തിര സന്ദര്‍ഭമാണിതെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

കെ അജിത ,സണ്ണി എം കപിക്കാട് ,ഏലിയാമ്മ വിജയന്‍ ,ഡോ രേഖ രാജ് ,കാസിം ഇരിക്കൂര്‍ ,ഡോ ടി എസ് ശ്യാം കുമാര്‍ ,അശോകന്‍ ചരുവില്‍ ,ഡോ സോണിയ ജോര്‍ജ്ജ് ,കെ എ ബീന ,ഡോ മാളവിക ബിന്നി ,കെ ജെ ജേക്കബ് ,സുജ സൂസന്‍ ജോര്‍ജ്ജ് ,ഡോ വിനീത വിജയന്‍ ,അഡ്വ പി എം ആതിര ,ജി പി രാമചന്ദ്രന്‍ ,ശീതള്‍ ശ്യാം ,എം ഗീതാനന്ദന്‍ തുടങ്ങിയ 66 ഓളം വരുന്ന പ്രമുഖരാണ് പ്രസ്താവനയില്‍ ഒപ്പു വച്ചത്.

Next Story

RELATED STORIES

Share it