Latest News

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കെ റെയിലിനെതിരേ പ്രതിഷേധം; ധര്‍മടത്ത് കല്ലുകള്‍ പിഴുതുമാറ്റി

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും കെ റെയിലിനെതിരേ പ്രതിഷേധം; ധര്‍മടത്ത് കല്ലുകള്‍ പിഴുതുമാറ്റി
X

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മടത്തും കെ റെയില്‍ കല്ലിടലിനെതിരേ ശക്തമായ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരാണ് ഉദ്യോഗസ്ഥരെയും പോലിസിനെയും തടയാനെത്തിയത്. മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ ഭൂവുടമകള്‍ തടഞ്ഞു. പോലിസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. കെ റയില്‍ കുറ്റി ഭൂ ഉടമകള്‍ പിഴുതു മാറ്റുകയും ചെയ്തു. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ മുല്ലപ്പുറത്ത് കല്ലിടല്‍ ആരംഭിച്ചതിന് പിന്നാലെയാണ് ശക്തമായ പ്രതിഷേധവുവായി ഭൂഉടമകള്‍ രംഗത്തെത്തിയത്.

കല്ലിടല്‍ തടഞ്ഞ സ്ത്രീകള്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തുനീക്കാനുള്ള ശ്രമം നാട്ടുകാരും സമരസമിതി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. ഇന്ന് കല്ലിടാനെത്തിയ ധര്‍മടം പഞ്ചായത്തിലെ ഒരിടത്ത് മാത്രമാണ് പ്രതിഷേധമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കാനായത്. മറ്റ് എല്ലായിടത്തും ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതുമാറ്റി. വന്‍ പോലിസ് സംഘത്തിന്റെ അകമ്പടിയോടെയാണ് ഉദ്യോഗസ്ഥര്‍ കല്ലിടലിനെത്തിയത്.

പ്രതിഷേധിച്ചവരില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്‌തെങ്കിലും ഒരാളെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. അതിനിടെ ഭൂ ഉടമയായ സ്ത്രീ സ്ഥലത്ത് കുഴഞ്ഞുവീണു. പിന്നാലെ കെ റെയില്‍ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍, പ്രതിഷേധം അവഗണിച്ചും പോലിസ് കാവലില്‍ കല്ലിടല്‍ തുടരുകയാണ്. വരും ദിവസങ്ങളിലും പ്രദേശത്ത് കല്ലിടല്‍ തടയുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിരുന്നു.

Next Story

RELATED STORIES

Share it